ചിപ്പ് കാർഡുകൾ വന്നിട്ടും എടിഎം തട്ടിപ്പുകാർ വിലസുന്നു

ബേബി ആലുവ
Posted on November 15, 2019, 10:18 pm

കൊച്ചി: വ്യാജ എടിഎം കാർഡുകൾ നിർമ്മിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഘങ്ങൾ കേരളത്തിലും. നേരത്തേ ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ ഇവർ കേരളത്തിലും സജീവമായതായാണ് വിവരം. മാഗ്നെറ്റിക് സ്ട്രൈപ് മാത്രമുള്ള ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ മാറ്റി പകരം ഇഎംവി ചിപ്പ് ഘടിപ്പിച്ച പുതിയ കാർഡുകൾ ജനുവരി ഒന്നു മുതൽ പുറത്തിറക്കിയിരുന്നു. മാഗ്നെറ്റിക് സ്ട്രൈപ് കാർഡുകളുടെ ക്ലോണിംഗ് വഴിയുള്ള തട്ടിപ്പ് പെരുകിയതോടെയായിരുന്നു റിസർവ് ബാങ്കിന്റെ ഈ നടപടി.എന്നാൽ സുരക്ഷിതത്വമുള്ളതെന്നും കുറ്റമറ്റതെന്നും അവകാശപ്പെട്ട് പുറത്തിറക്കിയ ഇഎംവി ചിപ്പ് കാർഡുകളും വ്യാജമായി നിർമ്മിച്ച് ഇടപാടുകാരറിയാതെ അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കുന്ന തട്ടിപ്പ് വ്യാപകമാകുന്നത് അധികൃതരെ തെല്ലൊന്നുമല്ല വട്ടംചുറ്റിക്കുന്നത്.

സ്വൈപ്പിംഗ് മെഷീൻ വഴി എടിഎം കാർഡിലെ വിവരങ്ങൾ ശേഖരിക്കുകയും അത് ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. വലിയ വിൽപ്പന ശാലകളിൽ വിളിച്ച്, ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നാണെന്ന വ്യാജേന സാധനങ്ങൾ ഓർഡർ ചെയ്യുകയും അതിന്റെ വില കൈമാറാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി തട്ടിപ്പിനു ശ്രമിക്കുന്നതാണ് മറ്റൊരു രീതി.അടുത്തിടെ ആലുവയിലെ 10 ഹോട്ടലുകളിലാണ് ഒരേ ദിവസം ഇങ്ങനെയൊരു തട്ടിപ്പിനു ശ്രമം നടന്നത്. മിലിട്ടറി കാന്റീനിൽ നിന്നാണെന്ന വ്യാജേന ഹോട്ടലുകളിലേക്കു വിളിച്ച് വലിയ തുകയ്ക്കുള്ള ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്തായിരുന്നു തുടക്കം. പിന്നാലെ വീണ്ടും ഫോൺ ചെയ്ത്, മിലിട്ടറി ചട്ടപ്രകാരം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പണം നൽകാൻ കഴിയൂ എന്നതിനാൽ സ്ഥാപനമുടമയുടെ എടിഎം കാർഡിന്റെ ഇരുപുറത്തിന്റെയും കോപ്പിയും ഒടിപി നമ്പറും വാട്സാപ്പിൽ നൽകണം എന്ന് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ഹോട്ടലുടമകൾ തയ്യാറാകാതിരുന്നതിനാൽ തട്ടിപ്പ് ശ്രമം വിജയിച്ചില്ല.

ആലുവയ്ക്കു പുറമെ കൊച്ചിയിലും തൃശൂരും ഈ രീതിയിൽ പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നു. സിം സ്വാപ് തട്ടിപ്പിലൂടെ അക്കൗണ്ടിൽ കയറി ഓൺലൈനിലൂടെ പണം പിൻവലിക്കുന്ന സംഭവങ്ങളിൽ ബാങ്ക് ഇടപാടുകാർക്ക് ബാദ്ധ്യതയില്ലെന്ന് ഈയിടെ കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇടപാടുകാർക്ക് മാത്രമറിയാവുന്ന ലോഗിൻ ഐഡി, പാസ്‌വേഡ്, ടെലികോം നമ്പർ ഇവയൊക്കെ പുറത്തു പോകുന്നത് അവരവരുടെ അനാസ്ഥ മൂലമാണെന്ന്, പണം നഷ്ടപ്പെട്ടതായ കേസുകളിൽ ബാങ്കുകൾ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പെട്രോൾ പമ്പിലും മറ്റും എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ നൽകുന്ന പിൻനമ്പർ തട്ടിയെടുത്ത് പണം അപഹരിക്കുന്ന രീതിയുമുണ്ടെന്നു സംശയിക്കപ്പെടുന്നു. ഫോണിലൂടെയോ ഇന്റർനെറ്റ് വഴിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാത്തവരുടെ പോലും പണം തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നുണ്ട്.

അക്കൗണ്ടിൽ പണമെത്തിയിട്ടുണ്ടെന്നും വൻ തുക സമ്മാനമായി നൽകുന്ന പരിപാടിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മറ്റുമുള്ള എസ് എം എസുകളോടു പ്രതികരിച്ചാൽ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാദ്ധ്യതയേറെയാണെന്ന് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെ തട്ടിയെടുത്ത ഇന്റർനെറ്റ് ഹിസ്റ്ററി കാണിച്ച് ഭീഷണിപ്പെടുത്തി പണം വസൂലാക്കാൻ നടത്തിയ നാല് ശ്രമങ്ങൾ അടുത്തിടെ കേരളത്തിലുണ്ടായത് അവർ ചൂണ്ടിക്കാണിക്കുന്നു. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെ ബാങ്ക് ഇടപാടുകാരെ കബളിപ്പിച്ച് കോടികൾ കവർന്ന ജാർഖണ്ഡിലെ ഓൺലൈൻ തട്ടിപ്പുകാരുടെ ആസ്തികൾ അടുത്ത കാലത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ബിപിഎൽ കാർഡ് ഉടമകളായ 90 പേർ ചുരുക്കം സമയത്തിനുള്ളിൽ ലക്ഷാധിപതികളായതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.

50 കോടി രൂപയാണ് ഈ വഴിയിലൂടെ ഇവർ സമ്പാദിച്ചത്. ബാങ്ക് ഇടപാടുകാരുടെ നിക്ഷേപങ്ങൾക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന പരാതി ശക്തമാകുമ്പോഴും ഇക്കാര്യത്തിൽ ബാങ്കുകൾ കാര്യമായ തലപുകച്ചിൽ നടത്തുന്നില്ല. ഹൈദരാബാദിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ആബിദ്സിലെ എസ് ബി ഐ യുടെ എടിഎം കൗണ്ടറിൽ, കീപാഡിൽ സ്കിമ്മർ ഉപകരണവും മൈക്രോ ക്യാമറയും ഘടിപ്പിച്ച് ഉപഭോക്താക്കളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തിയ രണ്ട് റുമേനിയക്കാർ പിടിയിലായത് അടുത്ത നാളിലാണ്.25 ദിവസത്തിനുള്ളിൽ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി എടിഎമ്മുകളിൽ നിന്ന് ഇവർ ഈ രീതിയിൽ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തിയിരുന്നു. ഇ എം വി ചിപ്പ് ഘടിപ്പിച്ച എ ടി എം കാർഡുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് അധികൃതർ അവകാശവാദങ്ങൾ മുഴക്കുന്നതിനിടയിൽത്തന്നെയാണ്, ബാങ്ക് ഇടപാടുകാരെ ദുരിതത്തിലാക്കുന്ന കൊള്ളയും അരങ്ങ് വാഴുന്നത്.