Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
സ്വന്തം ലേഖകന്‍

ന്യൂഡൽഹി

June 15, 2021, 12:17 pm

ഡല്‍ഹി കലാപക്കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; പ്രതിഷേധം ഭീകരവാദമല്ല

Janayugom Online

പ്രതിഷേധിക്കാനുള്ള അവകാശം തീവ്രവാദ പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ കലാപക്കേസിലുള്‍പ്പെടുത്തി യുഎപിഎ ചുമത്തി ജയിലിലടച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വനിതാ കൂട്ടായ്മയായ പിഞ്ച്‌റ തോഡ് അംഗങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികളുമായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്‌ലാമിയ വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട യുഎപിഎ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനൂപ് ജയ്‌റാം ഭാംഭാനി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിയ കോടതി സിആര്‍പിസി നിയമങ്ങള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചത്.

ഭരണഘടന ഉറപ്പു നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കാണിക്കുന്ന വ്യഗ്രതയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധവും ഭീകരപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം മാഞ്ഞുപോകുന്നു. ഈ ചിന്താഗതിക്കാണ് സ്വീകാര്യത ലഭിക്കുന്നതെങ്കില്‍ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിഎഎക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ നിയമ വിരുദ്ധമോ നിരോധിതമോ ആയിരുന്നില്ല. നിയമപാലനത്തിനു ചുമതലയുള്ള ഏജന്‍സികള്‍ പ്രതിഷേധ സമരത്തെ നിരീക്ഷിച്ചതാണ്.

വിദ്യാര്‍ത്ഥി സംഘടനകളാണ് സമരത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ രാജ്യത്ത് നിരോധിക്കപ്പെട്ടവ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2020 മെയിലാണ് ഡല്‍ഹി പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പൗരത്വ പ്രക്ഷോഭം നടക്കുന്നതിനിടെ ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു യുഎപിഎ ചുമത്തിയത്. ഇതോടെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒരു വര്‍ഷത്തിലധികമായി തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. യുഎപിഎ ചുമത്തിയതിനാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ലഭിക്കേണ്ട ഇടക്കാല ജാമ്യം പോലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. രണ്ട് പ്രാദേശിക ജാമ്യക്കാരുടെയും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

eng­lish sum­ma­ry; Devan­gana Kalitha, Natasha Nar­w­al and Asif Tan­ha released on bail
you may also like this video;