Monday
18 Feb 2019

ദേവഗാന്ധാരം

By: Web Desk | Sunday 16 December 2018 7:06 AM IST

കാഞ്ഞാവെളി വിജയകുമാര്‍

വസന്തകാലം വിടര്‍ന്നു;
വീണ്ടും പൂത്തിരുവാതിര തെളിഞ്ഞു.
കിളികളും ചിലയ്ക്കാതെ,
പൂക്കളും വിടരാതെ
വസന്തകാലം കൊഴിഞ്ഞു!
എത്ര പൂത്തിരുവാതിര മറഞ്ഞു?

പ്രിയംവദേ നിന്‍ താമരച്ചുണ്ടില്‍
പ്രണയഗീതം ഉണരാറുണ്ടോ?
വിറയാര്‍ന്നു നില്ക്കുമാ ചുണ്ടില്‍, ഇന്നും
അതിഥിയായെത്തുമെന്‍ ഭഗ്നമോഹം!

കത്തിയെരിയുന്ന സ്വപ്നത്തിന്‍ ചൂടിനി
എത്രനാളെന്നില്‍ ജ്വലിച്ചുനില്ക്കും?
പുനര്‍ജ്ജന്മമുണ്ടെങ്കിലിവിടെ, എന്ന്
ഒരുമിച്ചുചേര്‍ക്കുമെന്‍ പ്രിയസഖിയെ?

ഋതുഭേദങ്ങളില്‍ ഉരുകിപ്പടരുന്നു
എകാന്തദുഃഖത്തിന്‍ തീജ്വാലകള്‍!
ധനുമാസരാത്രിയില്‍,
ഈറന്‍ നിലാവില്‍
കാതോര്‍ത്തുനില്‍ക്കുന്നു-
നൊമ്പരങ്ങള്‍!!