വികസ്വര രാജ്യങ്ങളിലെ 95ശതമാനം യുവാക്കളും കൂലിക്കാര്‍

Web Desk
Posted on November 24, 2017, 10:58 pm

ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങളിലെ യുവാക്കളിലേറെയും അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നതെന്ന് ലോക തൊഴിലാളി സംഘടന. മുതിര്‍ന്ന തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ 20 പത്തൊമ്പത് പേരും ഇത്തരം മേഖലയിലാണെന്നും ലോക തൊഴിലാളി സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത് 76.7ശതമാനമാണ്. അതേസമയം ഈ മേഖലയിലെ മുതിര്‍ന്നവരുടെ നിരക്ക് 57.9ശതമാനം മാത്രമാണ്.
ഇന്ത്യ,ടാന്‍സാനിയ, സാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് അസംഘടിത മേഖലയില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ജോലി ചെയ്യുന്നത്. ഇവരുടെ വേതനവും തുലോം തുച്ഛമാണ്. പത്തില്‍ ഒരാള്‍ മാത്രമാണ് കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളത്. ടാന്‍സാനിയയിലും സാംബിയയിലും മിക്ക യുവാക്കളുടെയും കാര്യം പരിതാപകരമാണ്. ഇന്ത്യയില്‍ പകുതിയിലേറെ യുവാക്കളും എഴുതപ്പെട്ട കരാര്‍ ഇല്ലാതെ ജോലി ചെയ്യുന്നവരാണെന്നും ലോക തൊഴിലാളി സംഘടന കഴിഞ്ഞ ദിവസം പുറത്ത് വിട്ട ആഗോള തൊഴില്‍ രീതികള്‍ എന്ന തലക്കെട്ടുളള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ തൊഴില്‍ സൃഷ്ടിക്കണമെന്ന മുറവിളികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പുറത്ത് വന്ന ഈ റിപ്പോര്‍ട്ട് തൊഴില്‍ ഇല്ലായ്മ മാത്രമല്ല രാജ്യത്തെ യുവാക്കളുടെ തൊഴില്‍ പ്രശ്‌നമെന്നും അടിവരയിട്ട് പറയുന്നു. യുവാക്കളുടെ തൊഴിലിന്റെ ഗുണമേന്‍മയടക്കം വിവിധ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്.
വികസ്വര രാജ്യങ്ങളിലെ 39ശതമാനം യുവാക്കളും അതായത്160.8 ദശലക്ഷം യുവാക്കള്‍ ദാരിദ്ര്യത്തിലോ അതി ദാരിദ്ര്യത്തിലോ കഴിയുന്നവരാണ്. അതായത് ഇവരുടെ പ്രതിദിന വരുമാനം 3.10 ഡോളറിലും താഴെയാണെന്ന് അര്‍ത്ഥം. 21.8ശതമാനം യുവാക്കള്‍ക്കും വിദ്യാഭ്യാസമോ പരിശീലനമോ തൊഴിലോ ഇല്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യവും റിപ്പോര്‍ട്ടിലുണ്ട്. ഇതിലേറെയും പെണ്‍കുട്ടികളുമാണ്.
അവികസിത രാജ്യങ്ങളിലെ യുവപുരുഷന്‍മാരുടെ ഇടയില്‍ വിദ്യാഭ്യാസ, പരിശീലന, തൊഴില്‍ നിരക്ക് വെറും എട്ട് ശതമാനം മാത്രമാണ്. വികസ്വര രാജ്യങ്ങളിലിത് 9.6ശതമാനവും വികസിത രാജ്യങ്ങളില്‍ 11.3ശതമാനവുമാണ്. ലിംഗ അസമത്വം വളരെ കൂടിയിട്ടുണ്ടെങ്കിലും വികസ്വര രാജ്യങ്ങളിലെ വനിതകളുടെ ഇടയില്‍ വിദ്യാഭ്യാസ, തൊഴില്‍, പരിശീലന നിരക്ക് 34.4ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദക്ഷിണേഷ്യയിലെ യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് ഇക്കൊല്ലത്തെ 10.9ശതമാനമെന്നത് അടുത്ത കൊല്ലവു നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിന് കാരണം പ്രദേശത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യയുടെ സാനിധ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ ശേഷിക്കുന്ന രാജ്യങ്ങളിലെ മോശം തൊഴില്‍ വിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്കാകും.
അതേസമയം മേഖലയിലെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ നിലനില്‍ക്കുകയാണ്. പതിനാല് ദശലക്ഷം യുവാക്കളാണ് ഇക്കൊല്ലം ജോലിയില്ലാതെ ഇവിടെ ജീവിക്കുന്നതെന്നും ലോക തൊഴിലാളി സംഘടന പറയുന്നു. രാജ്യാന്തര കുടിയേറ്റക്കാരില്‍ 70ശതമാനവും മുപ്പത് വയസില്‍ താഴെയുളളവരാണ്. 15നും 29നുമിടയില്‍ പ്രായമുളള 25.6ദശലക്ഷം പേര്‍ക്ക് 2030 വരെ തൊഴില്‍ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2030ഓടെ പതിനഞ്ചിനും 24നുമിടയില്‍ പ്രായമുളള 77ശതമാനം തൊഴില്‍ ശക്തിയും ആഫ്രിക്കയിലെയും ഏഷ്യയിലെയും വികസ്വര രാഷ്ട്രങ്ങളിലായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.