ഡിസൈന്‍ വീക്കിന് പകിട്ടായി ഡിസൈന്‍ ഓട്ടോ റിക്ഷകള്‍

Web Desk
Posted on December 10, 2019, 6:52 pm

കൊച്ചി: ഡിസൈന്‍ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്കിന്‍റെ പ്രതീകമായി ഡിസൈന്‍ ഓട്ടോ റിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് തുടങ്ങി. കാക്കനാട് കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ വൈവിദ്ധ്യമാര്‍ന്ന വര്‍ണങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്തഏഴ്  ഓട്ടോ റിക്ഷകള്‍ ജില്ലാ കളക്ടര്‍ പി സുഹാസ് കൊടി വീശി ഉദ്ഘാടനം ചെയ്തു. കൊച്ചി ഡിസൈന്‍ വീക്കിന്‍റെ സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഡിസൈന്‍ വീക്കിന്‍റെ വിജ്ഞാന പങ്കാളികളായ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്സ്(ഐഎസ്സിഎ‑ഇസ്ക) വിദ്യാര്‍ത്ഥികളാണ് ഓട്ടോ റിക്ഷകളുടെ വര്‍ണരേഖകള്‍ രൂപകല്‍പ്പന ചെയ്തത്. നഗരത്തില്‍ നിന്നും ഡിസൈന്‍ വീക്ക് നടക്കുന്ന ബോള്‍ഗാട്ടി ഐലന്‍റിലേക്കും തിരിച്ചും സൗജന്യമായി ഈ ഓട്ടോ റിക്ഷകളില്‍ യാത്ര ചെയ്യാവുന്നതാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓട്ടോറിക്ഷകളുടെ നിറം മാറ്റുന്നതിനുള്ള അനുമതി നേടിയത്.

പോളി ആര്‍ട്ട്, ഫ്ളോറല്‍ ഡിസൈന്‍ എന്നിവയാണ് ഓട്ടോ റിക്ഷകള്‍ക്കായി ഉപയോഗിച്ചതെന്ന് ഓട്ടോറിക്ഷയുടെ നിറം ഡിസൈന്‍ ചെയ്ത വിദ്യാര്‍ത്ഥി എഡ്വിന്‍ ജോണ്‍സണ്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതാകണം നിറങ്ങളുടെ രൂപകല്‍പ്പനയെന്ന് തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് ഇത്തരം വര്‍ണ സഞ്ചയം ഉപയോഗിച്ചതെന്നും എഡ്വിന്‍ പറഞ്ഞു. രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്.

ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്. https://kochidesignweek.org/   എന്ന വെബ്സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം.