August 18, 2022 Thursday

ദേശീയതയെ ഭിന്നിപ്പിക്കുന്ന ഭേദഗതി

Janayugom Webdesk
December 17, 2019 10:10 pm

ഡി രാജ

എല്ലാ വിഷയങ്ങളിലും തങ്ങളുടെ മുൻഗാമി അഥവാ മാതൃകാ പുരുഷൻ എന്ന് പറയുന്ന സർദാർ വല്ലഭ്ഭായി പട്ടേലിന്റെ തത്വങ്ങളെ പൂർണമായും തിരസ്കരിച്ചാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയത്. പൗരത്വം നിർണയിക്കുന്നതിന് വിശാലമായ കാഴ്ച്ചപ്പാട് ആവശ്യമാണെന്നാണ് കോൺസ്റ്റിറ്റ്യൂുവന്റ് അസംബ്ലിയിൽ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേൽ ആവശ്യപ്പെട്ടത്. സങ്കുചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള പൗരത്വ നിർണയം സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പട്ടേൽ പറഞ്ഞിരുന്നത്. ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിന്റെ ഭീതികൾ വിട്ടുമാറാത്ത സാഹചര്യത്തിലും മതത്തെ ആധാരമാക്കിയുള്ള പൗരത്വ നിർണയത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഭരണഘടനാ ശില്പികൾ തയ്യാറായില്ല.

പൗരത്വവുമായി ബന്ധപ്പെട്ട് ഭരഘടനാ ശില്പികൾ സ്വീകരിച്ച വിശാലമായ നിലപാടിനെ പട്ടേൽ ഏറെ അഭിനന്ദിക്കുകയും ചെയ്തു. ആധുനികവും നാഗരികവുമായ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നായിരുന്നു പട്ടേലിന്റെ വാക്കുകൾ. ഇന്ത്യയിൽ കാലങ്ങളായി തുടരുന്ന നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടുകളാണ് ഇക്കാര്യത്തിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ അംഗങ്ങളായ ജവഹർലാൽ നെഹ്രു, മൗലാനാ അബ്ദുൾ കലാം ആസാദ്, ഡോ. ബി ആർ അംബേദ്ക്കർ തുടങ്ങിയവർ സ്വീകരിച്ചത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ആധാരങ്ങളായ ഘടകങ്ങളെ സർദാർ പട്ടേലിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത മോഡ‍ി-അമിത്ഷാ ദ്വയം ഇല്ലാതാക്കുന്നുവെന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

രാജ്യത്തെ പൗരത്വം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളുടെ നിർണയത്തിൽ മതം ഒരിക്കലും ആധാരമായിരുന്നില്ല. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. മതം, ജാതി, വർഗം, ലിംഗം എന്നീ ഘടകങ്ങൾക്ക് ഉപരിയായി നിയമത്തിന് മുന്നിൽ എല്ലാപേരും തുല്യരാണ് എന്ന ആശയമാണ് നീതിയുക്തമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനം. മതത്തെ ആധാരമാക്കിയുള്ള പൗരത്വം, ഒരു മതത്തെ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ തുടങ്ങിയവ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത ആശയങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നടപ്പാക്കുന്നതോടെ മുസ്ലിങ്ങൾ ഭീതിദമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന അവസ്ഥ സംജാതമാകും. മോഡിസർക്കാർ ഇപ്പോൾ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യത്തിന്റെ മതേതര സംവിധാനത്തിന് വിഘാതമാണെന്ന വസ്തുത ഉൾക്കൊള്ളാൻ മോഡിസർക്കാർ തയ്യാറാകുന്നില്ല.

ഹിന്ദുരാഷ്ട്രം രൂപീകരിക്കുക എന്ന സംഘപരിവാറിന്റെ താല്പര്യമാണ് പുതിയ ഭേദഗതി ബില്ലിന് ആധാരം. സ്വാതന്ത്ര്യ സമര സേനാനികളായ മൗലാന ഹസ്രത് മുഹാനി മുതൽ സുഭാഷ് ചന്ദ്രബോസ് വരെ, ഭഗത് സിങ് മുതൽ ചന്ദ്രശേഖർ ആസാദ് വരെയുള്ളവർ അവരുടെ ജീവൻ ബലികഴിച്ചത് മതേതര ഇന്ത്യക്കുവേണ്ടി ആയിരുന്നു. മറിച്ച് ഹിന്ദുരാഷ്ടത്തിനായല്ല. മതത്തിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരെ വേർതിരിക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി ബിൽ. മതം ചോദിക്കാതെ കുടിയേറ്റക്കാർക്ക് എന്നും അഭയം നൽകിയിരുന്ന രാജ്യത്തിന്റെ പൈതൃകത്തിന് വിഘാതമാണ് പുതിയ ബിൽ. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിന് മോഡിസർക്കാർ നിരത്തുന്ന വാദങ്ങൾ യുക്തിരഹിതമാണ്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നുവെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്.

എന്നാൽ ശ്രീലങ്കയിലെ തമിഴ് വിഭാഗക്കാർ, മ്യാന്മറിൽ നിന്നുള്ള റൊഹിങ്ക്യൻ വംശജർ എന്നിവർക്ക് പൗരത്വം നൽകുന്ന വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. തമിഴ് ജനതയ്ക്കെതിരെ ശ്രീലങ്കയിൽ നടക്കുന്ന വംശീയ അതിക്രമങ്ങൾ ആഗോളശ്രദ്ധയിൽ വന്നിരുന്നു. ഐക്യരാഷ്ട്രസഭപോലും ഇതിനെ അപലപിച്ചു. മറ്റ് രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്നവർക്ക് അഭയം നൽകുക എന്നത് മഹത്തായ കാര്യമാണ്. എന്നാൽ ഇതിന് മതത്തിന്റെ നിറം നൽകുന്നത് ആഗോളതലത്തി­ൽ ഇന്ത്യയുടെ സൽപ്പേരിന് കളങ്കമാകും. മോഡിസർക്കാരിന്റെ നടപടിക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനകം രംഗത്തെത്തി. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന വാദഗതികൾ വിഭജനത്തിന് ശേഷം ഉയർന്നുവന്നിരുന്നു. എ­ന്നാൽ മതേതരത്വം ഉയർത്തിപ്പിടിച്ചിരുന്ന നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഈ നിലപാടിനെ എതിർത്തു.

ന്യൂനപക്ഷങ്ങൾക്കും പൂർണമായ അവകാശങ്ങൾ ലഭ്യമാക്കണമെന്ന നിലപാടാണ് ഇക്കാര്യത്തിൽ ഭരണഘടനാ ശില്പിയായ ഡോ. ബി ആർ അംബേദ്ക്കർ സ്വീകരിച്ചത്. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് നൽകിയിരുന്ന അവകാശങ്ങളുടെ ലംഘനമാണ് ദേശീയ പൗരത്വ സംവിധാനം രാജ്യത്ത് നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. അംബേദ്ക്കർ രാജ്യത്തിനായി നടത്തിയ സേവനങ്ങൾ സംബന്ധിച്ച് ബിജെപിയും സംഘപരിവാറും അധരവ്യായാമം നടത്തുമ്പോഴും അദ്ദേഹം സാമൂഹ്യ സമത്വത്തിനായി സ്വീകരിച്ച നിലപാടുകളെ ഇവർ വെറുക്കുന്നു. ഭൂരിപക്ഷം ഉപയോഗിച്ച് മോഡി സർക്കാർ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നിർബാധം തുടരുന്നു. മുസ്ലിങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ പൗരത്വ രജിസ്റ്ററും തുടർന്നുള്ള പൗരത്വ ഭേദഗതി നിയമവും മോഡ‍ി സർക്കാർ നടപ്പാക്കിയത്.

ഗോധ്രാ, കാന്ധമാൽ എന്നിവിടങ്ങളിൽ നടന്ന ലഹളകളുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്തിന്റെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. കശ്മീർ മുതൽ അസം വരെ അക്രമങ്ങൾ വ്യാപിക്കുന്നു. ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം എന്നിവ കാത്തുസൂക്ഷിക്കുന്നവർ ഒരുമിക്കേണ്ട സാഹചര്യമാണിത്. രാജ്യത്തെ ഭിന്നിപ്പിക്കാനായുള്ള പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി ബിൽ എന്നിവയെ എതിർക്കണം. മോഡിസർക്കാർ സ്വീകരിക്കുന്ന നാസികൾക്ക് സമാനമായ നിലപാടുകളെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തെ ജനങ്ങൾ ഐക്യത്തോടെ നിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.