Janayugom Online
ramachi- vinoy thomas

ദേശം, എഴുത്ത്, സ്വാതന്ത്ര്യം

Web Desk
Posted on August 12, 2018, 8:25 am

മലയാള കഥാസാഹിത്യത്തില്‍ അധികമാരും രേഖപ്പെടുത്താത്ത മലയോര കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തില്‍, അധികാരത്തിനും ഉടമസ്ഥതയ്ക്കും പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുന്ന കഥാകാരനാണ് വിനോയ് തോമസ്. പ്രകൃതിയുടെയും കൃഷിയുടെയും പരിസ്ഥിതിയുടെയും സൗന്ദര്യവും ആകുലതകളും അദ്ദേഹത്തിന്റെ കഥകളില്‍ അടരടരുകളായി കൊത്തിവച്ചിരിക്കുന്നത് കാണാം. ആറളം എന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് പൂലോകം മുടിച്ചിയെ പോലെ പടര്‍ന്നു വളരുന്നു ആ കഥകള്‍. വൈവിധ്യമാര്‍ന്ന സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും സൂക്ഷ്മഭാവങ്ങളൊപ്പുന്ന ജൈവിക കലവറ വായനക്കാര്‍ക്കു തുറന്നു കിട്ടുന്നു. ‘രാമച്ചി’ എന്ന കഥാസമാഹാരവും ‘കരിക്കോട്ടക്കരി’ എന്ന നോവലും തനതായ ആഖ്യാനശൈലിയും മലയാളത്തിനു സമ്മാനിച്ച എഴുത്തുകാരനുമായി അല്പനേരം…

ദീപ നാപ്പള്ളി
ച്ച ‘പഴയ സാഹിത്യത്തിന്റെ അനുകരണമല്ല സാധാരണ ജീവിതത്തിന്റെ അനുകരണമാണ് സാഹിത്യം’ എന്ന ജോണ്‍സന്റെ അഭിപ്രായം താങ്കളുടെ കഥകളെ സംബന്ധിച്ച് പറഞ്ഞാല്‍ ?
കഥകളെ വിശകലനം ചെയ്ത് താത്ത്വികമായി പറയാനൊന്നും എനിക്കറിയില്ല. എനിക്കു തോന്നുന്നത് എന്റെ കഥകളുണ്ടാകുന്നത് വായനയുടെ സ്വാധീനം കൊണ്ടുതന്നെയാണ്. നമുക്ക് മുന്‍പേ എഴുതിയവര്‍ അവരുടെ ജീവിതത്തെ, അവര്‍ കണ്ട ജീവിതങ്ങളെ ആവിഷ്‌കരിക്കുകയായിരുന്നല്ലോ. അവര്‍ക്ക് പറയാനുള്ളത് അവര്‍ പറഞ്ഞു. അതല്ല നമ്മള്‍ പറയേണ്ടത് എന്ന തിരിച്ചറിവായിരിക്കണം എഴുത്തില്‍ രസംകണ്ടെത്താന്‍ എന്നെ സഹായിച്ചത്. അപ്പോള്‍ ഞാന്‍ ചുറ്റും നോക്കാന്‍ തുടങ്ങി. വായിച്ച കൃതികളിലൊന്നും കാണാത്തവരും എന്നാല്‍ കഥാപാത്രമാകാന്‍ യോഗ്യതയുള്ളവരുമായി അനേകമാളുകളെ എന്റെ പരിസരത്തു കണ്ടു. അവരെയൊക്കെ കൂട്ടിവെച്ച് കഥയുണ്ടാക്കുകയാണ് ചെയ്തതെന്ന് വേണമെങ്കില്‍ പറയാം
കഥാപാത്രങ്ങളെ വിവരിച്ചതുകൊണ്ടു കഥയാകുന്നില്ല. അതെങ്ങനെ വേണമെന്ന് ഞാന്‍ മനസ്സിലാക്കുന്നത് എന്റെ ഇത്രയും വര്‍ഷത്തെ വായനയില്‍ നിന്നുതന്നെയാണ്. മുതിര്‍ന്ന എഴുത്തുകാര്‍ ചെയ്തതുപോലെയോ അല്ലെങ്കില്‍ അവരങ്ങനെ ചെയ്തു, അതുകൊണ്ട് പുതിയ രീതി പരീക്ഷിക്കാം എന്ന ചിന്തയിലോ ഒക്കെയാണ് ഓരോ കഥകളും എഴുതാറുള്ളത്, മൊത്തത്തില്‍ പറഞ്ഞാല്‍ നമ്മുടെ സാഹിത്യവും ഞാന്‍ കാണുന്ന ജീവിതവും എഴുത്തിന് സഹായിക്കുന്നു എന്നു വേണം പറയാന്‍..

 കുടിയേറ്റക്കാരുടെ ജീവിതം — അതും ആറളം എന്ന പ്രാദേശിക ഭൂമിക — കഥകളില്‍ നിറയാന്‍ കാരണം.
എന്റെ എല്ലാ കഥകളും കുടിയേറ്റക്കാരുടെ ജീവിതമല്ല. ആദ്യമെഴുതിയ കഥ മൂര്‍ഖന്‍ പറമ്പാണ്. അതില്‍ മട്ടന്നൂര്‍ ഭാഗത്തുള്ള തദ്ദേശിയരുടെ ജീവിതമാണ്. അരി, രാമച്ചി, ആനന്ദബ്രാന്റന്‍ എന്നിവയെല്ലാം കുടിയേറ്റക്കാരല്ലാത്തവരുടെ ജീവിതത്തെ പറയുന്നതാണ്.പിന്നെ ഭൂമികയെപ്പറ്റി പറയുമ്പോള്‍ മലയോര കുടിയേറ്റ മേഖലയാണ് പൊതുവെ എന്റെ കഥാപാത്രങ്ങളുടെ പശ്ചാത്തലമായി വരുന്നത്. ഒന്നാമത്തെ കാരണം ഞാന്‍ ഈ പ്രദേശത്ത് ജനിച്ചു വളര്‍ന്നയാളാണ് എന്നതുതന്നെ. മറ്റൊന്ന് എന്റെ പരിസരത്തുള്ള ജീവിതങ്ങള്‍ക്ക് അതിന്റെതായ സവിശേഷതകളുണ്ടാകുമല്ലോ. മലയാള സാഹിത്യത്തില്‍ അത്അത്ര അധികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതുകൊണ്ടും ഈ പ്രദേശം പശ്ചാത്തലമാക്കി എഴുതിനോക്കി.
രാമച്ചി എന്ന ഒറ്റ കഥയില്‍ മാത്രമാണ് ആറളം വരുന്നത്. അവിടെ ജോലി ചെയ്തപ്പോള്‍ അനുഭവിച്ച കാര്യങ്ങളാണ് ആ കഥയുടെ ഉള്ളിലുള്ളത്. ആറളം വന്യജീവിസങ്കേതം, അവിടുത്തെ തദ്ദേശീയമായ സസ്യങ്ങള്‍, ജീവികള്‍, മനുഷ്യര്‍ അവരെയെല്ലാം ചേര്‍ത്ത് ഒരു പ്രണയകഥ പറയുക എന്നതിനാണ് രാമച്ചയിലൂടെ ശ്രമിച്ചത്.

‘ആനന്ദബ്രാന്റണ്‍,’ ‘മിക്കാനിയ മൈക്രാന്ത’ എന്നിവയുടെ കഥാപരിസരം വിദേശത്തേക്ക് പറിച്ചുനട്ടതിനു പിന്നില്‍ ?
ഈ രണ്ടുകഥകളും കേരളത്തില്‍ തുടങ്ങി അന്യദേശങ്ങളിലേക്കു വികസിക്കുന്ന കഥാപരിസരം ഉള്ളവയാണ്. ലളിതമായി പറഞ്ഞാല്‍ വലിയൊരു വിഭാഗം കേരളീയരുടെ ജീവിതം അങ്ങനെതന്നെയാണല്ലോ. അതുകൊണ്ട് കഥയിലും അങ്ങനെ തന്നെ വന്നു എന്നു പറയാം. ‘മിക്കാനിയ മൈക്രാന്ത’യില്‍ കേരളത്തിലെ മലയാര കര്‍ഷകരുടെ ജീവിതത്തെ സമഗ്രമായി ഒന്നു നോക്കി കാണാനാണ് ശ്രമിച്ചത്. ഞാനൊക്കെ ഉണ്ടാകുന്നതിന് മുമ്പ് വാഴ, കപ്പ, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍, തന്നാണ്ടു വിളകള്‍ ഒക്കെയാണ് ഇവിടെ കൃഷിചെയ്തിരുന്നത്. എന്റെയൊക്കെ ചെറുപ്പമായപ്പോഴേയ്ക്കും റബ്ബര്‍, കശുമാവ് തുടങ്ങിയ നാണ്യവിളകളുടെ കൃഷിക്കായി പ്രാധാന്യം. എന്നാല്‍ ഇപ്പോള്‍ ഭൂമി വലിയ ബാധ്യതയായിട്ടാണ് ആളുകള്‍ കാണുന്നത്. കുറച്ചധികം ഭൂമിയുള്ള വീട്ടിലെ ചെറുപ്പക്കാര്‍ക്ക് പെണ്ണുകിട്ടാത്ത അവസ്ഥയുണ്ട്. വിദേശങ്ങളില്‍ ജോലിക്കുപോയവരുടെ വീട്ടിലുണ്ടായവലിയ സാമ്പത്തിക മുന്നേറ്റമാണ് അതിന്റെ ഒരു കാരണം. വിദേശങ്ങളിലെ ഉപഭോഗവസ്തുക്കള്‍ സുലഭമായി അവര്‍ ഉപയോഗിക്കുന്നു. കൃഷിക്കാരായി ഇവിടെ അധ്വാനിക്കുന്നവര്‍ക്ക് അത് സാധ്യമല്ല. സ്വാഭാവികമായും അവര്‍ കൃഷിയെ ഉപേക്ഷിക്കുന്നു. കല്യാണത്തിന്റെ കാര്യത്തില്‍ ചെറുക്കന്റെ ബന്ധുബലവും വീട്ടുകാരുമൊക്കെയുള്ളത് ഒരു അധികയോഗ്യതയായിരുന്നു. ഇന്ന് വീട്ടില്‍ ഒരു അപ്പനും അമ്മയുമുണ്ട് അവരുടെ കൂടെ നില്ക്കണം എന്നുവന്നാല്‍ അത് ഏറ്റവും വലിയ അയോഗ്യതയായി മാറുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്രായേലിക്കാണ് പോകുന്നത്. ബൈബിളില്‍ ഇസ്രായേല്‍ തേനും പാലും ഒഴുകുന്ന വാഗ്ദത്തഭൂമിയാണ്. ഇവിടെ നിന്നും ഇസ്രായേലിലേക്ക് പോകുന്നവര് അവിടുത്തെ കാര്‍ണോന്‍മാരെ നോക്കുന്ന ജോലിയാണ് ഏറ്റവുമധികം ചെയ്യുന്നത്. ഇവിടുത്തെ കാര്‍ണോന്‍മാരെ ആരു നോക്കും ? ആനന്ദബ്രാന്റണ്‍ മറ്റൊരുതരം കഥയാണ്. മനുഷ്യന് ആനന്ദം വളരെ പ്രധാനപ്പെട്ടതാണ്. നിജേഷെന്ന കഥാപാത്രം ആനന്ദത്തിന്റെ വ്യത്യസ്ത സാധ്യതള്‍ അന്വേഷിക്കുന്നു. അതിനുവേണ്ടി ലോകത്ത് എവിടേയ്ക്കും പോകാന്‍ അയാള്‍ തയ്യാറാണ്. ഒരു തരത്തിലുള്ള സദാചാരബാധ്യതയും അയാളെ അലട്ടുന്നില്ല. ആനന്ദമാണ് പ്രധാനം. വടക്കെമലബാറിലുള്ള ശാലിയതെരുവുകളിലെ ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ഒരു ആചാരമാണ് ചാലിയപൊറാട്ട്. അവിടെ നമ്മുടെ സദാചാരസങ്കല്പങ്ങളെയെല്ലാം കുത്തിപ്പൊട്ടിച്ചുകളയുന്ന അതിശയകരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഈ കോലാഹലമുണ്ടാക്കുന്ന സദാചാരസംരക്ഷകരെല്ലാം അതൊന്ന് പോയികാണുന്നത് നല്ലതാണ്.നമ്മുടെ പ്രാചീന സമൂഹം ഏതു രീതിയിലുള്ള ആഘോഷങ്ങളിലൂടെയാണ് സാമൂഹ്യ വിമര്‍ശനം നടത്തിയരുന്നതെന്ന് അത്തരം ആചാരങ്ങള്‍ നമുക്ക് ബോധ്യമാക്കിതരും. അവിടെ എല്ലാ ദൈവികമായ പവിത്രതകളെയും പൊട്ടിച്ചുകളയുന്നുണ്ട്. ഇത് രൂപപ്പെട്ടത് ബ്രാഹ്മണ്യത്തിന്റെ വലിയ സ്വാധീനമുണ്ടായിരുന്ന പയ്യന്നൂരാണ്. അതില്‍ എല്ലാ മതവിഭാഗങ്ങളെയും കളിയാക്കുന്നുണ്ട്. പള്ളീലച്ഛന്‍മാരും മുസ്ലീം മതപരിഷ്‌കാരികളും എല്ലാം കാരിക്കേച്ചറായി അവതരിപ്പിക്കപ്പെട്ട് അവിടെ പരിഹസിക്കപ്പെടുന്നു. വിശുദ്ധമായ ആചാരങ്ങളെ രതിവൈകൃതങ്ങളായി ചിത്രീകരിക്കുന്നുണ്ട്. പൊതു സമൂഹത്തിന്റെ മുന്‍പിലാണത്. വളരെ ആരോഗ്യകരമായ ചിന്ത പുലര്‍ത്തുന്ന ഒരു സമൂഹത്തിനുമാത്രമേ ഇത്തരം ആചാരങ്ങളെ സൃഷ്ടിക്കാനാവൂ. പ്രാചീനകേരളത്തിലുണ്ടായിരുന്ന ആ സ്വാതന്ത്ര്യം പോലും നമുക്കു കിട്ടുന്നില്ല. എന്നുവന്നാല്‍ എന്തുചെയ്യും. എന്റെ നാട്ടിലുള്ള കൊട്ടിയൂരുത്സവം, എന്റെ ചെറുപ്പത്തിലൊക്കെ പരസ്യമായി തെറിപ്പാട്ടുകള്‍ പാടിപോകുന്ന ഇളനീര്‍കാവ് സംഘങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നും ആര്‍ക്കും ഒരു പ്രശ്‌നമേ അല്ലായിരുന്നു. അന്നുള്ളവര്‍ക്കറിയാം അത് സംതുലിതമായ ഒരു സമൂഹത്തിന്റെ നിലനില്പിന് ആവശ്യമാണ് എന്ന്. ലോകത്തില്‍ എല്ലാ നാട്ടിലും ഇത്തരത്തിലുള്ള ആചാരങ്ങളുണ്ട്. അതൊക്കെ വൈകല്യങ്ങളായി പരിഗണിച്ചാല്‍ ആനന്ദരഹിതമായ ഒരു സമൂഹമായി നാം മാറും.ഇത്തരത്തില്‍ മനുഷ്യന്റെ ആനന്ദത്തിന് പരമപ്രാധാന്യം കൊടുത്തിരിക്കുന്നത്. എല്ലാത്തരം ആചാരരീതികളെയും സമചിത്തതയോടെ അംഗീകരിച്ചിരിക്കുന്നത്. സഹിഷ്ണുത ഉണ്ടായിരുന്നത് ഹിന്ദുമതത്തിനാണ്. ലോകത്ത് കര്‍ശനമായ നിയമവ്യവസ്ഥകളില്ലാത്ത ആ മതം വലിയൊരു ജനവിഭാഗത്തിന്റെ മതമായി നിലനില്ക്കുന്നുണ്ട്. ഇന്ന് ഒരു വിഭാഗം പൊക്കി പിടിക്കുന്ന സദാചാരവൈകല്യങ്ങള്‍ പാശ്ചാത്യമതങ്ങളുടെതാണ്. അത് ഭാരതീയ പാരമ്പര്യത്തിന്റെതല്ല എന്നു മനസ്സിലാക്കാനുള്ള ബോധമെങ്കിലും നമുക്കുണ്ടാകണം. പാശ്ചാത്യഭരണം നമ്മളില്‍ ഉണ്ടാക്കിയ സദാചാര സമ്മര്‍ദ്ദങ്ങളും ഭാരതീയമായ ആചാരങ്ങളും കൂടി കൂടികുഴഞ്ഞ് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലാണ് നമ്മളുള്ളത്. ഇത് മനുഷ്യന്റെ ആനന്ദത്തെ ഇല്ലാതാക്കുന്നു. മറ്റുള്ളവരുടെ ആനന്ദത്തെ ഹനിക്കാത്ത ഓരോരുത്തര്‍ക്കും ആനന്ദത്തിനുതകുന്നതെന്താണോ അത് അവന്റെ മതമായി പാലിക്കാനുള്ള സ്വാതന്ത്ര്യം വേണം. പഴയ ഭാരതീയസാമൂഹ്യ ജീവിതം ഇതു കൊടുത്തിരിക്കുന്നു.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘രാമച്ചി’ എന്ന കഥയിലെ പാരിസ്ഥിതിക വീക്ഷണം ഒന്നു വിശദമാക്കാമോ ?
ഞാന്‍ നേരത്തെ പറഞ്ഞല്ലോ രാമച്ചി ഒരു പ്രണയകഥയാണ്. പുറമെനിന്നും നോക്കുന്ന വരുടെ ഒരു ധാരണ ആദിവാസി സമൂഹം കഷ്ടപ്പാടും ദുരിതവും മാത്രംഅനുഭവിക്കുന്നവരാണ് എന്നതാണ്. ഞാന്‍ പരിചയപ്പെട്ടിടത്തോളം ജീവിതാനന്ദത്തിന്റെ കാര്യത്തില്‍ നാഗരികരേക്കാള്‍ എത്രയോ മുകളിലാണവര്‍. എന്റെ ഒരു സുഹൃത്ത് പറഞ്ഞു ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലേ സാമൂഹ്യമായി പണിയ സമൂഹത്തിനൊപ്പമെത്താന്‍ മറ്റു സമൂഹങ്ങള്‍ക്കു സാധിക്കൂ എന്ന്. ഞാനാലോചിക്കുമ്പോള്‍ വളരെ ശരിയാണത്. ഇപ്പോഴത്തെ പട്ടണവാസി കളായ പണിയരല്ല, പഴയ പണിയസമൂഹം പല കാര്യങ്ങളിലും പാശ്ചാത്യ സമൂഹ ത്തോടൊപ്പമാണ്. സദാചാരം, ആരോഗ്യനിലവാരം, മനുഷ്യാവകാശങ്ങള്‍, മതം, ജീവിത രീതി എന്നിവയെല്ലാം ഇന്ന് ഏറ്റവും വികസിതമായ പാശ്ചാത്യരാജ്യങ്ങളിലുള്ളവരുടെ അവസ്ഥയിലായിരുന്നു അവര്‍. വീടിനു പുറത്തുപോയി പുഴത്തീരത്തോ മറ്റോ കൂടാരം കെട്ടി ഒരു ഔട്ടിംങ്ങ് നടത്തുന്നവര്‍ കേരളത്തില്‍ എത്ര പേരുണ്ട് ? അതൊക്കെ പാശ്ചാത്യ രുടെ രീതികളാണ് നമ്മുടെ മുമ്പില്‍. പക്ഷെ പണിയ സമുദായം അവസരം കിട്ടുമ്പോഴെല്ലാം അതു ചെയ്യുന്നു. ആരാണ് പരിഷ്‌കൃതര്‍ ?
ആ പണിയ ജീവിതത്തിലെ ആനന്ദങ്ങളെ അടുത്തുകണ്ട് ചിത്രീകരിക്കാനാണ് രാമച്ചിയില്‍ ശ്രമിച്ചത്. ആ ആനന്ദങ്ങളുടെ ഭാഗമാണ് മരങ്ങള്‍, വന്യജീവികള്‍, ചെറുസസ്യങ്ങള്‍, മീനുകള്‍ പുഴ എന്നിവയെല്ലാം. അതെല്ലാം കഥയില്‍ വന്നു എന്നേ ഉള്ളൂ.

 ആഖ്യാനത്തിലെ അസൂയാവഹമായ സമൃദ്ധിയെക്കുറിച്ച് ? വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍, അവരുടെ ജീവിതത്തിലെ സൂക്ഷ്മാംശങ്ങള്‍ എന്നിവയെക്കുറിച്ച്?
ഞാന്‍ ഒരു കഥയെഴുതുമ്പോള്‍ അതില്‍ ഒരു ജീവിത സംസ്‌കാരം കൂടി കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ആ കഥയിലെ കഥാപാത്രങ്ങളുടെ വേരുകള്‍ സംസ്‌കാരങ്ങളിലാണല്ലോ ഉള്ളത്. കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ പതിപ്പിക്കാനുള്ള ശ്രമമാണ് അവരുടെ സാംസ്‌കാരിക പരിശ്രമത്തിന്റെ വിശദീകരണത്തിലൂടെ നടത്തുന്നത്. ചീട്ടുകളിക്കാരനായിരുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ചീട്ടുകളിയുടെ പ്രാഥമിക കാര്യങ്ങളെങ്കിലും കഥയില്‍ കൊണ്ടുവരേണ്ടി വരും. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെടും , കുറെ പേര്‍ക്ക് ഇഷ്ടപ്പെടാതിരിക്കും. ഓരോ കഥയും ആവശ്യപ്പെടുന്ന രീതിയില്‍ മാത്രമേ വിശദാംശങ്ങള്‍ ഞാന്‍ ചേര്‍ക്കാറുള്ളൂ, ഓരോ കഥയെഴുതുമ്പോഴും ഞാന്‍ നല്ല പണി എടുക്കാറുണ്ട്.
 അധികാരധാര്‍ഷ്ട്യത്തിന്റെ പ്രാദേശിക മാനങ്ങള്‍ എന്ന് താങ്കളുടെ കഥകളെ പൊതുവെ വിശേഷിപ്പിക്കാമോ ?
ഓരോ വായനക്കാര്‍ക്കും അവരുടെ വായനയില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന രീതിയില്‍ വിശേഷിപ്പിക്കാമല്ലോ. പരിസരം പ്രാദേശികമാണെങ്കിലും കൈകാര്യം ചെയ്യുന്ന കഥാവിഷയങ്ങള്‍ക്ക് സാര്‍വ്വലൗകീകത ഉണ്ടാകണം എന്നതാണ് എഴുതുമ്പോഴുള്ള എന്റെ ആഗ്രഹം.അത് ഉണ്ടാവുന്നുണ്ടോ ആവോ.
 പുതിയൊരു രചനാതന്ത്രം രൂപപ്പെടുത്തിയതിനു പിന്നില്‍ ?
ഞാനായിട്ട് ഒരു തന്ത്രവും രൂപപ്പെടുത്തിയിട്ടില്ല. മറ്റുള്ളവര് പയറ്റിയ തന്ത്രങ്ങളെ അനുകരിക്കുകയോ മിക്‌സ് ചെയ്യുകയോ ആണ് ചെയ്തിട്ടുള്ളത്. ഇനി അങ്ങനെ വല്ല തന്ത്രവും എന്റെതായിട്ടുണ്ടെങ്കില്‍ അതിന്റെ രഹസ്യം ഞാനാര്‍ക്കും പറഞ്ഞുകൊടുക്കില്ല.
 ആദ്യ നോവലായ കരിക്കോട്ടക്കരി ഇന്നും പ്രസക്തമാണെന്ന് കാലിക സംഭവങ്ങള്‍ കാണുമ്പോള്‍ അനുഭവപ്പെടാറുണ്ടോ ?
ചുറ്റുമുള്ള മനുഷ്യരെ നോക്കികൊണ്ട് എഴുതുമ്പോള്‍ എല്ലാ വിഷയങ്ങളും കാലിക പ്രസക്തിയുള്ളതായി മാറും എന്നതാണ് എന്റെ അനുഭവം. കേരളീയരുടെ മനസ്സില്‍ ജാതീയത ഉള്ളിടത്തോളം കാലം കരിക്കോട്ടക്കരി പ്രസക്തമാണ്. ഇരിട്ടിക്കടുത്തുള്ള ഒരു സ്ഥലത്തിന്റെ പേര് കരിക്കോട്ടക്കരി എന്നു തന്നെയാണ്. അടുത്തകാലത്ത് കെവിന്‍ വധക്കേസിലെ പ്രതികളെ പിടിച്ചത് കരിക്കോട്ടക്കരിയില്‍ നിന്നാണ് എന്ന് ഫേസ്ബുക്കിലൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴും കരിക്കോട്ടക്കരി എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നോവലിലെ കരിക്കോട്ടക്കരി മറ്റൊരിടം തന്നെയാണ്. യഥാര്‍ത്ഥത്തിലുള്ള നാടുമായി അതിന്റെ പേരില്‍ മാത്രമാണ് ബന്ധമുള്ളത്. ആ പേര് ചെറുപ്പംതൊട്ട് ഞാന്‍ കേള്‍ക്കുന്നത് ദളിത് ക്രിസ്ത്യാനികളുടെ പര്യായം എന്ന നിലയ്ക്കാണ്. അവനൊരു കരിക്കോട്ടക്കരികാരനാണ് എന്നാല്‍ അവന്‍ ദളിത് ക്രിസ്ത്യാനിയാണെന്ന് സൂചന. അതാണ് ആദ്യത്തെ നോവലെഴുതുമ്പോള്‍ അത്തരമൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം. സവര്‍ണ്ണര്‍ എന്നുപറയുന്ന സുറിയാനി ക്രിസ്ത്യാനികള്‍ ഇപ്പോള്‍ നമ്പൂതിരി ബന്ധമുള്ള കുടുംബ ചരിത്രങ്ങള്‍ എഴുതുന്ന തിരക്കിലാണ്. കരിക്കോട്ടക്കരി എന്ന നോവല്‍ അത്തരമൊരു കുടുംബത്തിന്റെ വേരുകളെക്കുറിച്ചുള്ള അന്വേഷണമാണ്. അരി എന്ന കഥ എഴുതിയപ്പോള്‍ എന്നോട് പലരും ചോദിച്ചു. ആദിവാസികള്‍ക്കിടയില്‍ പട്ടിണിയുണ്ട് എന്നത് വിശ്വസനീയമാണോ എന്ന്. മധുവിന്റെ കൊലപാതകം സംഭവിച്ചപ്പോള്‍ ആ കഥ പലരും വീണ്ടു ചര്‍ച്ച ചെയ്തു.

ramachi vinoy thomas

കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പോലും തീവ്രവാദപരമായി വായിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരന്‍ അരക്ഷിതനാണെന്ന് തോന്നിയിട്ടുണ്ടോ ?
എഴുത്തുക്കാരന്‍ മാത്രമല്ലല്ലോ അരക്ഷിതരായിരിക്കുന്നത്. ആരാണ് സുരക്ഷിതര്‍. എസ് ഹരീഷിന്റെ നോവലുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരിക്കുകയാണ്. അതങ്ങനെ നടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേരളത്തിലെ പൊതുസമൂഹവും സാമൂഹ്യനേതാക്കന്‍മാരുമാണ്. എന്നെ അലട്ടുന്നത് മറ്റൊരു വിഷയമാണ്. ഞാന്‍ മനസ്സിലാക്കുന്നിടത്തോളം എസ് ഹരീഷ് എന്ന എഴുത്തുക്കാരന്‍ നിരുത്തരവാദപരമായ വിവാദത്തിനുവേണ്ടി എന്തെങ്കിലും എഴുതുന്ന ആളല്ല. ചിലര്‍ പറയുന്നു നോലവില്‍ ആ ഭാഗം ആവശ്യമില്ലാത്തതായിരുന്നു എന്നൊക്കെ. അങ്ങനെ ആവശ്യമില്ലാത്ത ഒരു ഭാഗം എഴുതി തന്റെ ആദ്യ നോവലിനെ ഹരീഷ് വികലമാക്കില്ല എന്നെനിക്കുറപ്പുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെയും ജീവിതം ചിത്രീകരിക്കുന്ന ആ നോവല്‍ ആ കാലഘട്ടത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള പഠനം നടത്തിയതിനുശേഷമായിരിക്കും ഹരീഷ് എഴുതിയിട്ടുണ്ടാവുക. മീശ എന്നു പേരുകൊണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നത് കേരളീയ പുരുഷത്വം ആ കാലഘട്ടത്തില്‍ എങ്ങനെ പെരുമാറി എന്ന കാര്യത്തിനു നോവലില്‍ വലിയ പ്രാധാന്യം ഉണ്ട് എന്ന് തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ എത്ര ശതമാനം പേര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താന്‍ അവകാശമുണ്ടായിരുന്നു എന്ന് ആലോചിച്ച് നോക്കുന്നത് നല്ലതാണ്. ഒരു ക്ഷേത്രമുണ്ടെങ്കില്‍ അതിനു ചുറ്റുമുള്ള കുറച്ചു കുടുംബങ്ങളിലെ ആളുകള്‍ മാത്രമാണ് ക്ഷേത്രദര്‍ശനം നടത്തിയിരുന്നത്. സമ്പദ്‌വ്യവസ്ഥയിലെ നായകന്‍മാരായിരുന്ന നമ്പൂതിരിമാര്‍ ആയിരിക്കുമല്ലോ പൂജാരിമാര്‍. ഇങ്ങനെ പുരുഷാധിപത്യപരമായതും ചാതുര്‍വര്‍ണ്ണ്യബോധത്തിലൂന്നിയതുമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ്, നമ്മുടെ പല ആചാരങ്ങളെയും രൂപപ്പെടുത്തിയത്. ജാതിയും പുരുഷാധിപത്യവും ചരിത്രവുമൊക്കെ പ്രമേയമായി വരുന്ന ആഴമുള്ള ഒരു നോവലില്‍ ഇത്തരമൊരു സംഭാഷണം ഇടംപിടിച്ചപ്പോള്‍ അതിന്റെ സാഹിത്യപരമായ കാരണങ്ങളെയും പൊതുസമൂഹത്തിന് ബോധ്യമാക്കി കൊടുക്കാനുള്ള ബാധ്യത പുരോഗമന സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് സാഹിത്യവിമര്‍ശനം നടത്തുന്ന വിമര്‍ശകര്‍ക്കുണ്ട്. നോവല്‍ പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ അക്കാര്യം ഭംഗിയായി ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

S hareeshkumar, Ramachi Vinoy Thomas

ഓരോ മനുഷ്യനും അവന്റെ സാഹിത്യത്തെക്കുറിച്ച് സാമാന്യ ബോധമുണ്ടാകണം. ഞാന്‍ എന്തു വായിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്രിസ്തുമതത്തിന്റെ പല പ്രസിദ്ധീകരണങ്ങളും എന്റെ വീട്ടില്‍ വരുത്തുന്നുണ്ട്. യുക്തിസഹമായി ചിന്തിക്കുന്ന ഒരാളുടെ വിശ്വാസങ്ങളെ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ലേഖനങ്ങളും എഴുത്തുമാണ് അതില്‍ മുഴുവനുള്ളത് എന്നോര്‍ത്ത് അത് എഴുതിയ ആളെ തെറിവിളിക്കാനോ അത് കത്തിക്കാനോ ഞാന്‍ പോകാറില്ല. അത് വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. തീവ്രമതവാദികളോട് എനിക്കുപറയാനുള്ളത് സാഹിത്യ കൃതികളില്‍ ഇങ്ങനെ പലതും കാണും. അതു വായിക്കാതിരിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കൂ എന്നാണ്.
എന്റെ നാട്ടില്‍ നടന്ന ഒരു കലോത്സവത്തിലെ തിരുവാതിര മത്സരത്തെക്കുറിച്ച് പറയാം. എല്ലാ വിഭാഗക്കാരും പങ്കെടുത്ത ഒരു മത്സരമായിരുന്നു അത്. പ്രഗത്ഭരായ വിധികര്‍ത്താക്കള്‍, മത്സരം കഴിഞ്ഞപ്പോള്‍ സമ്മാനം കിട്ടാത്ത ഒരു ടീമില്‍പ്പെട്ട പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്ക് സമ്മാനം കിട്ടാത്തതെന്ന് ചോദിച്ചുകൊണ്ട് വിധികര്‍ത്താവിന്റെ അടുത്തെത്തി. വിധികര്‍ത്താവ് തിരുവാതിരയുടെ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ എടുത്തുകാട്ടി വിശദീകരണം പറഞ്ഞു. അതിലൊന്ന് ആ ടീമിലെ കുട്ടികള്‍ക്ക് പുരോഭാഗഭംഗി കുറവായിരുന്നു എന്നതാണ്. എന്താണ് പുരോഭാഗഭംഗി എന്ന് രക്ഷാകര്‍ത്താക്കള്‍ ചോദിച്ചു. പിന്‍ഭാഗത്തിന്റെ ആകൃതി സൗകുമാര്യം എന്നൊക്കെ പറഞ്ഞിട്ട് കാര്യം മനസ്സിലാകാതെ വന്നപ്പോള്‍ വിധി കര്‍ത്താവ് തെളിച്ച് എന്തോ പറഞ്ഞു. നീ ഇതു നോക്കിയാണോടാ മാര്‍ക്കിട്ടത് എന്നു ചോദിച്ച് രക്ഷാകര്‍ത്താക്കള്‍ അയാളെ തല്ലിയോടിക്കുകയാണ് ചെയ്തത്. തിരുവാതിര നിലനില്‍ക്കുകയും അതിന്റെ മൂല്യനിര്‍ണ്ണയോപാധികള്‍ പരസ്യപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്തതുമായ ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

raachi janayugom

നമ്മുടെ തനതു കലാരൂപമായ തിരുവാതിര, മാര്‍ഗ്ഗംകളി,ഒപ്പന എന്നിവയ്‌ക്കെല്ലാം അതു രൂപപ്പെട്ട ഒരു സാമൂഹ്യ പരിസരമുണ്ട്. അതു പരിശോധിച്ചാല്‍ ഒരു പരിധിവരെ അതെല്ലാം പുരുഷമേധാവിത്വത്തിന്റെ ഉല്പന്നങ്ങളാണെന്ന് പറയേണ്ടി വരും. ഹരീഷ് നോവലില്‍ പറയാന്‍ ശ്രമിച്ചതും നമ്മുടെ ആചാരങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മീശയേക്കുറിച്ചാണ്. അങ്ങനെ നോക്കുമ്പോള്‍ ആ പരാമര്‍ശം എങ്ങനെയാണ് സ്ത്രി വിരുദ്ധമല്ലാതാകുന്നതെന്ന് വ്യക്തമാകും.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മതം ഒരു വിലങ്ങുതടിയായി ഇപ്പോഴും നില്‍ക്കുന്നതിനെക്കുറിച്ച് ?
മതം, അധികാരസ്ഥാനങ്ങള്‍ എന്നിങ്ങനെ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥകളെ വിമര്‍ശനാത്മകമായി വിലയിരുത്തുക എന്നതാണ് എഴുത്തുകാരന്റെയും കലാകാരന്റെയും ധര്‍മ്മം. അതിനാണല്ലോ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു പറയുന്നത്. ഭരണകൂടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിധേയപ്പെട്ടുമാത്രം എഴുതാന്‍ തീരുമാനിച്ചാല്‍ പിന്നെ സാഹിത്യവും കലയും ഒന്നുമില്ല. മലയാളത്തില്‍ സജീവമായി എഴുത്തുകാര്‍ നിര്‍ഭയമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഓരോരുത്തരും അവര്‍ വിട്ടുപോയ മതങ്ങള്‍ക്കുള്ളില്‍ നിന്നും കാര്യങ്ങള്‍ ചെയ്യുന്നു. ഫ്രാന്‍സിസ് നെറോണയുടെ ‘കക്കുകളി’ എന്ന കഥയില്‍ കന്യാസ്ത്രീ മഠത്തിലെ ബാലപീഡനം വ്യക്തമായി അവതരിപ്പിക്കുന്നു. അടുത്ത കാലത്ത് നടക്കുന്ന സംഭവങ്ങള്‍ കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് ആലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിലൊക്കെ കന്യാസ്ത്രീ മഠങ്ങള്‍ എന്തിന്? എന്ന ചോദ്യം സജീവമായിക്കഴിഞ്ഞു. കേരളം എന്നാണ് അങ്ങനെയൊരു ചോദ്യമുയര്‍ത്തുന്നത്.
 അധ്യാപകനായിരുന്നിട്ടും ആ പശ്ചാത്തലത്തിലുള്ള കഥകള്‍ കുറയാന്‍ കാരണം ?
കുറച്ചുകാലം കഴിഞ്ഞ് കഥയെഴുതാനും വിഷയങ്ങള്‍ വേണ്ടേ. അധ്യാപകന്റെ തായുള്ള അനുഭവങ്ങള്‍ അതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നു.
പുതിയ രചനകള്‍ ?
ചെറിയ പേടികുടുങ്ങിയിട്ടുണ്ട്. എങ്കിലും പുതിയ നല്ല രചനകള്‍ ഉണ്ടാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഒരു നോവല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

”ജഡങ്ങള്‍ക്കുമാത്രമേ ഉടമസ്ഥനുള്ളൂ. താഴെ ഇലപൊഴിച്ചു നില്‍ക്കുന്ന പുളിമരത്തെ നോക്കൂ.അതിന്റെ വേരുകള്‍ മണ്ണില്‍ പടരുന്നതും ചില്ലകള്‍ ആകാശത്തിലേക്ക് വിടരുന്നതുംഏത് ഉടമസ്ഥന്റെ ഇച്ഛയ്‌ക്കൊത്താണ്? പക്ഷേ, അതിന്റെ വേരുകളറുത്ത് ജീവനെ നഷ്ടപ്പെടുത്തുമ്പോള്‍ അത് തടിയായി മാറുന്നു. ഉടമസ്ഥനുള്ള ജഡം.പറയൂ നീജഡമോ ജീവിയോ?”