ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരുടെ ഭാര്യ ദേവകി പണിക്കര്‍ (95) നിര്യാതയായി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു. ഗുഡ്ഗാവിലെ വസതിയില്‍ ഇന്നലെ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മകള്‍ അംബിക കൂടെയുണ്ടായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ലോധി റോഡ് പൊതുശ്മശാനത്തില്‍. നയതന്ത്ര വിദഗ്ധനും സ്ഥാനപതിയുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കരുടെ മകളാണ്. 1951 ലാണ് ദേവകി പണിക്കരും എമ്മെനും തമ്മിലുള്ള വിവാഹം നടന്നത്.
ഓക്സ്ഫോർഡ് വിദ്യാഭ്യാസത്തിനുശേഷം പിതാവ് സർദാർ കെ എം പണിക്കരോടൊപ്പം ചൈനയിൽ താമസിച്ച ശേഷം നാട്ടിലേക്കു മടങ്ങിയ ദേവകി പണിക്കർ സമാധാന സാംസ്കാരിക മഹിള പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. “പുതിയ ചീന എങ്ങോട്ട്’ എന്ന പ്രസംഗപരമ്പരയുമായി കേരളീയരെയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച് പര്യടനം നടത്തിയിരുന്നു. ഈ ഘട്ടത്തിൽ കൊല്ലത്തെത്തിയ വേളയിലാണ് എമ്മെനുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. എല്ലാ ആഡംബരങ്ങളും വെടിഞ്ഞ് ലളിത ജീവിതമാണ് അവർ നയിച്ചത്. എമ്മെന്റെ എല്ലാ കഷ്ടപ്പാടും ദാരിദ്ര്യവും അവരുടെ രീതിയില്‍ പങ്കിട്ടു.
എമ്മെന്റെ ജീവിതത്തിലെ ഒരു ശക്തമായ സാന്നിധ്യമായിരുന്നു. എമ്മെന്റെ നിര്യാണത്തിന് ശേഷമാണ് ഡൽഹിയിലേയ്ക്ക് താമസം മാറ്റിയത്. ദേവകി പണിക്കരുടെ നിര്യാണത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു. കേരള മഹിളാ സംഘത്തിന്റെ ആദ്യകാല പ്രവർത്തകയായിരുന്ന അവർ, ഉത്തമയായ ഒരു കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.