Web Desk

തിരുവനന്തപുരം

December 30, 2020, 1:47 pm

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം വേണ്ടിവരുമെന്ന അവകാശവാദവുമായി ദേവന്‍

Janayugom Online

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ നവ കേരള പീപ്പിള്‍സ് പാര്‍ട്ട് ആറ് സീറ്റുകളില്‍ വിജയിക്കുമെന്ന് നടന്‍ ദേവന്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം വേണ്ടി വരുമെന്നും കേരളത്തിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ദേവന്‍ വ്യക്തമാക്കി.

നവ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. ഇതില്‍ ആറ് മണ്ഢലങ്ങളില്‍ വിജയിക്കും. മറ്റ് പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരും. സംസ്ഥാനത്തെ മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ശുദ്ധികലശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തോല്‍പ്പിക്കുക എന്നതാണ് നവ കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ലക്ഷ്യം. തന്റെ പാര്‍ട്ടിയുടെ പോസ്റ്റര്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഒട്ടിക്കും. 2004 ല്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ചത് ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ്. എന്നാലിപ്പോള്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമാണ്. അക്കാര്യത്തില്‍ ആത്മവിശ്വസമുണ്ടെന്നും ദേവന്‍ വ്യക്തമാക്കി.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ സര്‍ക്കറിനെ ദേവന്‍ അഭിനന്ദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ സാധിക്കുന്നില്ല. വിജയത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെുയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, ഏതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണ്. പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം. ഇത് പഠനവിഷയമാക്കേണ്ടതാണെന്നും മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry: Devan claimed that the par­ties would need his help to form  government

You may also like this video: