തമിഴ്‌നാട്ടിൽ തബ്‌ലീഗികളെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രം

Web Desk

ചെന്നൈ

Posted on June 30, 2020, 9:04 pm

നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തവരെ പാർപ്പിക്കാൻ തമിഴ്‌നാട്ടിൽ തടങ്കൽ കേന്ദ്രം ഒരുക്കി. വിദേശികളായ 129 പേരെ പാർപ്പിക്കാനാണ് തടങ്കൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തതിന് പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ 35 രാജ്യങ്ങളിൽ നിന്നുള്ള 3,500 വിദേശികളാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയത്. ഇവരിൽ നിരവധി പേർ ഗർഭിണികളും വയസ്സായവരും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരുമാണെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിടുന്ന കണക്ക്.

തമിഴ്‌നാട്ടിലുള്ള 129 പേരിൽ 12 പേർ സ്ത്രീകളാണ്. ഇതിൽ കുറച്ചുപേർ ചെറിയ കുട്ടികളുള്ളവരാണ്. ഏപ്രിലിലാണ് തമിഴ്‌നാട് സർക്കാർ തബ്‌ലീഗുമായി ബന്ധപ്പെട്ട് വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. തുടർന്ന് നിരവധി ജില്ലകളിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് വിദേശികളെ കണ്ടെത്തി ജയിലിൽ അടയ്ക്കുകയായിരുന്നു. അറസ്റ്റ് കഴിഞ്ഞുള്ള അടുത്ത മാസം ആറ് തായ്‌ലാൻഡ് സ്വദേശികൾക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇവരെ വിട്ടയക്കുന്നതിനു പകരം തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കുകയാണ് സർക്കാർ ചെയ്തത്.

മെയ് എട്ടിനാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് ഈ ഉത്തരവ് പുറത്തിറക്കിയത്. തുടർന്ന് ഇവരെ ചെന്നൈയിലെ പുഴലിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മഹാമാരിക്കിടെ വിദേശി നിയമത്തിലൂടെ തടങ്കൽ കേന്ദ്രം ഒരുക്കിയ ആദ്യത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. പിന്നീട് ബോർസ്റ്റൽ സ്കൂള്‍ തടങ്കൽ കേന്ദ്രമാക്കി അറസ്റ്റിലായ വിദേശികളെ സർക്കാർ ഇങ്ങോട്ട് മാറ്റുകയായിരുന്നു. ഇത് താൽക്കാലിക ക്യാമ്പ് മാത്രമാണെന്നാണ് സർക്കാരിന്റെ വാദമെങ്കിലും മറ്റ് സംവിധാനങ്ങൾ ഉണ്ടായിട്ടും ഈ തീരുമാനം വിവേചനപരമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണം.

you may also like this video;