ഗുർമീത് ടോയ്‌ലെറ്റ് ദിനാഘോഷത്തിൽ പങ്കാളിയാകണമെന്ന് യു എൻ

Web Desk
Posted on October 04, 2017, 4:03 pm

യു എൻ അറിഞ്ഞില്ല ഗുർമീതും ദത്തുപുത്രിയും ഉള്ളിലാണെന്ന്

വിവാദ ആൾദൈവം ഗുർമീത് റാം റഹീമിനോടും ദത്തുപുത്രി ഹണി പ്രീതിനോടും ‘ലോക ടോയ്‌ലെറ്റ് ഡേ’ ദിനാഘോഷങ്ങളിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത് യു എൻ ട്വിറ്റ്. എല്ലാവർഷവും നവംബർ 19 ന് യു എന്നിന്റെ ആഭിമുഖ്യത്തിലാണ് ലോക ടോയ്‌ലെറ്റ് ദിനാഘോഷം.

ഇന്ത്യയിൽ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ആൾദൈവമായ ഗുർമീത് മാനഭംഗ കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലഴിക്കുള്ളിലാണ്. ഗുർമീത് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്നുണ്ടായ കലാപങ്ങൾ ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വിശദമായിതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കലാപത്തിന് പ്രേരണയും നേതൃത്വവും നൽകിയെന്ന പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഗുർമീതിന്റെ ദത്തുമകൾ ഹണി പ്രീത് ഒളിവിൽ പോയിരുന്നതും റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും യു എൻ ഇതൊന്നും അറിഞ്ഞില്ല എന്നത് അതിശയകരമാണ്.  ഗുർമീതിനെയും മകളെയും ലോക ടോയ്‌ലെറ്റ് ദിനത്തിൽ പങ്കാളികളാകാൻ ക്ഷണിച്ചുകൊണ്ടുള്ള ട്വിറ്റിൽ അനൗചിത്യമാണ്‌ പ്രകടമാകുന്നത്.

ലോകത്തെ ഗൗരവമേറിയ രാഷ്ട്രീയ — സാമ്പത്തിക- സാമൂഹിക‑സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുന്ന യു എൻ ഇന്ത്യയുടെ ക്രമാസമാധാനത്തെ പിടിച്ചുലച്ച സംഭവങ്ങളെ കുറിച്ച് അജ്ഞരാണെന്ന് കരുതാനാവില്ല. ഇതിനിടെ യു എൻ ട്വിറ്റർ അക്കൗണ്ട് ഹാക്ക്‌ചെയ്തതതാണോ തെറ്റുപറ്റിയതാണോ എന്നും സംശയിക്കുന്നുണ്ട്‌.

2003 ലാണ് ലോക ടോയ്‌ലെറ്റ് ഡേ ആചരിക്കുവാൻ തുടങ്ങുന്നത്. പൊതു ശുചിത്വം ഊട്ടിഉറപ്പിക്കുക എന്ന ലക്ഷ്യംവച്ചാണ് ദിനാചരണം വർഷം തോറും സംഘടിപ്പിക്കുന്നത്‌. ആഗോള തലത്തിൽ തന്നെ 450 കോടി ജനങ്ങൾ ടോയ്‌ലെറ്റ് ഇല്ലാത്തവരാണ്. ഈയൊരു അവസ്ഥക്ക് അറുതിയിടുകയെന്ന യത്നത്തിലൂന്നിയാണ് ലോക ടോയ്‌ലെറ്റ് ഡേ ആചരിക്കുന്നത്‌.