കലാവിരുന്നിന്റെ മാസ്മരികതയുമായി ഡിസൈന്‍ വീക്ക് സായാഹ്നങ്ങളെത്തും

Web Desk
Posted on December 07, 2019, 6:39 pm
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായി മാറുന്ന കൊച്ചി ഡിസൈന്‍ വീക്കിന്‍റെ സായാഹ്നങ്ങളെ സമ്പന്നമാക്കാനൊരുങ്ങുന്നത് മാസ്മരിക കലാപ്രകടനങ്ങള്‍.  ആദ്യ ദിനത്തില്‍ കേരള കലാമണ്ഡലം, രണ്ടാം ദിനം പ്രഗതി ബാന്‍ഡ്, മൂന്നാം ദിവസത്തില്‍ തൈക്കൂടം ബ്രിഡ്ജ് എന്നിവയുടെ ഏറ്റവും പുതിയ കലാപരിപാടികളാണ് ബോള്‍ഗാട്ടി ഐലന്‍ഡിലെ വേദിയില്‍ അരങ്ങേറുന്നത്.

കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘അണ്ടര്‍ ദി ട്രീ’ എന്ന ഫ്യൂഷന്‍ കലാശില്‍പ്പമാണ് ഉദ്ഘാടന ദിവസത്തെ പ്രധാന ആകര്‍ഷണം. നൂറില്‍പരം കലാകാരൻമാര്‍ അണി നിരക്കുന്ന ഈ പരിപാടിയില്‍ കേരളത്തിന്‍റെ സാംസ്കാരിക തനിമയെ സമകാലീനമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
വൈകീട്ട് ഏഴ് മണി മുതലാണ് സംഗീത പരിപാടികള്‍ ആരംഭിക്കുക. പൊതുജനങ്ങള്‍ക്കപ്രവേശനം സൗജന്യമാണ്. 

പ്രശസ്ത പിന്നണി ഗായകന്‍ ഹരിശങ്കര്‍ നയിക്കുന്ന സ്വതന്ത്ര മ്യൂസിക് ബാന്‍ഡായ ‘പ്രഗതി’ അവതരിപ്പിക്കുന്ന സംഗീത നിശയാണ് രണ്ടാം ദിവസത്തെ ആകര്‍ഷണം. കഴിഞ്ഞ പത്തു കൊല്ലമായി നിരവധി ഹിറ്റുകള്‍ കൊണ്ട് മലയാളി മനസില്‍ കയറിക്കൂടിയ ഹരിശങ്കര്‍ തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ഗായകനാണ്. ‘പ്രഗതി’ ബാന്‍ഡിന്‍റെ ‘ഗതി, ബോധി, മുക്തി’ എന്ന ത്രിഭാഷാ ആല്‍ബം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ല
കേരളത്തിന്‍റെ സ്വന്തം അന്താരാഷ്ട്ര ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്‍റെ ഏറ്റവും പുതിയ ആല്‍ബമായ ‘നമ:’ യുടെ കേരളത്തിലെ ആദ്യ ഷോയാണ് ഡിസൈന്‍ വീക്കിന്‍റെ അവസാന ദിനസന്ധ്യയെ ആവേശത്തിലാഴ്ത്താന്‍ പോകുന്നത്.

ഭക്ഷണവിഭവങ്ങളുടെ മികച്ച അനുഭവമൊരുക്കാനായി ഡിസൈന്‍ ഫുഡ് ഫെസ്റ്റിവലും ഉച്ചകോടിയോട് അനുബന്ധമായി നടത്തുന്നുണ്ട്. ഡിസൈന്‍ വീക്ക് നടക്കുന്ന ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണ വിഭവങ്ങളുടെ ഡിസൈന്‍ കാണാനും ഭക്ഷണം ആസ്വദിക്കാനുമുള്ള അവസരമുണ്ട്.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്. https://kochidesignweek.org/ എന്ന വെബ്സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം.