Web Desk

ന്യൂഡല്‍ഹി

June 17, 2021, 9:31 pm

അവര്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനായില്ല: ദേവാംഗന, നടാഷ

*മുദ്രാവാക്യം വിളികളോടെ ജയില്‍ കവാടത്തില്‍ വരവേറ്റ് വിദ്യാര്‍ത്ഥികള്‍
Janayugom Online

ജയില്‍വാസത്തിന്റെ പേരില്‍ അവര്‍ക്ക് തങ്ങളെ ഭയപ്പെടുത്താനായില്ലെന്ന് ദേവാംഗന കലിത. ഒരു വര്‍ഷത്തിലധികം നീണ്ട ജയില്‍ ജീവിതത്തിന് ശേഷം മോചിതയായ വനിതാ അവകാശ പ്രവര്‍ത്തകരെ മുദ്രാവാക്യം വിളികളോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ജയില്‍ കവാടത്തില്‍ വരവേറ്റു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കളായ ദേവാംഗന, നടാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന ഇടപെടലിലാണ് മോചനം ലഭിച്ചത്.

‘ഇത് സര്‍ക്കാരിന്റെ നിരാശയാണ് കാണിക്കുന്നത് … ഞങ്ങള്‍ അവരെ ഭയപ്പെടാത്ത സ്ത്രീകളാണ്,’ ദേവാംഗന മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുഹൃത്തുക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിച്ച പിന്തുണയ്ക്കും ദേവാംഗന നന്ദിപറഞ്ഞു.

തങ്ങളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച ഡല്‍ഹി ഹൈക്കോടതിക്ക് നന്ദി പറയുന്നുവെന്ന് നടാഷ നര്‍വാള്‍ പറഞ്ഞു. ഞങ്ങളുടെ പ്രതിഷേധം തീവ്രവാദമായിരുന്നില്ല. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രതിഷേധമായിരുന്നു. അവര്‍ക്ക് ഞങ്ങളെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്താന്‍ കഴിയില്ല. അവര്‍ ഞങ്ങളെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍, അത് ഞങ്ങളുടെ പോരാട്ടം തുടരാനുള്ള ദൃഢ നിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും നടാഷ വ്യക്തമാക്കി.
കാരാഗൃഹവാസം തങ്ങളുടെ പ്രിയപ്പെട്ടവരുമായി വേര്‍പെടുത്തുന്നത് എങ്ങനെയെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് തന്റെ പിതാവിന്റെ മരണമെന്നും നടാഷ കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കാന്‍പോലും കഴിയാതെ പലരും ജയിലുകളില്‍ കഴിയുന്നുണ്ട്. മെയ് മാസത്തില്‍ പിതാവ് മഹാവീര്‍ നര്‍വാള്‍ മരണമടഞ്ഞ അവസരത്തില്‍ നടാഷയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മകളെ അഭിവാദ്യം ചെയ്യാന്‍ എത്തുമായിരുന്നുവെന്ന് നടാഷയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതി ജാമ്യം ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവരെ പുറത്തുവിടാന്‍ ജയില്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ഡല്‍ഹി കര്‍ക്കദുമ വിചാരണ കോടതി കര്‍ശനമായി ഇടപെട്ടിരുന്നു. ഇതിനുശേഷമാണ് മോചനത്തിന് നടപടികളായത്. ഡല്‍ഹി പൊലീസ് ജാമ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇതില്‍ വാദംകേള്‍ക്കുന്നുണ്ട്.

പ്രതിഷേധിക്കാനുള്ള അവകാശം തീവ്രവാദ പ്രവര്‍ത്തനമല്ലെന്നുള്ള സുപ്രധാന നിരീക്ഷണങ്ങളോടെയാണ് ഡല്‍ഹി ഹൈക്കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട യുഎപിഎ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനൂപ് ജയ്‌റാം ഭാംഭാനി എന്നിവര്‍ സിആര്‍പിസി നിയമങ്ങള്‍ പ്രകാരമായിരുന്നു ജാമ്യം നല്‍കിയത്.

ഭരണഘടന ഉറപ്പു നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കാണിക്കുന്ന വ്യഗ്രതയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധവും ഭീകരപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം മാഞ്ഞുപോകുന്നു. ഈ ചിന്താഗതിക്കാണ് സ്വീകാര്യത ലഭിക്കുന്നതെങ്കില്‍ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

2020 മെയിലാണ് ഡല്‍ഹി പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പൗരത്വ പ്രക്ഷോഭം നടക്കുന്നതിനിടെ ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു യുഎപിഎ ചുമത്തിയത്. ഇതോടെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒരു വര്‍ഷത്തിലധികമായി തടവിലായിരുന്നു. യുഎപിഎ ചുമത്തിയതിനാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ലഭിക്കേണ്ട ഇടക്കാല ജാമ്യം പോലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നില്ല.

Eng­lish sum­ma­ry; devan­gana natasha freed from tihar jail

You may also like this videos;