സംസ്‌കാരം വല്ലാതെവളര്‍ന്നാല്‍;സംഗീതചക്രവര്‍ത്തി ദേവരാജന്‍മാസ്റ്റര്‍ക്ക് മേലാപ്പൊരുങ്ങുന്നു

Web Desk
Posted on March 12, 2019, 9:50 am

ഹരികുറിശ്ശേരി

തിരുവനന്തപുരം : നമ്മുടെ പുരോഗമനം ഇങ്ങനെയൊക്കെയാണ് സംസ്‌കാരം വല്ലാതെവളര്‍ന്നാല്‍ നമ്മളെന്തും ചെയ്യും തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ സംഗീതചക്രവര്‍ത്തി ദേവരാജന്‍മാസ്റ്റര്‍ക്ക് മേലാപ്പൊരുങ്ങുന്നു.
മഴയുംവെയിലുമേല്‍ക്കാന്‍ തന്നെയല്ലേ ഈ പെരുവഴിയില്‍ മാസ്റ്ററുടെ പ്രതിമസഥാപിച്ചതെന്നു ചോദിച്ചുപേകും കാരണം 2007 ല്‍സ്ഥാപിച്ച പ്രതിമയുടെ നവീകരണം ഇപ്പോള്‍ നടക്കുകയാണ്. അദ്ദേഹത്തിന് തലക്കുമീതേ ഫൈബര്‍ ഗഌസിന്റെ ഒരു വട്ടക്കുടയും കൂടി വന്നിട്ടുണ്ട്. കര്‍ത്താവ് നമ്മെ രക്ഷിക്കുന്നു കര്‍ത്താവിനെ കാന്തം രക്ഷിക്കുന്നു എന്ന് മിന്നല്‍രക്ഷാചാലകം പിടിപ്പിച്ച ക്രിസ്തുരൂപം കണ്ട് ഒരു മദ്യപന്‍ പറഞ്ഞതാണ് ഓര്‍മ്മവരുന്നത്. മാനവീയം വീഥിയില്‍ രാപകല്‍ സംഗീതംപൊഴിച്ച് ദേവരാജന്‍ എത്രനാളായിതുടരുന്നു. വടക്കേ അറ്റത്ത് നേരത്തേ വയലാറുണ്ട്. തെക്കേ അറ്റത്ത് അടുത്തകാലത്ത് പി ഭാസ്‌കരനും എത്തി. എന്നാല്‍ ദേവരാജന്‍മാസ്റ്റര്‍ക്ക് മാത്രമാണ് മേലാപ്പ്.ആകാശത്തേക്ക് തലയുയര്‍ത്തി അജയ്യസംഗീതത്തിന്റെ പ്രതീകമായി നിന്ന മാസ്റ്റര്‍ക്ക് മേല്‍ ഇങ്ങനെയൊരു സംരക്ഷണ കവചം വേണ്ടിയിരുന്നോ.സാംസ്‌കാരിക തലസ്ഥാനം ചിന്തിക്കുന്നേയില്ല. എല്ലാ സാധനങ്ങളെയും പോലെ പ്രതിമയും നശ്വരമാണ്. കാക്കയും കിളിയും അതിനുമീതേ കാഷ്ഠിച്ചെന്നിരിക്കും മഴയും വെയിലുമേറ്റെന്നിരിക്കും പക്ഷേ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പ്രതിമയാണ് അന്തസും സംസ്‌കാരത്തിന്റെ പ്രതീകവും.
പറഞ്ഞിട്ടെന്താ സംസ്‌കാരം ഇങ്ങനെയൊക്കെത്തന്നെ സംരക്ഷിക്കണമെന്ന് ചിലര്‍ ചിന്തിച്ചുപോയാലെന്തുചെയ്യും.

മാനവീയത്തിന് സമീപത്തുതന്നെ മഹത്തായ മറ്റൊരുദാഹരണമുണ്ട്. എണ്‍പതുകളിലാണ് ബാലഭവന്‍ വളപ്പില്‍ ആ പോര്‍വിമാനമെത്തിയത്. 1971ലെ ഇന്ത്യാപാക് യുദ്ധത്തില്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും പറന്നുയര്‍ന്ന് ചിറ്റഗോങ്ങ് പോര്‍ട്ടിനെ ആക്രമിച്ച സീഹോക് യുദ്ധവിമാനമായിരുന്നു അത്. കാല്‍നൂറ്റാണ്ട് കനകക്കുന്നിനരികേ അവനിങ്ങനെ ഏതുസമയവും ആകാശത്തേക്ക് കുതിക്കുമെന്ന മട്ടില്‍ ഇരുന്നത് നഗരവാസികള്‍ക്കും ഈവഴി പോയിരുന്നവര്‍ക്കും അറിയാം. രാജപാതയില്‍ അന്തസ്സുറ്റ ഒരു കാഴ്ചയായിരുന്നു അത്. അടുത്തകാലത്തെപ്പോഴോ ആണ് അതിന് അതിനേക്കാള്‍ പ്രാമുഖ്യമുള്ള ഒരു മേലാപ്പെത്തിയത്. ഷെഡ്ഡില്‍ കയറ്റിയ യുദ്ധവിമാനം കാണാന്‍ ഇപ്പോള്‍ വരാം. അതിന്റെ അവസ്ഥ ദേവരാജന്‍മാസ്റ്റര്‍ക്കുണ്ടോ എന്നു ചിലര്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ആകാശത്തിലേക്കു തലയുയര്‍ത്തി നില്‍ക്കുന്ന പ്രതിമകളേ പുരോഗതി നിങ്ങള്‍ക്കും വന്നേക്കാം, തലയില്‍ കാക്കയിരിക്കാതിരിക്കാന്‍ മുള്‍ക്കെട്ടുതന്നെ വച്ചുകൂടെന്നില്ല.
എന്തായാലും ഓടി രക്ഷപ്പെടാനാവില്ലല്ലോ.