Web Desk

കഴക്കൂട്ടം

September 15, 2020, 4:03 pm

സമസ്ത മേഖലകളിലും വികസനമൊരുക്കി കഴക്കൂട്ടവും

Janayugom Online

കേരളത്തിന്റെ ഐടി തലസ്ഥാനമായും തിരുവനന്തപുരത്തിന്റെ മെട്രോ നഗരമെന്നും അറിയപ്പെടുന്ന കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ അതിശയിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളാണ് സഹകരണ‑ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ടെക്നോപാർക്ക്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരാനും കിഫ്ബിയിലൂടെ നിർണ്ണായക ചുവടുവെയ്പ്പ് നടത്തിയിട്ടുണ്ട്. തലസ്ഥാന നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ശ്രീകാര്യം, ഉള്ളൂർ ഫ്ലൈഓവറുകൾ, പേട്ട — ആനയറ ‑വെൺപാലവട്ടം റോഡ്, മണ്ണന്തല — പൗഡിക്കോണം റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പലഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ജില്ലയ്ക്ക് അഭിമാനമായി മാറും. വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തിനിൽക്കുന്ന കാര്യവട്ടം യൂണിവേഴ്സിറ്റി കോളജും, കുളത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂളിന്റെ വികസനവും എടുത്തുപറയേണ്ടതാണ്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ വലിയ വികസനമൊരുക്കി ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയവും നിർമ്മാണം ആരംഭിച്ചിട്ടുള്ളതും കിഫ്ബി മുഖാന്തരം കഴക്കൂട്ടത്താണ്.

717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ സമഗ്രവികസനത്തിനായി കിഫ്ബി മുഖേന നടപ്പിലാക്കുക. ആദ്യഘട്ടമായി കിഫ്ബി അനുവദിച്ച 58.37 കോടി രൂപയുടെ പദ്ധതി അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാർക്കിങ്ങും വികസിപ്പിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്. കാമ്പസ് റോഡ് നവീകരണവും അറുന്നൂറോളം കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സൗകര്യമുള്ള രണ്ട് മൾട്ടി ലെവൽ കാർപാർക്കിങ്ങുകളും പുതിയ മേൽപ്പാല റോഡ് നിർമാണവും ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ട നിർമ്മാണം അവസാന ഘട്ടത്തിലാണ്.

ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ 135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശ്രീകാര്യം ഫ്ളൈ ഓവർ പദ്ധതി കിഫ്ബി അംഗീകരിച്ചു. സ്ഥലം ഏറ്റെടുപ്പിനുള്ള ആദ്യ ഗഡുവായി 35 കോടി രൂപ കൈമാറുകയും ചെയ്തു. ശ്രീകാര്യം ജങ്ഷന്റെ സമഗ്ര വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. നിർദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവർ രൂപകല്പന ചെയ്തിരിക്കുന്നത്. സ്ഥലം എടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

കഴക്കൂട്ടത്തെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ദീർഘകാല ആവശ്യമായ ഉള്ളൂർ ഫ്ളൈ ഓവറിന്റെ ഒന്നാം ഘട്ടത്തിന് കിഫ്ബി അനുമതി നൽകി. 54.28 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പേട്ട — ആനയറ — വെൺപാലവട്ടം റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള 63.48 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി. സ്ഥലം എടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണ്. നഗരത്തിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള പ്രധാന റോഡുകളിൽ ഒന്നായ മണ്ണന്തല പൗഡിക്കോണം ശ്രീകാര്യം റോഡ് ഒന്നാം ഘട്ട നവീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി ആകെ 84.2 കോടിയുടെ ഡിപിആർ സമർപ്പിച്ചതിൽ ആദ്യ ഘട്ടത്തിന് 41.86 കോടി രൂപയുടെ സാമ്പത്തിക അനുമതി നിലവിൽ ലഭിച്ചിട്ടുണ്ട്. സ്ഥലം എടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

കാര്യവട്ടം ഗവ. കോളജ് പുതിയ കെട്ടിട സമുച്ചയവും ആധുനിക ക്ലാസ് മുറികളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിർമ്മിക്കുന്നതിന് 16 കോടി രൂപയാണ് കിഫ്ബി നൽകിയത്. നിർമ്മാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ കിഫ്ബി പദ്ധതി പ്രകാരം ആറ് കോടി രൂപ ചെലവഴിച്ച് വിശാലമായ മൈതാനം മധ്യത്തിൽ വരുന്ന വിധത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയ ബഹുനില മന്ദിര നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. കുളത്തൂർ കോലത്തുകര ഗവ. ഹയർസെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാൻ ആറ് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കും.

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി

മാലിന്യനിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായലിനെ രക്ഷിക്കാൻ 64.13 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. ആക്കുളം കായലിന്റെയും കൈത്തോടുകളുടെയും സമ്പൂർണ നവീകരണം ലക്ഷ്യമിട്ട് ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിന്റെ സഹായത്തോടെ കഴിഞ്ഞ ഒന്നരവർഷത്തെ വിശദമായ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായി തയ്യാറാക്കിയ വിശദമായ പദ്ധതി രൂപരേഖയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിൽ നിലവിൽ മണ്ണ് ഉയർന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീൻ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകൾ, ഇടനാഴികൾ, കല്ലുകൾ പാകിയ നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, പൂന്തോട്ടത്തിന് നടുവിൽ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവയും നിർമ്മിക്കും. ആക്കുളം കായലിനു പുറമേ കായലിലേക്ക് വന്നുചേരുന്ന ഉള്ളൂർ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കൽ കോളജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.

കഴക്കൂട്ടം മഹാദേവക്ഷേത്രം ശബരിമല ഇടത്താവളം

ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലാണ് ഉയരുന്നത്. സംസ്ഥാന സർക്കാർ 10 കോടി രൂപ ചെലവഴിച്ചാണ് ഇടത്താവള സമുച്ചയം നിർമ്മിക്കുന്നത്. വിശാലമായ അമിനിറ്റി സെന്റർ, മുന്നൂറ്റമ്പത് പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, വിരിപന്തൽ, എഴുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ആധുനിക പാചകമുറി, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിർമ്മിക്കും. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് കൗണ്ടർ, ഇന്റർനെറ്റ് വൈ ഫൈ സംവിധാനം, ലോക്കർ സൗകര്യം, ഭക്തർക്കാവശ്യമായ സാധനങ്ങൾ ലഭിക്കുന്ന അമിനിറ്റി സ്റ്റോർ എന്നിവയും ഇടത്താവള സമുച്ചയത്തിലുണ്ടാകും. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Eng­lish sum­ma­ry: devel­op­ment in all areas of Kazhakoottam