Web Desk

കൊച്ചി

January 25, 2020, 8:36 pm

സുരക്ഷയൊരുക്കാൻ ഹിന്ദു പൊലീസ് വേണമെന്ന ദേവസ്വം അസിസ്‌റ്റന്റ്‌ കമ്മീഷണറുടെ കത്ത് പിൻവലിച്ചു

Janayugom Online

ക്ഷേത്രത്തിലെ ഉത്സവത്തിനായി ഹിന്ദു പൊലീസുകാരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട്‌ ദേവസ്വം അസിസ്‌റ്റന്റ്‌ കമ്മീഷണർ നൽകിയ കത്ത്‌ ദേവസ്വം മന്ത്രിയുടെ നിർദേശത്തെതുടർന്ന്‌ പിൻവലിച്ചു. വൈറ്റില ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‌ പൊലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്‌ 23ന്‌ കൊച്ചി ദേവസ്വം ബോർഡ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണറാണ്‌ സിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ കത്ത്‌ നൽകിയത്‌.പൊലീസ്‌ സേനയെ ജാതി മത വേർതിരിവോടെ ജോലിക്ക്‌ നിയോഗിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കേരള പൊലീസ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‌ നിവേദനം നൽകിയിരുന്നു. തുടർന്ന്‌ മന്ത്രിയുടെ നിർദേശ പ്രകാരം കത്ത്‌ പിൻവലിക്കുകയും പുതിയ അപേക്ഷ നൽകുകയുമായിരുന്നു.

രാജ്യത്തെ സേനാ വിഭാഗങ്ങൾക്ക്‌ മാതൃകയായ കേരള പൊലീസ്‌ സേനയെ മതത്തിന്റെ പേരിൽ വേർതിരിച്ച്‌ ജോലിക്ക്‌ നിയോഗിക്കണമെന്ന അപേക്ഷകൾ പരിഗണിക്കരുതെന്ന്‌ പൊലീസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണറോട്‌ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി രണ്ടിനാണ്‌ ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്ത്രിന്‌ മുൻവശം മൊബിലിറ്റി ഹബ്‌ വന്നതിനാൽ ഗതാഗത തടസ്സം ഒഴിവാക്കാനും കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കാുൻ ആവശ്യമായ ഹിന്ദു പൊലീസ്‌, വനിത പൊലീസ്‌ ഉദ്യോഗസ്ഥശര നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ്‌ ദേവസ്വം അസിസ്‌റ്റന്റ്‌ കമ്മീഷണർ കത്ത്‌ നൽകിയത്‌.

Eng­lish Sum­ma­ry: Devas­wom with­draws let­ter from Assis­tant Com­mis­sion­er ask­ing Hin­du police to pro­vide security