Web Desk

ന്യൂഡൽഹി:

February 04, 2021, 10:20 pm

കേസെടുത്തിട്ടും അപഹസിച്ചിട്ടും പിന്തുണച്ചവർ പിന്നോട്ടില്ല

*പിന്തുണയുമായി രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ
Janayugom Online

ട്വിറ്ററിൽ പിന്തുണച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ കേസെടുത്തിട്ടും ഇന്ത്യയിലെ ഒരു വിഭാഗം കായിത താരങ്ങളെ അണിനിരത്തി അപഹസിച്ചിട്ടും കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന് ആഗോളതലത്തിൽ ഐക്യദാർഢ്യമേറി. കൂടുതൽ പ്രമുഖവ്യക്തികൾ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.

സമാധാനപരമായി പ്രതിഷേധിക്കുന്നതിനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും തടസങ്ങളില്ലാതെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങളുടെ മുഖമുദ്രയെന്ന് അമേരിക്കയുടെ പ്രസ്താവനയും പുറത്തുവന്നു.

പ്രശസ്ത പോപ്പ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരിയുടെ മകളും എഴുത്തുകാരിയുമായ മീന ഹാരിസ്, നടിയും മാധ്യമപ്രവര്‍ത്തകയുമായ മിയ ഖലീഫ തുടങ്ങിയവർ കഴിഞ്ഞദിവസം ട്വിറ്ററിൽ കർഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം ജിം കോസ്റ്റ, ക്ലോഡിയ വെബ്ബ്, ഗായകരായ ജയ് ഷോന്‍, ഡോ. സ്യൂസ് എന്നിവരെ കൂടാതെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ നിശിതമായി വിമര്‍ശിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നു.

ചൊവ്വാഴ്ചയാണ് റിഹാന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. കര്‍ഷകസമരത്തിന്റെ ചിത്രവും സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് സംബന്ധിച്ചുള്ള സിഎന്‍എന്നിന്റെ വാര്‍ത്തയും സഹിതമായിരുന്നു റിഹാനയുടെ ട്വീറ്റ്. ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗോടെ എന്തുകൊണ്ട് നമ്മള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് ട്വിറ്ററില്‍ തന്നെ പിന്തുടരുന്ന 10 കോടി ആളുകളോട് റിഹാന ചോദിച്ചു.

ഇന്ത്യയിലെ പത്തുവയസ്സുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കന്‍ഗുജമിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഗ്രെറ്റ തന്‍ബര്‍ഗ് കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുമ്പ് ആക്രമിക്കപ്പെട്ടതും ഏറ്റവും വലിയ ജനാധിപത്യം നിലവില്‍ ആക്രമിക്കപ്പെടുന്നതും യാദൃച്ഛികമല്ലെന്നായിരുന്നു മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്.
കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമാധാനപരമായ സമരം ചെയ്ത കര്‍ഷകര്‍ക്കെതിരേയുളള നടപടികളില്‍ ആശങ്കപ്പെടുന്നുവെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഹാലി സ്റ്റീവന്‍സ് വ്യക്തമാക്കി. കര്‍ഷകരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഇന്ത്യ സംരക്ഷിക്കണമെന്നും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കണമെന്നും തടവിലായ മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറും അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരെ ഇന്ത്യന്‍ പ്രവാസികളും പലയിടത്തും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് യുഎസ്

ചര്‍ച്ചയിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നു യുഎസ് സ്റ്റേറ്റ് വക്താവ് അഭിപ്രായപ്പെട്ടു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ കാമ്പയിന്‍ സംഘടിപ്പിച്ചതിനു പിന്നാലെയാണ് യുഎസിന്റെ പ്രസ്താവന. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു രാജ്യത്തും സമാധാനപരമായ പ്രതിഷേധം നടത്താൻ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിവര സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകള്‍ തടസങ്ങള്‍ ഇല്ലാതെ ഉപയോഗിക്കാനാകുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണെന്നും ഇന്ത്യന്‍ സുപ്രീം കോടതി ഇത് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് വക്താവ് പ്രതികരിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതികരണങ്ങളെന്നും വിവരങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും വിദേശമന്ത്രാലയം പ്രതികരിച്ചു. വിദേശ രാജ്യങ്ങളിലെ വ്യക്തികള്‍ നടത്തുന്ന വിമര്‍ശനങ്ങൾക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് അസാധാരണമാണ്. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ ലോകവ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയായി ഇത് മാറിയിട്ടുണ്ട്.

ENGLISH SUMMARY: Despite the case and the insults the sup­port­ers did not back down

YOU MAY ALSO LIKE THIS VIDEO