കോവിഡ് 19 വൈറസ് വ്യാപനം അവസാനിപ്പിക്കുന്നതിനായി കണ്ടെത്തുന്ന വാക്സിനു വേണ്ടി ലോകരാജ്യങ്ങളിൽ പരീക്ഷണങ്ങൾ മുന്നേറുന്നു. രാജ്യങ്ങളും വൻകിട ലബോറട്ടികളും സഹസ്രകോടികൾക്കുള്ള നിക്ഷേപങ്ങളും കരാറുകളുമാണ് ഇപ്പോൾ തന്നെ നടത്തിയിരിക്കുന്നത്. ഒരു ഉറപ്പും ഇല്ലാത്ത വാക്സിനുകൾക്കായി ദ്രതഗതിയിലുള്ള പരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ് നടക്കുന്നത്. അംഗീകാരം ലഭിക്കുന്നതിന് നേരിയ സാധ്യത മാത്രമേ മുന്നിലുള്ളൂ എങ്കിലും അവസാനം കണ്ടെത്തിയേക്കാവുന്ന വാക്സിനുവേണ്ടി അവർ ഇപ്പോൾതന്നെ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലോകത്ത് മുഴുവൻ വിപത്ത് വിതച്ച ഈ മഹാമാരിയെ തടയാൻ നമ്മൾ ഓരോരുത്തരും കഴിയാവുന്നത്ര പരിശ്രമം നടത്തണമെന്ന് ജോൺസൺ ആന്റ് ജോൺസന്റെ മുഖ്യ ശാസ്ത്രഞ്ജനായ പോൾ സ്റ്റോഫൽസ് പറയുന്നു.
ഒരു ഉറപ്പുമില്ലാത്ത വാക്സിൻ എത്രയും വേഗത്തിൽ കണ്ടുപിടിക്കുന്നതിനായി നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎസ് സർക്കാര്‍ കമ്പനിയുമായി നടത്തിയിരിക്കുന്നത്. ഇതിൽ പരാജയപ്പെട്ടാൽ അത് വളരെ മോശം അവസ്ഥയാണ് സൃഷ്ടിക്കുക എന്ന് സ്റ്റോഫൽസ് റോയിട്ടേഴ്സിനോട് പറഞ്ഞു. കാലാകാലങ്ങളായി ആറ് ശതമാനം മാത്രം വാക്സിൻ കാൻഡിഡേറ്റുകളാണ് വിപണിയിൽ എത്തുന്നത്. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ നടന്നാലും വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കാതെ നിക്ഷേപങ്ങളൊന്നും നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 28 ലക്ഷത്തിലധികം പേർക്ക് ബാധിക്കുകയും രണ്ടു ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത് തിരിച്ചാണെന്നും അദ്ദേഹം എടുത്തുപറയുന്നു.
12 മുതൽ 18 മാസങ്ങൾക്കുള്ളിൽ വാക്സിൻ കണ്ടെത്തി 100 ദശലക്ഷം ഡോസുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സിനുകൾ കണ്ടുപിടിക്കാൻ വൈകുമെന്നതിനാൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിലവിൽ നൽകി വരുന്ന ചികിത്സ തന്നെയാണ് അഭികാമ്യം എന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നു. ചാപ്പൽ ഹില്ലിലെ നോർത്ത് കരോലീന സർവകലാശാല ’ ദ കറന്റ് ആന്റ് ഫ്യൂച്ചർ സ്റ്റേറ്റ് ഓഫ് വാക്സിൻസ്, ആന്റിവൈറൽസ് ആന്റ് ജീൻ തെറാപ്പീസ് എഗൈൻസ്റ്റ് എമര്‍ജിംഗ് കൊറോണ വൈറസ്’ എന്ന പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. വൈറസ് കണ്ടു പിടിക്കുന്നതിനായി മാസങ്ങളോ വർഷമോ ആകുമെന്നതിനാൽ നിലവിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത വൈറസ് പ്രതിരോധ മരുന്നുകളും ജീൻ തെറാപ്പിയും വാക്സിനുകളേക്കാൾ പെട്ടെന്ന് ഫലം നൽകുമെന്ന് ഫ്രന്റിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
English Summary: developing covid-19 vaccination
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.