Web Desk

May 06, 2020, 2:15 am

ദുരന്തത്തിനിടയിലും ട്രംപിന്റെ യുദ്ധഭ്രാന്ത്

Janayugom Online

ലോകമാകെ കോവിഡ് ദുരന്തത്തിനെതിരായ പ്രതിരോധമുഖത്താണ്. ചില രാജ്യങ്ങൾ അതിജീവിക്കുന്നുവെന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. എന്നാൽ മറ്റു പല രാജ്യങ്ങളും കൂടുതൽ രോഗബാധിതരുമായി ആശങ്കയുടെ കരിനിഴലിലാണ്. രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും മുന്നിലുള്ള രാജ്യങ്ങളിൽ ഒന്നായി യുഎസ് ഇപ്പോഴും തുടരുകയുമാണ്. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ച് ഇവിടെ രോഗബാധിതരുടെ എണ്ണം 12.15 ലക്ഷത്തിലധികമായിരിക്കുന്നു. മരണം 70,000 കടന്നിരിക്കുന്നു. ഇന്നലെ മാത്രം 2650ൽ അധികം പുതിയ രോഗബാധയാണ് ഉണ്ടായത്. കോവിഡിന്റെ തുടക്കത്തിൽ തന്നെ ഒന്നു മുതൽ രണ്ടു ലക്ഷം വരെ പേർ മരിക്കാനിടയുണ്ടെന്ന് ‘മേനി നടിച്ച’ അപൂർവ ഭരണാധികാരിയാണ് ഡൊണാൾഡ് ട്രംപ് എന്ന യുഎസിന്റെ പ്രസിഡന്റ്.

ലോകത്തെ പല രാജ്യങ്ങളും കടുത്ത ജാഗ്രതയിലൂടെ രോഗബാധ തടയാനും മരണ നിരക്ക് കുറയ്ക്കാനും ശ്രമിച്ചതിൽ വിജയിച്ചുവെങ്കിൽ യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസവും പറഞ്ഞിരിക്കുന്നത് ഒരു ലക്ഷത്തിലധികം പേർ മരിക്കുമെന്നാണ്. സ്വന്തം രാജ്യവും ലോകം മുഴുവനും കോവിഡിന്റെ ദുരന്ത ഭീതിയിൽ നിൽക്കുമ്പോഴും പതിവ് യുദ്ധഭ്രാന്തിൽ അഭിരമിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നാണ് തിങ്കളാഴ്ച വെനസ്വേലയ്ക്കെതിരെ നടന്ന യുദ്ധനീക്കവും ചൈനയ്ക്കെതിരെ ആവർത്തിക്കുന്ന കുപ്രചരണങ്ങളും വ്യക്തമാക്കുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യ കോവിഡ് ബാധ ഉണ്ടായതെന്നത് വസ്തുതയാണ്. രോഗബാധയും വ്യാപനവും കണ്ടെത്തിയ ഉടൻ തന്നെ അതിനെതിരായ ജാഗ്രതയും മുൻകരുതലുമെടുത്ത് പിടിച്ചുകെട്ടാൻ ശ്രമിച്ച രാജ്യമാണ് ചൈന.

ഒരു പ്രദേശത്തെ മുഴുവൻ അടച്ചിട്ടു കൊണ്ട് മൂന്ന് മാസത്തെ കഠിന പ്രയത്നത്താൽ കോവിഡിനെ ഒരു പരിധിവരെ വരുതിയിൽ നിർത്താൻ ചൈ­നയ്ക്ക് സാധിച്ചുവെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ പരിശോധിച്ചാൽ ചൈനയിലെ രോഗബാധിതരുടെ എണ്ണവും മരണ നിരക്കും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും കാണാവുന്നതാണ്. ഇപ്പോഴും ചൈന പൂർണ്ണമായി രോഗ മുക്തമായിട്ടില്ലെങ്കിലും പുറത്തുനിന്ന് എത്തുന്നവരാണ് രോഗവാഹകരാകുന്നതെന്നാണ് ചൈനീസ് ആരോഗ്യ വിഭാഗം പറയുന്നത്. യുഎസാകട്ടെ ദരിദ്ര രാജ്യങ്ങളെക്കാൾ ശോചനീയമായി, രോഗ നിയന്ത്രണം സാധ്യമാകാതെ ആളുകൾ മരിച്ചുവീഴുന്ന രാജ്യമായി മാറിയിരിക്കുകയാണ്. എന്നിട്ടും ഇടക്കിടക്ക് ചൈനയെ വെല്ലുവിളിക്കാനും കുറ്റപ്പെടുത്താനുമാണ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് അധികാരികൾ ഇടയ്ക്കിടെ സമയം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

ചൈനയിലെ പരീക്ഷണശാലയിൽ നിന്ന് പുറത്തെത്തിയാണ് കോവിഡ് വൈറസ് ലോകത്താകെ പകർന്നതെന്ന്, മറ്റു രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചതു മുതൽ യുഎസ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) ഉൾപ്പെടെയുള്ള അധികൃതർ വ്യക്തമാക്കിയെങ്കിലും യുഎസ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കുപ്രചരണത്തിന്റെ കൂടെ നിൽക്കുന്നില്ലെന്നതിനാൽ ഡബ്ല്യുഎച്ച്ഒയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുന്നതിനും യുഎസ് സന്നദ്ധമായി. അങ്ങനെ വന്നപ്പോൾ നേരത്തേ നൽകിയ 151.43 ലക്ഷം കോടി രൂപയ്ക്ക് പുറമേ ഏപ്രിൽ 23 ന് 227.15 ലക്ഷം കോടി രൂപയുടെ അധികസഹായം കൂടി ചൈന ലോകാരോഗ്യ സംഘടനയ്ക്ക് വാഗ്‌ദാനം ചെയ്തു. ഇതോടുകൂടി അവർക്കെതിരായ വിദ്വേഷ പ്രചരണത്തിന് യുഎസ് ആക്കം കൂട്ടിയിരിക്കുകയാണ്. ചൈനയുമായി ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനിടയിലാണ് ഞായറാഴ്ച വെനസ്വേലയ്ക്കെതിരെ യുഎസ് നടത്തിയ സൈനിക നീക്കം. വെനസ്വേലയിൽ ഭീകരാക്രമണം നടത്തുന്നതിന് യുഎസിന്റെ പിന്തുണയോടെ സമുദ്രാതിർത്തി ലംഘിച്ചെത്തിയ സംഘത്തിന്റെ നീക്കം മനസിലാക്കി സൈന്യം തകർക്കുകയായിരുന്നു. പന്ത്രണ്ട് ഭീകരരെയാണ് സൈന്യം പിടികൂടിയത്. അതിർത്തിലംഘനം ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്നാണ് വെനസ്വേലൻ സൈനിക നടപടി ഉണ്ടായത്. ഭീകരരിൽ ഒരാൾ 2019 ഏപ്രിലിൽ കാരക്കാസിൽ നടന്ന, പരാജയപ്പെട്ട അട്ടിമറി ശ്രമത്തിൽ പങ്കെടുത്ത അന്റോണിയോ ജോസ് സെക്വീ ആണെന്നും സൈന്യം കണ്ടെത്തി. പിടികൂടിയ പതിമൂന്ന് ഭീകരരിൽ മറ്റൊരാൾ യുഎസിന്റെയും കൊളംബിയയുടെയും പങ്ക് വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

യുഎസിന്റെ പിന്തുണയോടെ കൊളംബിയയിലാണ് ഭീകരാക്രമണ പദ്ധതിക്ക് രൂപം നൽകിയതെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥിരീകരിച്ചു. കോവിഡ് ദുരന്തത്തിൽ പ്രതിസന്ധിയിലായ യുഎസ് ശ്രദ്ധ തിരിക്കുന്നതിനും യുദ്ധാന്തരീക്ഷം വളർത്തി ആയുധക്കച്ചവടത്തിന് വഴിയൊരുക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തൽ. ലോകമാകെ ദുരന്തത്തിൽ നടുങ്ങി നിൽക്കുമ്പോഴും യുദ്ധഭ്രാന്തുമായി നടക്കുകയാണ് ട്രംപും യുഎസുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വന്തം ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെകുറിച്ച് ഉൽക്കണ്ഠയില്ലാതെ യുദ്ധ മനോഭാവവും വിദ്വേഷ പ്രചരണവും നടത്തുന്ന ഇതുപോലൊരു ഭരണാധികാരി മാനവ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും. അതുകൊണ്ട് നീചമെന്നോ ക്രൂരമെന്നോ നികൃഷ്ടമെന്നോ പോലുള്ള ഒരു വാക്കിനും വിശേഷിപ്പിക്കാനാകാത്തത്രയും മോശം ഭരണാധികാരി എന്ന പരിവേഷത്തോടെ ലോകത്തിന് മുന്നിൽ നിൽക്കുകയാണ് ട്രംപ് ഇപ്പോൾ.