Monday
18 Feb 2019

വന്‍കിടക്കാരുടെ വായ്പാ കുടിശിക; പ്രധാനമന്ത്രി വിശദീകരിക്കണം: സിപിഐ

By: Web Desk | Wednesday 12 September 2018 9:57 PM IST

ന്യൂഡല്‍ഹി: വായ്പാ കുടിശിക വരുത്തിയ വന്‍കിടക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി വിശദീകരിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍ വായ്പയെടുത്ത് കുടിശിക വരുത്തിയ വന്‍കിടക്കാരെ സംരക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടലുണ്ടാക്കുന്നതാണ്.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിട്ടാക്കടങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കുടിശിക വരുത്തിയ വന്‍കിടക്കാരുടെ പേരുകളടങ്ങിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസില്‍ കിടക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തട്ടിപ്പുകള്‍ കണ്ടെത്തി പെട്ടെന്നു തന്നെ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കുന്നതിനും റിസര്‍വ് ബാങ്ക് ഒരു മേല്‍നോട്ട സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതുസംബന്ധിച്ച ഒരു പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരുന്നുവെന്നും ഒന്നോ രണ്ടോ പേര്‍ക്കെതിരെയെങ്കിലും ഉടന്‍ നടപടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടതായി രഘുറാം രാജന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴുണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ആരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടികള്‍ ഉണ്ടാകാതിരുന്നതെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര ശര്‍മയും ധനവകുപ്പ് സെക്രട്ടറി ഹാശ്മുഖ് ആദിയയും വിശദീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.