Tuesday
26 Mar 2019

സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പായുന്ന നമ്മള്‍

By: Web Desk | Sunday 11 March 2018 10:51 PM IST


തൊട്ടതിനും പിടിച്ചതിനുമൊക്കെ നികുതിയുള്ള നമ്മുടെ രാജ്യത്ത് സ്വപ്‌നം കാണുന്നതിനുമാത്രം നികുതിയില്ലാത്ത നാം എത്ര ഭാഗ്യവാന്മാര്‍. സ്വപ്‌നങ്ങളെ ആധാറുമായി ബന്ധിപ്പിക്കുകയും വേണ്ട. പക്ഷേ ദിവാസ്വപ്‌നങ്ങള്‍ അസംബന്ധജഡിലമായാലോ. തൊഴിലില്ലാത്ത യുവാക്കളെ തിരയെണ്ണാന്‍ നിയോഗിച്ചാല്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവും എന്ന് മന്ത്രിമാര്‍ സ്വപ്‌നം കാണാത്തത് നമ്മുടെ ഭാഗ്യം.
പക്ഷേ വികസനം എന്ന വിഷയം നമുക്ക് ഇപ്പോഴും ഒരു ദിവാസ്വപ്‌നമാണ്. ഈ പകല്‍ക്കിനാവുകള്‍ നല്‍കിയ ദുരന്തങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ജനത്തെ ഒപ്പംകൂട്ടാന്‍ ഓരോ പദ്ധതിക്കും ഭരണകര്‍ത്താക്കള്‍ ഒരു പേരിടും. സ്വപ്‌നപദ്ധതി. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയായിരുന്നു ആദ്യ സ്വപ്‌നപദ്ധതി. സ്മാര്‍ട്ട് സിറ്റി പദ്ധതി ദുബായിലെ ടീകോമിന്റെ നേതൃത്വത്തില്‍ നിര്‍മാണം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തോളമായി. തുടക്കത്തില്‍ എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. കാക്കത്തൊള്ളായിരം പേര്‍ക്ക് തൊഴില്‍ അങ്ങനെയെങ്ങനെ പ്രലോഭനങ്ങള്‍ നീണ്ടു. ഇതിനകം ഭാഗികമായി പണിപൂര്‍ത്തിയായ സ്മാര്‍ട്ട്‌സിറ്റിയില്‍ എത്രപേര്‍ക്ക് പണികിട്ടി. സ്വപ്‌നപദ്ധതിയെന്നു തമ്പേറടിച്ചവര്‍ കമാ എന്നൊരക്ഷരം മിണ്ടുന്നില്ല. കുറേ തട്ടുകടകളും ബാര്‍ബര്‍ഷാപ്പുകളുമായി ആ സ്വപ്‌നപദ്ധതി ഒരു ദുരന്തമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കാര്‍ ഈച്ചയാട്ടിയിരിപ്പാണ്.
മറ്റൊരു സ്വപ്‌നപദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞമുണ്ടായ കാലം മുതല്‍ കേട്ടുതുടങ്ങിയ പദ്ധതി. രണ്ട് തലമുറ കഴിഞ്ഞാലും മലയാളിയായ നികുതിദായകന് കാല്‍ക്കാശ് തിരിച്ചുകിട്ടാത്ത സ്വപ്‌നപദ്ധതി. ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മോഡിയുടെ കോര്‍പ്പറേറ്റ് കൂലിത്തല്ലുകാരനായ ഗൗതം അഡാനി നമ്മെയൊക്കെ ഭീഷണിപ്പെടുത്തിക്കളഞ്ഞു. ഇപ്പോള്‍ അഡാനി പറയുന്നത് തുറമുഖത്തിനുവേണ്ടി കടലിലിട്ട കല്ല് മുഴുവന്‍ ഓഖി ചുഴലിക്കാറ്റ് വിഴുങ്ങിയെന്ന്. ബിഹാറിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 9 ലക്ഷം ലിറ്റര്‍ വിദേശമദ്യം എലികള്‍ കുടിച്ചുവറ്റിച്ചെന്ന ന്യായം പോലെ, മറ്റൊരു സ്വപ്‌നപദ്ധതിയായിരുന്നു കൊച്ചി മെട്രേ റെയില്‍. ട്രെയിന്‍ ഓടിത്തുടങ്ങിയിട്ട് ഒരുകൊല്ലം പോലുമായില്ല. പക്ഷേ മെട്രോ റെയിലിലൂടെ ട്രെയിനിനേക്കാള്‍ വേഗത്തില്‍ കൂകിപ്പായുന്നത് കോടികളുടെ പൊതുപണനഷ്ടം. ഇതിനിടെ തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ തുടങ്ങാതെ തന്നെ ഒടുങ്ങി. മെട്രോമാന്‍ ഇ ശ്രീധരന്‍ സലാം പറഞ്ഞു പിരിയുകയും ചെയ്യുന്നു.
സ്വപ്‌നപദ്ധതികളുടെ വികലമായ പ്രയോഗക്ഷമതാ റിപ്പോര്‍ട്ടുകളാണ് ഈ സ്വപ്‌നങ്ങള്‍ വീണുടയാന്‍ കാരണമെന്ന് ഏത് മാണിക്കുപോലും അറിയാം. ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ വരുന്ന കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ പിന്നീട് കരാറുകാരുടെ വേഷമിട്ട് പദ്ധതി പൂര്‍ത്തിയാക്കുന്നതുമൂലമാണ് സ്വപ്‌നങ്ങള്‍ തകരുന്നതെന്ന പാഠം പഠിക്കാന്‍ ലാവ്‌ലിന്‍ മുതല്‍ അഡാനിയും ഡിഎംആര്‍എല്‍ വരെയുമുള്ള ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കാതെ പിന്നെയും സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പായുന്ന നമ്മള്‍. എന്നിട്ടും നാം അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് പിന്നെയും സ്വപ്‌നങ്ങള്‍ നെയ്യുന്നു. പെട്രോളിയം സമ്പത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സൗദിഅറേബ്യയും യുഎഇയും പാരമ്പരേ്യതര വൈദ്യുതി ഉല്‍പാദനത്തിലേയ്ക്ക് നീങ്ങിക്കഴിഞ്ഞത് ഉച്ചക്കിറുക്കു കൊണ്ടല്ലല്ലോ. ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജനിലയങ്ങളും കാറ്റാടിപ്പാടങ്ങളും ആ രാജ്യങ്ങളില്‍ വൈദ്യുതോല്‍പാദനം ആരംഭിക്കുമ്പോഴാണ് ചിലര്‍ അതിരപ്പള്ളി സ്വപ്‌നം കാണുന്നത്. കേരളം വരണ്ടുണങ്ങി വിണ്ടുകീറുമ്പോള്‍ യുഎഇയില്‍ ഇപ്പോള്‍ മേഘങ്ങളില്‍ ഉപ്പുവിതറി സുലഭമായി മഴപെയ്യിക്കുമ്പോള്‍ പ്രബുദ്ധ കേരളീയര്‍ പ്രകൃതിയെ പിരാകുന്ന വിരോധാഭാസം.
നമ്മുടെ കാഴ്ചപ്പാടുകള്‍ തന്നെയാണ് ഈ സ്വപ്‌നദുരന്തങ്ങള്‍ക്കെല്ലാം കാരണം. അവതാളത്തിലായ മോണോറെയില്‍ പദ്ധതി മുതലെങ്കിലും അനിവാര്യവും ശാസ്ത്രീയവുമായ പ്രായോഗികക്ഷമതാപഠനത്തിന് തുടക്കം കുറിച്ചില്ലെങ്കില്‍ സ്വപ്‌നപദ്ധതികള്‍ എന്ന ചപ്പടാച്ചികളിലും പിത്തലാട്ടങ്ങളിലും കുടുങ്ങി പൊതുപ്പണം ആണുങ്ങളുടെ കീശയിലാവുന്നത് തുടര്‍ക്കഥയാവുക തന്നെ ചെയ്യും. ഭരണകൂടങ്ങള്‍ മാറിമാറി വന്നാലും ബ്യൂറോക്രസിയുടെ അച്ചാണിയില്‍ തിരിയുന്ന ഭരണയന്ത്രം വികസനവിരുദ്ധരുടെ കൈകളില്‍ കിടന്ന് അമ്മാനമാടുകയും ചെയ്യും.
സ്വപ്‌നങ്ങള്‍ക്കു പിമ്പേ പാഞ്ഞ് വികസ്വര കേരളം ഒരു പരുവത്തിലാകുമ്പോള്‍ സാംസ്‌കാരിക കേരളത്തിന്റെ കുതിപ്പ് പിന്നോട്ടേയ്‌ക്കെന്ന ദുരന്തം മറ്റൊന്ന്. മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന പ്രബുദ്ധ കേരളമാണ് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും അയ്യാഗുരുസ്വാമിയും പണ്ഡിറ്റ് കെ പി കുറുപ്പനുമടക്കമുള്ള യുഗപുരുഷന്മാരുടെ കര്‍മഭൂമിയെന്നോര്‍ക്കുമ്പോള്‍ നാം ലജ്ജിക്കുക. ഗുരുദേവന്‍ ‘നമുക്ക് ജാതിയില്ല’ എന്നും ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു’മെന്ന് വിളംബരം ചെയ്ത നാട്. പക്ഷേ ഇന്നും സാംസ്‌കാരിക കേരളം ജാതിയുടെ വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുകളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നുവെന്നു മനസിലാകാന്‍ പത്രങ്ങളിലും ചാനലുകളിലും വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങളിലേയ്ക്ക് കണ്ണോടിക്കുക. ഹിന്ദു മാട്രിമണി, ക്രിസ്ത്യന്‍ മാട്രിമണി, മുസ്‌ലിം മാട്രിമണി എന്നിങ്ങനെ സമൂഹത്തെ കീറിമുറിക്കുന്ന പരസ്യങ്ങള്‍. പോരാഞ്ഞ് ഈഴവര്‍ക്കും നായര്‍ക്കും മേനോനും മേനോക്കിക്കും ബ്രാഹ്മണനും അവരിലെ അവാന്തര വിഭാഗങ്ങള്‍ക്കും വരെ വധൂവരന്മാരെ തരാതരം തേടുന്ന പരസ്യങ്ങള്‍. വിപ്ലവത്തിന്റെ തീ തുപ്പുന്ന ഒരു യുവപെണ്‍മണി നല്‍കിയ പരസ്യം തന്റെ സഭയില്‍പ്പെട്ട ചെക്കനെ വരനായി കിട്ടാനുണ്ടോ എന്നായിരുന്നു. എന്തുകൊണ്ട് ദളിത് മാട്രിമണിയെന്ന പരസ്യം കാണുന്നില്ല? ആദിവാസി മാട്രിമണി എന്ന വാക്ക് എന്തേ ഈ പരസ്യങ്ങളില്‍ കാണാത്തത്. പ്രബുദ്ധ കേരളം പ്രാകൃതകാലഘട്ടത്തിലേയ്ക്ക് തിരിച്ചൊഴുകുമ്പോള്‍ ചാതുര്‍വര്‍ണ്യത്തിനും മനുസ്മൃതിക്കുമെതിരെ പടവാളുയര്‍ത്താന്‍ നമുക്ക് എന്താണ് ധാര്‍മികാവകാശം. ഇത്തരം കല്യാണപരസ്യങ്ങളുടെ ആധിക്യം കണ്ടപ്പോള്‍ ദേവിക വഴിമാറി ചിന്തിച്ചുപോയെന്നേയുള്ളു…
വര്‍ഗീയ വൈരങ്ങള്‍ക്ക് പുറമേ ജാതിപ്പേരുകള്‍ക്കും കേരളം വളക്കൂറായ മണ്ണായിക്കൊണ്ടിരിക്കുന്നുവോ എന്ന് ആശങ്ക. ഏതാനും മാസം മുമ്പ് അവര്‍ണര്‍ ജാതിമതില്‍ തീര്‍ത്തത് വന്‍വിവാദമായി വളര്‍ന്നെങ്കിലും പ്രശ്‌നം ഇപ്പോഴും നീറിപ്പുകയുന്നതിനിടയില്‍ പന്തളം മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രപരിസരങ്ങളില്‍ വിതരണം ചെയ്ത നോട്ടീസുകളില്‍ പറഞ്ഞിരുന്നത് കുറവര്‍, പുലയര്‍, പറയര്‍ തുടങ്ങിയ ഹീനജാതിക്കാര്‍ക്ക് ഈ അമ്പലത്തില്‍ പ്രവേശനം വിലക്കിയിരിക്കുന്നുവെന്നായിരുന്നു. ക്ഷേത്രഭരണസമിതി പോലും അറിയാതെ പ്രത്യക്ഷപ്പെട്ട ഈ നോട്ടീസിന് പിന്നില്‍ ജാതികലാപമല്ലാതെ മറ്റെന്തായിരുന്നു ലക്ഷ്യം. ഈ നോട്ടീസിനു പിന്നിലെ തമശക്തികള്‍ക്ക് ഇരുളില്‍ ഒളിച്ചിരിക്കാന്‍ ഇടം നല്‍കുന്നതും ഈ പ്രബുദ്ധ കേരളം. ‘കേഴുക പ്രിയനാടേ’ എന്ന് ഒപ്പാരുവയ്‌ക്കേണ്ടതിനപ്പുറത്തേയ്ക്ക് നാം നീങ്ങണമെന്ന ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്ന ആ നോട്ടീസിനെ വെറും വാറോലയായി നാം തള്ളിക്കളയാതിരിക്കുക.
നമ്മില്‍ ചിലരൊക്കെ അങ്ങിനെയാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയറിയാത്തവര്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത തങ്ങളുടെ പ്രതിനിധികള്‍ ജനങ്ങളുടെ റോള്‍മോഡലുകള്‍ ആകണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. പക്ഷേ അവര്‍ പരസ്യമോഡലുകളായി ചാനലുകളിലൂടെ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിയാലോ’. പരസ്യമോഡലുകളിലെ ചക്രവര്‍ത്തിയായ അമിതാബ്ബച്ചന്‍ എന്തെല്ലാം വേഷമിട്ടാണ് അവതരിക്കുന്നത്. ബാര്‍ബറായി, വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായി, പെയിന്റിന്റെയും മറ്റും മഹിമകള്‍ വിളിച്ചോതുന്നയാളായി. പക്ഷേ നമ്മുടെ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ബിരിയാണിഅരിയുടേയും വാര്‍ക്കക്കമ്പിയുടേയും ബ്ലേഡ് കമ്പനികളുടേയും മോഡലുകളായി നമ്മുടെ മുന്നിലെത്തുന്നത് എളിമയോടെ പറഞ്ഞാല്‍ പോലും അത് എരപ്പാളിത്തമാണ്. എംപിയും എംഎല്‍എയുമെന്ന നിലയില്‍ ഭാരിച്ച ശമ്പളവും അലവന്‍സുകളും നല്‍കുന്നത് ജനങ്ങളുടെ പൂര്‍ണസമയ സേവകരാകാനാണ്. അല്ലാതെ നക്കാപിച്ച വാങ്ങി വേഷം കെട്ടാനല്ല. കുറഞ്ഞപക്ഷം ജനങ്ങളോടു വേണ്ട, സ്വന്തം കസേരയോടെങ്കിലും തെല്ലു ബഹുമാനം വേണ്ടേ.
‘ഓടണ്ട ഓടണ്ട ഓടിത്തളരേണ്ട’ എന്ന കലാഭവന്‍ മണിയുടെ പാട്ടുപോലെയായി നമ്മുടെ ഗതാഗതവകുപ്പ്. പെന്‍ഷനും ശമ്പളവും കൊടുക്കാനാവാതെ ചക്രശ്വാസം വലിക്കുന്ന കെഎസ്ആര്‍ടിസിയെ ഉടനെയങ്ങ് ഉദ്ധരിച്ചു കളയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ ഭീഷണി. അങ്ങനെ വരുമ്പോള്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറുകളെ ഓടിത്തളര്‍ത്തി വശംകെടുത്തിക്കൂടല്ലോ. ഇതിന് ഗതാഗതവകുപ്പിലെ ഒരു വിരുതന്‍ ഒരു ഉത്തരവ് ഒപ്പിച്ചെടുത്തു. സ്വകാര്യബസുകള്‍ ഒരു കിലോമീറ്റര്‍ ഒന്നേമുക്കാല്‍ മിനിറ്റില്‍ ഓടിത്തീര്‍ത്താല്‍ മതി. ആനവണ്ടി രണ്ട് മിനിറ്റെടുത്തോട്ടെ. യാത്രക്കാരെയെല്ലാം സ്വകാര്യബസുകള്‍ തൂത്തുവാരിക്കൊണ്ടുപോകുമ്പോള്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാലിയടിച്ചോടാം. വരുമാനവര്‍ധനയ്ക്ക് ഇതില്‍പരം ഒരു മാര്‍ഗമുണ്ടോ. കേരളത്തെ പൊതുമേഖലയുടെ ശവപ്പറമ്പാക്കുന്ന ഇത്തരം കപ്പലിലെ കളളന്മാരെ ഇതുവരെ കണ്ടുപിടിക്കാന്‍ പോലും നമുക്കു കഴിയുന്നില്ല. പകരം അള്ളി, കിള്ളി, നുള്ളി എന്നിങ്ങനെയുള്ള പരിദേവനം പറച്ചിലിലും കള്ളക്കളികളുടെ ശോഭകേടില്ലേ?