June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

വികസനമാണ് സർക്കാർ ലക്ഷ്യം: പ്രൊഫഷണലുകൾ കൂടെ നിൽക്കണണമെന്ന് മുഖ്യമന്ത്രി

By Janayugom Webdesk
February 15, 2020

ഒരു മേഖലയിലെ മാത്രമല്ല സർവ്വ സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്ക് ഒരു നവകേരളം സൃഷ്ടിക്കേണ്ടതുണ്ട്. അതിന് പ്രൊഫഷണലുകളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റിൽ നടന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ് 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വരും കാലത്ത് ജോലി തേടി പുറത്തു പോകേണ്ടി വരില്ല. നാട്ടിൽ തന്നെ ജോലി ചെയ്യുന്നതിനുള്ള അവസ്ഥ ഉണ്ടാകും. അതിന് സഹായിക്കുന്ന സ്ഥാപനങ്ങളാണ് ഇപ്പോൾ കേരളത്തിലേക്ക് വരാൻ പോകുന്നത്. കുറച്ചുനാൾ മുമ്പ് കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമാണ് കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത്. നിക്ഷേപം സ്വീകരിക്കാൻ ആവശ്യമായ ഒട്ടേറെ സൗകര്യങ്ങൾ സർക്കാർ അതിനു മുമ്പുതന്നെ ഒരുക്കിയിരുന്നു. ഇതുവരെ നമ്മുടെ നാട്ടിലേക്ക് വന്നിട്ടില്ലാത്ത, ആഗോള ഭീമന്മാർ എന്ന വിശേഷിപ്പിക്കപ്പെടുന്ന പല കമ്പനികളും കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.

വെള്ളപ്പൊക്കം, നിപ്പ, കൊറോണ തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നമ്മുടേതായ രീതിയിൽ നേരിടാനും അതിനെ അതിജീവിക്കാനും നമുക്ക് കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങൾ അടക്കം ഏത് ദുരന്തങ്ങളെ നേരിടുന്നതിന് സന്നദ്ധരായവരുടെ ഒരു നിര ആവശ്യമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ മൂന്നു ലക്ഷത്തിലധികം വോളണ്ടിയർമാർ ഉള്ള ഒരു സന്നദ്ധ സംഘത്തിന് രൂപം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദുരന്തങ്ങളെ നേരിടാൻ ഇവരെ പരിശീലിപ്പിക്കുകയും ദുരന്തമേഖലയിൽ ഔദ്യോഗികമായി പ്രവർത്തിക്കാൻ ഇവർക്ക് അവസരം ഒരുക്കുകയും ചെയ്യും. ഇതിനുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കേരളം വലിയൊരു പുനർനിർമ്മിതിയുടെ പാതയിലാണ്. ഇതിൽ ഏറ്റവും വലിയ പങ്കുവഹിക്കേണ്ടത് നാട്ടിലെ യുവ ജനതയാണ്. അതിനാൽ നാടിനൊപ്പം യുവജനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആരോഗ്യമേഖലയിൽ അടുത്തകാലത്തായി വലിയ കുതിച്ചു ചാട്ടമാണ് കേരളം നടത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആകുകയും ഇവിടെ പൂർണസമയ പരിശോധന സംവിധാനം ഒരുക്കുകയും ചെയ്തു. വിവിധ പരിശോധനകൾക്കായി ലാബ് സൗകര്യവും ഇവിടെ ഒരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് മുകളിലേക്കുള്ള ആശുപത്രികളുടെ നിലവാരം ഉയർത്താനും സർക്കാർ നടപടി ഉണ്ടായി.

ലൈഫ് മിഷനിലൂടെ കേരളത്തിലെ ഭവനരഹിതരായ ലക്ഷം കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകാൻ കഴിഞ്ഞത്. ഈ പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ എൻജിനീയറിങ് കോളേജുകളുമായി സഹകരിച്ചിരുന്നു. കേരളത്തിലെ പ്രഫഷണലുകൾ ഫലപ്രദമായ സഹായം പദ്ധതിക്ക് നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ് പ്രോഗ്രാം വഴിയും അല്ലാതെയും പ്രൊഫഷണലുകൾക്ക് സർക്കാരുമായി സഹകരിക്കാനും നാടിന്റെ നന്മക്കായി പ്രവർത്തിക്കാനും കഴിയും.

ഫിഷറീസ് മേഖലയിൽ പണ്ട് ഒന്നാം സ്ഥാനമായിരുന്നു കേരളത്തിന്. എന്നാൽ ഇപ്പോൾ ആ സ്ഥാനം മറ്റ് സംസ്ഥാനങ്ങൾ കൈയ്യടക്കി. ഗ്രാമപ്രദേശങ്ങളിൽ അടക്കമുള്ള ജലസംഭരണികൾ മത്സ്യം വളർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. പ്രൊഫഷണലുകൾ ആർജ്ജിച്ച വൈദഗ്ദ്ധ്യം ഇവിടെ ഉപയോഗിക്കാൻ കഴിയും. അത് സമൂഹത്തിനു വേണ്ടി വിനിയോഗിക്കാൻ പ്രൊഫഷണലുകൾ തയ്യാറാകണം. പാലുല്പാദനത്തിൽ കേരളത്തിലെ സ്വയം പര്യാപ്തതയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് ക്ഷീരകർഷകർക്ക് ആവശ്യമായ സഹായങ്ങൾ വെറ്റിനറി മേഖലയിലെ വിദഗ്ധർ നൽകണം. ആവശ്യമായ വൈക്കോൽ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ഇതിനു പരിഹാരമായി തീറ്റപ്പുൽ വളർത്തിയെടുക്കണം. കോഴിവളർത്തലും വ്യാപകമാക്കണം. കേരളത്തിന്റെ കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും പ്രൊഫഷണലുകൾ ശ്രമിക്കണം. ഒരു കോടി വൃക്ഷത്തൈകൾ ആണ് സംസ്ഥാനത്ത് ഈ വർഷം വളർത്താൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി യുവാക്കൾ കൂടെ നിൽക്കണം. ഐറ്റി, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണലുകൾക്കും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. കേരളം പൂർണമായി ഡിജിറ്റൽ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്.  ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഈ സൗകര്യം എല്ലാ പ്രായക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. അതിനാവശ്യമായ പരിശീലനം നൽകുന്നതിന് പ്രൊഫഷണൽ പങ്കുവെയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. നമ്മുടെ കുട്ടികൾക്ക് അറിവ് വേണ്ടുവോളം ഉണ്ടെങ്കിലും അവർക്ക് അത് പ്രായോഗികവൽക്കരിക്കാൻ പലപ്പോഴും കഴിയുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് വഴിയൊരുക്കുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതന പരിഷ്കാരത്തിന് സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസാപിന്റെ നേതൃത്വത്തിൽ സ്കിൽ അക്വിസിഷൻ സെൻററുകൾ ആരംഭിക്കാനാണ് ലക്ഷ്യം. വിദ്യാർഥികളെ പഠിച്ച മേഖലയിൽ നിപുണരായ വളർത്തിയെടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ മാത്രമേ വരും കാലത്തിലെ വെല്ലുവിളികൾ നേരിടാൻ  കഴിയൂ. പ്രൊഫഷണൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പ്രൊഫഷണൽ വിദ്യാർഥികളുടെ സേവനം ഇന്റേൺഷിപ്പ് മുഖേന ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. അസാപിന്റെ ജോബ് പോർട്ടൽ  വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ജോലി നേടാൻ സഹായകമാകും. എന്തുവിലകൊടുത്തും സർക്കാർ ഇന്നോവേഷൻ പ്രോത്സാഹിപ്പിക്കും എന്നും അതിനുള്ള അവസരങ്ങൾ സർക്കാർതന്നെ ഒരുക്കും. എൻജിനീയർമാരും പ്രൊഫഷണൽ സുമില്ലാതെ ലോകത്തിന് നിലനിൽപ്പില്ലെന്നും മന്ത്രി പറഞ്ഞു.

റ്റി എച്ച് എസ് റ്റി ഐ എക്സിക്യൂട്ടീവ് ഡയറക്റ്റർ പ്രൊഫ ഗഗൻദീപ് കാംഗ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളുടെ കീഴിൽ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 2000 ഓളം വിദ്യാർത്ഥികളാണ് രണ്ടാമത് പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റിൽ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ഉഷ ടൈറ്റസ്,  കുസാറ്റ് വൈസ് ചാൻസലർ കെ എൻ മധുസൂദനൻ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്റ്റർ ഡോ. അരുൺ കുമാർ വിവിധ പ്രൊഫഷണൽ കോളേജുകളുടെ സാരഥികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.