Web Desk

ന്യൂഡൽഹി

December 04, 2020, 9:38 pm

ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് തസ്തിക സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം

Janayugom Online
ലെഫ്റ്റനന്റ് ജനറൽ പരംജിത് സിങ്

സൈനിക നടപടികളുടെയും തന്ത്രപരമായ ആസൂത്രണങ്ങളുടെയും മേൽനോട്ടത്തിനായി ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) എന്ന പേരിൽ പുതിയ തസ്തിക സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം. സൈനിക ആസ്ഥാനത്ത് നടത്തുന്ന വൻ പരിഷ്കാരങ്ങളുടെ ഭാഗമാണ് തസ്തിക സൃഷ്ടിക്കൽ എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കരസേനയുടെ മൂന്നാമത്തെ ഡെപ്യൂട്ടി ചീഫ് പദവി ആയിരിക്കും ഇത്. നിലവിൽ സൈനിക നടപടികളുടെ ഡയറക്ടർ ജനറലായി (ഡിഎംജിഒ) സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ജനറൽ പരംജിത് സിങ് പുതിയ സ്ഥാനം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017 ൽ ഡോക്ക്‌ലാമിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിനിടെ ഉയർന്ന അനിവാര്യത കണക്കിലെടുത്ത് സേനയുടെ പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക, ബജറ്റ് ചെലവ് പ്രായോഗികമായി ക്രമീകരിക്കുക , നവീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2018 ജൂണിൽ കരസേന ആസ്ഥാനം നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് പുതിയ തസ്തിക സൃഷ്ടിക്കാൻ ശുപാർശ ചെയ്തിരിക്കുന്നതെന്ന് പിടിഐയും റിപ്പോർട്ട് ചെയ്തു. ഇൻഫർമേഷൻ വാർഫയർ ഡയറക്ടർ ജനറലിന്റെ മറ്റൊരു പുതിയ തസ്തിക കൂടി സൃഷ്ടിക്കുന്നതിനുള്ള ഔദ്യോഗിക നടപടികളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം സൈനിക ആസ്ഥാനത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നെങ്കിലും, ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനും ഔപചാരികതകൾ പൂർത്തിയാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത് ഇപ്പോഴാണ്.

Eng­lish summary:Deputy cheif of Army staff

You may also like this video: