ഉത്തര്‍പ്രദേശിന്റെയും കേരളത്തിന്റെയും വികസനാനുഭവം: ചില യാഥാര്‍ത്ഥ്യങ്ങള്‍

Web Desk
Posted on October 11, 2017, 1:30 am

ഡോ. കെ പി വിപിന്‍ ചന്ദ്രന്‍ & ജിപ്‌സണ്‍ വി പോള്‍

വികസനം എന്ന സംജ്ഞ ഇന്ന് സാമൂഹ്യ- സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ചൂടേറിയ വാദപ്രതിവാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായും എന്താണ് യഥാര്‍ത്ഥ വികസനമെന്നത് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. നിലവിലെ സാഹചര്യങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും, മെട്രോട്രെയിനുകളും, വലിയ വിമാനത്താവളങ്ങളും, വമ്പന്‍ കെട്ടിട സമുച്ചയങ്ങളുമൊക്കെ ചേര്‍ന്നൊരു സമ്പന്ന സാഹചര്യത്തെയാണ് വികസനം എന്നതുകൊണ്ട് ചിലര്‍ വിവക്ഷിക്കുന്നത്. എന്നാല്‍ ഇതാണോ യഥാര്‍ത്ഥവികസനം? മനുഷ്യകേന്ദ്രീകൃതമായ വികസനം കൊണ്ടു മാത്രമേ ഒരു രാജ്യത്ത് യഥാര്‍ത്ഥ വികസനം സാദ്ധ്യമാവുകയുള്ളു. ഒരു രാജ്യത്തിന് അല്ലെങ്കില്‍ ഒരു പ്രദേശത്തിന് മനുഷ്യമൂലധന നിക്ഷേപം കൊണ്ടു വരുന്നത് വിദ്യാഭ്യാസത്തിലുടെയും, ആരോഗ്യസംരക്ഷണത്തിലൂടെയുമാണ്. വികസ്വര രാജ്യങ്ങള്‍ പോലും മാനവ മൂലധനനിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളായ കേരളത്തെയും ഉത്തര്‍പ്രദേശിനെയും കുറിച്ചുള്ള താരതമ്യ ചര്‍ച്ചകള്‍ വിലയിരുത്തേണ്ടത്. കേരളം ഉത്തര്‍പ്രദേശില്‍ നിന്നും വികസനപാഠം പഠിക്കണമെന്ന അഭിപ്രായം വികസനരംഗത്ത് കേരളം തനതായി ഉണ്ടാക്കിയെടുത്ത വികസന അനുഭവത്തെ ചോദ്യം ചെയ്യുന്നതായി മാറി. ഈ സന്ദര്‍ഭത്തില്‍ ഉത്തര്‍പ്രദേശിലെയും കേരളത്തിലെയും വികസന സൂചികകള്‍ തമ്മിലുള്ള താരതമ്യ വിലയിരുത്തല്‍ അനിവാര്യമാണ്.
2000‑ല്‍ ജീന്‍ഡ്രീസും അമര്‍ത്യസെനും ചേര്‍ന്ന് ക്രോഡീകരിച്ച ഇന്ത്യന്‍ വികസനം- തിരഞ്ഞെടുത്ത മേഖലാ പരിപ്രേക്ഷ്യങ്ങള്‍ എന്ന ലേഖന സമാഹാരത്തില്‍ ജീന്‍ ഡ്രീസും, ഹാരിസ് ഗസ്ദറും ചേര്‍ന്ന് എഴുതിയ ‘ഉത്തര്‍പ്രദേശ്: നിഷ്‌ക്രിയതയുടെ ചുമട്’ എന്ന ലേഖനം യുപിയുടെ വികസന പിന്നോക്കാവസ്ഥ ചിത്രീകരിക്കുന്നുണ്ട്. ഈ ലേഖനത്തിന്റെ പുനര്‍ വായനയിലൂടെ യുപിയുടെ ഇന്നത്തെ സാഹചര്യം വിലയിരുത്തുകയും കേരള വികസന മാതൃക ഏങ്ങനെയൊക്കെയാണ് യുപിയേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വര്‍ത്തിക്കുന്നുവെന്ന് ചര്‍ച്ചചെയ്യാനാകും. ഇന്ത്യയിലെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ജീവിത സുഖ സൗകര്യങ്ങളിലും, സാമൂഹിക പുരോഗതിയിലും വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു മേഖലയിലെ വികസനാനുബന്ധിയായ വസ്തുതാപഠനം ആവശ്യമാണ്. കാരണം കേരളത്തിന്റെ വികസനനേട്ടങ്ങള്‍ ഉത്തര്‍പ്രദേശിന്റെ മറുവശമായിട്ടാണ് വിലയിരുത്തേണ്ടത്.
ജീന്‍ ഡ്രീസും, ഹാരിസ് ഗസ്ദറും അവരുടെ ലേഖനത്തില്‍ ഉത്തര്‍പ്രദേശിന്റെ പിന്നോക്കാവസ്ഥയായി ചൂണ്ടികാട്ടുന്നത് ഇവയാണ്- മരണം, സന്താനോല്‍പ്പാദനക്ഷമത, രോഗാവസ്ഥ, പോഷാകാഹാരകുറവ്, നിരക്ഷരത, സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ എന്നിവയുടെ അനിതര സാധാരണമായ ഉയര്‍ന്ന നിരക്കുകളും, ദാരിദ്ര്യ ദൂരീകരണത്തിന്റെ മന്ദഗതിയും. ഈ മേഖലയില്‍ ഉത്തരേന്ത്യയിലെ നാലു വന്‍ സംസ്ഥാനങ്ങളായ ബിഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവ ഉള്‍പ്പെടുന്നു. ഈ നാലു സംസ്ഥാനങ്ങളിലെ സംസ്‌കാരിക, സാമൂഹ്യഘടനകളില്‍ മാത്രമല്ല രാഷ്ട്രീയ സംവിധാനത്തില്‍ പോലും സാദ്യശ്യങ്ങള്‍ നിരവധിയാണ്. വികസന സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ ഉത്തര്‍പ്രദേശില്‍ എന്ത് വികസനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, ഇനി എന്തു ചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കുന്നത് ബംഗ്ലാദേശിനെപ്പറ്റിയോ, എതേ്യാപ്യയെപ്പറ്റിയോ പഠിക്കുന്നതുപോലെ പ്രധാനമാണ്. ഈ നിരീക്ഷണം ഉത്തര്‍പ്രദേശിന്റെ വികസന പിന്നോക്കാവസ്ഥയില്‍ ഒരു അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
ഭൂവുടമാവകാശത്തിലെ വ്യാപകമായ ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കാനും, ഭൂരഹിതത്വം അവസാനിപ്പിക്കാനും ഉത്തര്‍പ്രദേശില്‍ കഴിഞ്ഞിട്ടില്ല. അതുപോലെ ഇന്നും ഭൂമവുടമാവകാശഘടനയ്ക്ക് മാറ്റം വന്നിട്ടില്ല. സാങ്കേതിക വിദ്യാപരമായ മാറ്റം ക്രമേണ സ്വകാര്യ വരുമാന വര്‍ധനയിലേക്ക് നയിക്കുകയും, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് അടിത്തറ പാകുകയും ചെയ്തു. അതേ സമയം കേരളത്തിലെ ഭൂപരിഷ്‌കരണമാണ് നിയമവിധേയമായിരുന്ന ജന്മിത്വവും, ജന്മി സമ്പ്രദായവും അവസാനിപ്പിച്ചത്. സംസ്ഥാനത്തെ കാര്‍ഷിക ബന്ധങ്ങളെ പരിവര്‍ത്തനത്തിനു വിധേയമാക്കിയതു കൂടാതെ കേരളത്തില്‍ സാമൂഹ്യമാറ്റം സുസാധ്യമാക്കാന്‍ കഴിഞ്ഞതും ഭൂപരിഷ്‌കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കാനും, ഗ്രാമീണ ജീവിതത്തെ ജനാധിപത്യവല്‍ക്കരിക്കാനും, സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കാനും, പൊതുജനാരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കാര്‍ഷിക പ്രസ്ഥാനം നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് കേരള വികസന നേട്ടമെന്ന ലേഖനത്തില്‍ വി കെ രാമചന്ദ്രന്‍ ചൂണ്ടികാട്ടുന്നുണ്ട്.
ഒരു ജനതയുടെ അതിജീവനത്തിലെ അടിസ്ഥാന ഘടകങ്ങളായി പരിഗണിക്കുന്നത് ജനസംഖ്യ സൂചകങ്ങളാണ്. കേരളത്തില്‍ ശിശുമരണനിരക്ക് ആയിരത്തില്‍ വെറും 10 ആണെങ്കില്‍ യുപിയില്‍ 43 എന്ന ഉയര്‍ന്നനിരക്കിലാണ്. അതും ദേശീയ ശരാശരിയായ 34 നേക്കാളും മുകളില്‍. മാതൃമരണനിരക്ക് കേരളത്തില്‍ ഒരു ലക്ഷത്തില്‍ 61 ആണെങ്കില്‍ യുപിയില്‍ അത് 285 ആണ്. മാതൃമരണനിരക്കിലെ ദേശീയ ശരാശരി 167 ആണ്. മാനവ വികസനത്തിലെ പ്രധാനപ്പെട്ട ആരോഗ്യസൂചകമാണ് ആയുര്‍ദൈര്‍ഘ്യം. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം 74.9 വയസും, യുപിയില്‍ 64.1 വയസുമാണ്. ഉത്തര്‍ പ്രദേശിലെ ഈ അതിജീവകസൂചകങ്ങള്‍ ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചുപോലും ഇരുണ്ടതാണ്.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് പ്രശ്‌നം രൂക്ഷമായി അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ദുരവസ്ഥയ്ക്ക് കാരണം ബിമാരു ((BIMARU)) സംസ്ഥാനങ്ങളായ ബിഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നിവയാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ മരണനിരക്കും, സന്താനോല്‍പ്പാദന നിരക്കും താഴ്ത്തി കൊണ്ടുവരുന്നതില്‍ വിജയിക്കുന്നുവെങ്കിലും, ജനസംഖ്യാപരിണാമത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശിന് കാര്യമായ മാറ്റമൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഉയര്‍ന്ന മരണനിരക്കും, പോഷകാഹാര പ്രശ്‌നങ്ങളും കുറച്ചു കൊണ്ടു വരുന്നതിന് സാക്ഷരത പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യു.പി.യിലെ സാക്ഷരതാ നിരക്ക് 67.7 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 94 ശതമാനമാണ് ഈ അന്തരം വിദ്യാഭ്യാസത്തിലൂന്നിയ ക്ഷേമപ്രവര്‍ത്തനത്തിലൂടെ സാമൂഹ്യ പുരോഗതി നേടുന്നതിന് യുപിയില്‍ തടസം നില്‍ക്കുന്നു.
സമൂഹത്തിന്റെ മൊത്തം സാമൂഹിക‑സാമ്പത്തിക വികസനത്തില്‍ സ്ത്രീകളുടെ പങ്ക് വളരെ അത്യന്ത്യാപേക്ഷിതമാണ്. സ്ത്രീകളുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാന സൂചകമാണ് ജനസംഖ്യയിലെ സ്ത്രീ-പുരുഷാനുപാതം. യുപിയില്‍ 2001 ല്‍ ആയിരം പുരുഷന്‍മാര്‍ക്ക് 898 സ്ത്രീകള്‍ എന്ന അനുപാതം 2011- ല്‍ 912 ആയി മാറി. എന്നാല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം 2001 ല്‍ 1058 സ്ത്രീകളും, 2011 ല്‍ 1084 സ്ത്രീകളും എന്ന നിലയിലാണ്. ഇന്ത്യയില്‍ സ്ത്രീപുരുഷാനുപാതത്തില്‍ കേരള സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ സ്ത്രീകളുടെ ഈ നേട്ടത്തിന് കാരണം സ്ത്രീ സാക്ഷരത, വിദ്യാഭ്യാസം, കുട്ടികളുടെ അതിജീവനം, പൊതുജനാരോഗ്യം, ശുചിത്വം എന്നിവയാണ്. ജനസംഖ്യ‑ആരോഗ്യ സൂചകങ്ങളായ ആയുര്‍ദൈര്‍ഘ്യം, ജനന മരണനിരക്കുകള്‍, ശിശുമരണനിരക്ക്, പൊതുരോഗാവസ്ഥ എന്നിവ നിര്‍ണയിക്കുന്നതിലും സ്ത്രീയുടെ പങ്ക് പ്രശംസനീയമാണ്. സ്ത്രീസാക്ഷരതയും, പെണ്‍കുഞ്ഞുങ്ങളോടും, സ്ത്രീകളോടും കാട്ടിയ അനുകൂല സാമൂഹിക വീക്ഷണവുമാണ് കേരളം മാനവ വികസന രംഗത്തെ നേട്ടത്തിന് അടിസ്ഥാന കാരണമായത്. എന്നാല്‍ യുപിയിലെ സ്ഥിതി വിഭിന്നമാണ്. സ്ത്രീകള്‍ക്ക് ജനന സമയം മുതല്‍ അവരുടെ ജീവിതത്തിലെ മുപ്പതു വയസുവരെ നേരിടേണ്ടിവരുന്ന പ്രതികൂലാവസ്ഥയാണ് സ്ത്രീപുരുഷാനുപാതം താഴാന്‍ കാരണം. യുപി യിലെ കുറഞ്ഞു വരുന്ന കുട്ടികളുടെ ലിംഗ അനുപാതം ആശങ്ക ഉണര്‍ത്തുന്നതാണ്. ലിംഗപരമായ അസമത്വം കുറയ്ക്കുവാന്‍ യുപിയിലെ ആധുനീകരണത്തിനും വികസന പ്രക്രിയയ്ക്കും ഒന്നും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെയാണ് കേരളത്തിലെ സ്ത്രീശാക്തീകരണ മാതൃകയായ കുടുംബശ്രീ പോലുള്ള മാതൃകകള്‍ പ്രസക്തമാകുന്നത്.
ഉത്തര്‍പ്രദേശിലെ ദാരിദ്ര്യ നിരക്ക് മൊത്തം ജനസംഖ്യയുടെ 37.7 ഉം കേരളത്തിലേത് 12 ഉം ശതമാനമാണ്. അതുപോലെ പ്രതിശീര്‍ഷ വരുമാനത്തിലും ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ വലിയ അന്തരം പ്രകടമാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനം 1,12,432 രൂപ ആണെങ്കില്‍, കേരളത്തിന്റെത് 1,96,842 രൂപയുമാണ് എന്നാല്‍ യുപിയുടേത് വെറും 72,300 രൂപ മാത്രമാണ്. യുപി യുടെ സാമ്പത്തിക അവസ്ഥയും ഇന്ത്യയേക്കാള്‍ വളരെ പിന്നോക്ക നിലയിലാണ്. പ്രതിശീര്‍ഷവരുമാനത്തിലും, സാമൂഹ്യ വികസനത്തിലും യുപിയേക്കാള്‍ വളരെ മുന്നിലാണ് കേരളം.
ഉത്തര്‍പ്രദേശ് ആരോഗ്യരക്ഷാനടപടികള്‍, വിദ്യാഭ്യാസ സൗകര്യമൊരുക്കല്‍, മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, മറ്റു പൊതു സേവനമേഖലയില്‍ അങ്ങേയറ്റത്തെ നിഷ്‌ക്രിയത്വം നിലനില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെയും കേരളവുമായുള്ള അന്തരം വിസ്മയാവഹമാണ്. ഉത്തര്‍പ്രദേശും, കേരളവും തമ്മിലുള്ള അന്തരം അതിപ്രധാനമായ മൂന്ന് സാമൂഹിക പരാജയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്- വിദ്യാഭ്യാസത്തിന്റെ താഴ്ന്നനില, സമൂഹത്തില്‍ സ്ത്രീകളുടെ നിയന്ത്രിതമായ പങ്ക്, പൊതുസേവനമേഖലകളുടെ മോശപ്പെട്ട കൃത്യനിര്‍വഹണം. ഈ മൂന്ന് പരാജയങ്ങളും പരസ്പര ബന്ധിതമാണ്. യുപി യിലെ ഈ പരാജയങ്ങള്‍ക്ക് പരസ്പര ശക്തിദായകമായ രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി വിശാലാധിഷ്ഠിതമായ വികസനത്തോടും, സാമൂഹിക ധര്‍മ്മദീക്ഷയോടും സംസ്ഥാനത്തിന്റെ കുറഞ്ഞ പ്രതിബന്ധത, രണ്ടാമതായി, ഈ അനുഭാവശൂന്യതയെ വെല്ലുവിളിക്കുന്നതിലും, അവശവിഭാഗങ്ങളുടെ താല്‍പര്യങ്ങളും സാമൂഹികാവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിലും പൊതു സമൂഹം നേരിട്ട പരാജയം എന്നിവ. സാമൂഹികനയത്തില്‍ ഭരണകൂടത്തിന്റെ അനുഭാവശൂന്യത ഒരു ദേശീയ പ്രതിഭാസമാണെന്നും, യുപിയില്‍ മാത്രം ഒതുങ്ങുന്നതല്ലായെന്നും പൊതുവേ പറയാറുണ്ട്. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രഗവണ്‍മെന്റ് മുന്നോട്ട് വയ്ക്കുന്ന സാമൂഹിക പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ മെച്ചപ്പെട്ട നിലയിലാണ്. കേരളത്തിലെ ആരോഗ്യരക്ഷ, തമിഴ്‌നാട്ടിലെ സാമൂഹിക സുരക്ഷ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
യുപി യിലെ വിഭാഗീയ രാഷ്ട്രീയവും, സാമൂഹിക യാഥാസ്ഥിതികത്വത്തിന്റെ ലക്ഷണവും സാമൂഹികമാറ്റത്തിന് വിഘാതമാകുന്നതാണ്. യുപിയിലെ ദുരിതപൂര്‍ണമായ സാമൂഹ്യ ജീവിതത്തിന് കാരണം പൊതു നിഷ്‌ക്രിയത്വ (സര്‍ക്കാരിന്റെയും, പൊതു സമൂഹത്തിന്റെയും)മാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും, കഴിവുകളും പ്രോല്‍സാഹിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ പൊതു പ്രവര്‍ത്തനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ വരുമാനം കുറവാണെങ്കില്‍പോലും ഉയര്‍ന്ന സാമൂഹിക വികസനം നേടിയെടുക്കാമെന്ന് കേരളത്തിന്റെ വികസനാനുഭവം കാട്ടിതരുന്നുവെന്ന് അമര്‍ത്യാസെന്നും, ജീന്‍ഡ്രീസും അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിഷ്‌ക്കരണപരവും, വിപ്ലവകരവുമായ വികസനത്തെ സമീപിക്കുന്നതിന്റെ ഉദാഹരണമായും കേരളത്തെ ഉയര്‍ത്തികാട്ടാറുണ്ട്. ഈ നേട്ടത്തിനാധാരം സുസംഘടിതമായ കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന പരിഷ്‌കരിച്ച വിപ്ലവകാഴ്ച്ചപ്പാടാണ്. കേരളത്തിന്റെ വികസന അനുഭവം അന്താരാഷ്ട്ര പ്രശസ്തി ആര്‍ജ്ജിച്ചതാണ്. ഈ നേട്ടങ്ങള്‍ക്ക് കാരണം തുടരെയുള്ള പുരോഗനോന്മുഖമായ ഗവണ്‍മെന്റുകള്‍ നടത്തിയ ബോധപൂര്‍വ്വകമായ നയങ്ങളുടെ തിരഞ്ഞെടുപ്പുകളാണ്. ഭൂപരിഷ്‌ക്കരണവും, ജനകീയാസൂത്രണവും, സാക്ഷരതാ പദ്ധതികളും ഇവയില്‍ ചിലത് മാത്രമാണ്. 1991 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയത്തെ നേരിടാന്‍ കേരളത്തില്‍ ഒരു ബദല്‍ വികസന തന്ത്രം രൂപപ്പെടുത്തുവാന്‍ ശ്രമിച്ചു. അധികാര വികേന്ദ്രീകൃത ജനകീയാസൂത്രണ പദ്ധതിയാണ് ഈ ബദല്‍ വികസന മാതൃക. 73,74 ഭരണഘടനാ ഭേദഗതികള്‍ പുതിയ ബദല്‍ വികസന മാതൃക സൃഷ്ടിക്കാനുള്ള ഭരണപരവും, രാഷ്ട്രീയപരവുമായ അവസരത്തിന് കളമൊരുക്കി. പുതിയ ത്രിതല ഭരണസംവിധാന സൃഷ്ടിയും, അധികാര വികേന്ദ്രീകരണത്തിനുള്ള ജനകീയാസൂത്രണ പ്രസ്ഥാനവും ബഹുജനങ്ങളെ മുഴുവന്‍ വികസനത്തില്‍ പങ്കാളികളാക്കി. ഈ രീതിയിലുള്ള പൊതുജനപിന്തുണ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്.
അവികസിത രാജ്യങ്ങള്‍ക്കും, പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കും കേരളം നല്‍കുന്ന സന്ദേശം ഇതാണ്:- സാമ്പത്തിക വളര്‍ച്ച നേടിയെടുത്താല്‍ മാത്രമേ മാനവവികസന സൂചികകളായ വിദ്യാഭ്യാസം, ആരോഗ്യം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ നേടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന മിഥ്യാധാരണയ്ക്ക് മാറ്റം വരുത്തുവാനും പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശക്തമായ സാമൂഹ്യ ഇടപെടലുകള്‍ ഒരു സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് ഉയര്‍ത്താമെന്നും ബോധ്യപ്പെടുത്താന്‍ സാധിച്ചു. ഈ വസ്തുത ഉത്തര്‍പ്രദേശിന്റെ വികസന മാതൃകയെ പ്രകീര്‍ത്തിക്കുന്നവര്‍ക്കു നല്‍കുന്ന സന്ദേശമാണ്.
(ലേഖകര്‍ യഥാക്രമം കാസര്‍ഗോഡ് എളേരിത്തട്ട് ഗവണ്‍മെന്റ് കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അധ്യാപകനും, വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനുമാണ്.)