ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിംഗിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു. വ്യാഴാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചുപേരെയും വിശദമായി ചോദ്യംചെയ്യുന്നതിന് പതിനഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നു. മുഖം മറച്ച നിലയില്‍, ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കിയത്. യുഎപിഎ വകുപ്പ് ചുമത്തിയ കേസിൽ ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ എൻഐഎ അന്വേഷിക്കും. നേരത്തേ ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ദേവീന്ദർ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്തോ എന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയത്. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം.
ശ്രീനഗർ-ജമ്മു ഹൈവേയിൽ സ്ഥിതിചെയ്യുന്ന ദക്ഷിണ കശ്മീരി ഗ്രാമമാണ് കാസിഗുണ്ട്. ദേവീന്ദർ സിങ്, ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ നവീദ് മുഷ്താഖ്, അനുയായികളായ ആസിഫ്, ഇമ്രാൻ എന്നിവർ സഞ്ചരിച്ച i10 കാർ പൊലീസ് ചെക്ക് പോയിന്റിൽ കുടുങ്ങുന്നത്. ചെക്ക് പോയന്റിൽ നടന്ന പരിശോധനയ്ക്കിടെ തന്റെ പേരും, പദവിയുമെല്ലാം വെളിപ്പെടുത്തിയ ഡിസിപി ദേവീന്ദർ സിങ് പറഞ്ഞത് കൂടെയുള്ള മൂന്നുപേരും തന്റെ അംഗരക്ഷകരാണെന്നാണ്. എന്നാൽ, ദേവീന്ദർ സിങ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ആ ചെക്ക് പോയിന്റിൽ അപ്പോൾ സന്നിഹിതനായിരുന്നു. അത് ഡിഐജി അകുൽ ഗോയൽ ആയിരുന്നു.
ദേവീന്ദർ പറഞ്ഞ കഥ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന അകുൽ ഗോയലിന് ആ കാറിലുണ്ടായിരുന്ന നവീദ് എന്ന ഹിസ്ബുൾ കമാണ്ടറുടെ മുഖം നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹം കൂടെയുണ്ടായിരുന്ന പൊലീസ് ഓഫീസർമാരോട് ആ i10 കാർ വിശദമായി പരിശോധിക്കാൻ പറഞ്ഞു. അതിൽനിന്ന് അഞ്ചു ഹാൻഡ് ഗ്രനേഡുകളും ഒരു എകെ 47 യന്ത്രത്തോക്കും കണ്ടെടുത്തതോടെ കാര്യങ്ങൾ വേറെ ലെവലിലേക്ക് നീങ്ങി. അകുൽ ഗോയൽ അവിടെ എത്തിയതിൽ ഒട്ടും യാദൃച്ഛികത ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ ഒരു പൊലീസുകാരന്റെ സഹായത്തോടെ കാസിഗുണ്ട് വഴി ജമ്മുവിലേക്ക് കടക്കുന്നുണ്ട് എന്ന വിവരം കിട്ടിയതുകൊണ്ടുതന്നെയാണ് അദ്ദേഹം നേരിട്ട് ആ ചെക്ക് പോയന്റിൽ എത്തിയത്.
പലരും ദേവീന്ദർ സിങ്ങിനെ പുൽവാമ അക്രമണവുമായിപ്പോലും ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉയർത്തുന്നുണ്ട്. ആക്രമണം നടക്കുമ്പോൾ ദേവീന്ദർ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. നാല്പതിലധികം സിആർപിഎഫ് ഭടന്മാർ അന്ന് കോൺവോയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ദേവീന്ദറിനെ പുൽവാമയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും അന്വേഷണോദ്യോഗസ്ഥർക്ക് ഇതുവരെ കിട്ടിയിട്ടില്ല.
English Summary: Deveendar singh and 4 other sent to nia custody
You may also like this video