സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

November 13, 2020, 7:43 pm

കന്മദത്തിലെ മോഹന്‍ലാലിന്റെ അമ്മവേഷം; കെപിഎസി ലളിതയെ അനുകരിച്ച ദേവനന്ദക്ക് കെെയ്യടിച്ച് സോഷ്യല്‍ മീഡിയ

Janayugom Online

സുനില്‍ കെ.കുമാരന്‍

ദേവനന്ദയെന്ന കൊച്ചുമിടുക്കിയുടെ അഭിനയ മികവ് നവമാധ്യമങ്ങളിലൂടെ കണ്ട് കേരളക്കര അടക്കം വിസ്മയിപ്പിച്ചു. ലോഹിതദാസിന്റെ കന്മദം എന്ന സിനിമയില്‍ കെപിഎസി ലളിത അവതരിപ്പിച്ച മോഹന്‍ലാലിന്റെ അമ്മവേഷം, ദേവനന്ദയെന്ന പത്ത് വയസ്സുകാരി ഫേ‌സ്ബൂക്കിലൂടെ വളരെ മികവോടെ അവതരിപ്പിച്ചാണ് മലയാളിമനസ്സുകളെ കീഴടക്കിയത്. കട്ടപ്പന പുളിയന്‍മല സ്വദേശിനി വരിക്കാനിയില്‍ വീട്ടില്‍ രതീഷ്-മയാ ദമ്പതികളുടെ മകളാണ് ദേവനന്ദ രതീഷ്. താന്‍ അവതരിപ്പിച്ച വേഷം ഏറെ മികവോടെ ദേവനന്ദ അവതരിപ്പിക്കുന്നത് കണ്ട് കെപിഎസി ലളിത ഫോണില്‍ വിളിച്ച് അഭനന്ദനം അറിയിച്ചു. ഒപ്പം നടനും സംവിധായകനുമായ നാദുര്‍ഷാ അടക്കമുള്ള നിരവധി ആളുകളുടെ അഭിനന്ദന പ്രവാഹം ഈ കൊച്ചുമിടുക്കിയെ തേടിയെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനോടകം 300ല്‍ പരം ടിക് ടോക് വിഡിയോകള്‍ ചെയ്തുകഴിഞ്ഞു. ദേവാസുരം എന്ന ചിത്രത്തില്‍ രേവതി അനശ്വരമാക്കിയ ഭാനുപ്രിയ, കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് അനശ്വരമാക്കിയ കിട്ടുണ്ണി അടക്കം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ഏറെ പ്രശംസ പിടിച്ചുപറ്റി. സ്‌കൂള്‍ തല മോണോആക്ട്, നാടക മത്സരങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച ആത്മ ധൈര്യമാണ് ഈ മിടുക്കിയെ ടിക്‌ടോക് ചെയ്യുവാന്‍ പ്രചോദനമായത്.

അമ്മ മായയുടെ പ്രേത്സാഹനവും സഹായവും എത്തിയതോടെ ടിക് ടോക്കില്‍ വിഡിയോകള്‍ ചെയ്യുവാന്‍ തുടങ്ങി. വളരെ നല്ല പ്രതികരണങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങിയതോടെ കൂടുതല്‍ ശ്രദ്ധ നല്‍കി കഥാപത്രങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി. തിരഞ്ഞെടുക്കുന്ന ഒരോ കഥാപത്രങ്ങളുടേയും അഭിനയത്തിന്റെ സൂക്ഷമതലങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മണിക്കൂറുകള്‍ എടുത്ത് പഠിച്ച് അവതരിപ്പിക്കുന്നതിലുള്ള ദേവനന്ദയുടെ മിടുക്കാണ് ശ്രദ്ധേയമാകുന്നത്.

ചെറുപ്രായത്തില്‍ കവിഞ്ഞ അഭിനയതികവാണ് ഈ കൊച്ചുമിടുക്കി പുലര്‍ത്തി വരുന്നത്്. പുളിയന്‍മല കെഇയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ കലോല്‍സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയില്‍ റാങ്ക് വിത്ത് എ ഗ്രേഡ് നേടിയ ദേവനന്ദയ്ക്ക് ആക്ടിങ് കോമ്പറ്റീഷനില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ഫെയ്‌സ് ബുക്ക് മത്സരങ്ങളില്‍ 53 ഓളം അവാര്‍ഡുകളും നേടിയിട്ടുണ്ട്. രണ്ട് യൂടൂബ് വിഡിയോകളില്‍ അഭിനയിച്ചുകഴിഞ്ഞു. ഭാവിയില്‍ അഭിനേത്രിയാകണമെന്നും ഒപ്പം കലാമണ്ഡലത്തില്‍ പഠിച്ച് മികച്ച നിര്‍ത്തകിയാകണം എന്നതുമാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. പുളിയന്‍മലയിലെ ലോഡിങ് തൊഴിലാളിയാണ് പിതാവായ രതീഷ്. അമ്മ മായ വീട്ടമ്മയാണ്. ദേവദര്‍ശ്്, ദേവകൃഷ്ണ എന്നിവര്‍ സഹോദരങ്ങള്‍.

 

Eng­lish sum­ma­ry: Devanand­ha’s face­book video goes viral

You may also like this video: