October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

നവകേരള കുതിപ്പിന് അടിത്തറയിട്ട് കിഫ്ബി

Janayugom Webdesk
തിരുവനന്തപുരം
September 15, 2020 3:27 pm

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിലും സാമൂഹ്യവികസനത്തിലും ഒരു കുതിച്ചുചാട്ടം സാധ്യമാക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന് ചാലകശക്തിയായത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ആണ്.

2016 ലെ കിഫ്ബി ഭേദഗതി നിയമത്തിലൂടെ ശാക്തീകരിക്കപ്പെട്ട കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി) ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ഒരു വികസന മാതൃകയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അത്തരത്തിൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാന സർക്കാർ വിഭാവന ചെയ്ത് നടപ്പാക്കുന്നത്.

വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57,000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞത്. 5957.96 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു.

കിഫ്ബിയുടെ വൻ കുതിപ്പുകൾ

ഗതാഗത മേഖലയിൽ സംസ്ഥാനത്തിന്റെ പരാധീനതകൾ മറികടക്കാൻ നിർണായകമായ ചില പദ്ധതികൾ ഇതിൽ ഉൾപ്പെടും. ദശാബ്ദങ്ങളായി മുടങ്ങി കിടന്ന ദേശീയപാതാ വികസനത്തിന് വേണ്ടി വരുന്ന തുകയിലെ സംസ്ഥാന വിഹിതമായ 5,374 കോടി രൂപ സർക്കാർ കണ്ടെത്തിയത് കിഫ്ബി വഴിയാണ്. 8,765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ, 825 കോടി രൂപയുടെ 9 ബൈപ്പാസുകൾ, 1,976 കോടി രൂപയുടെ 75 പാലങ്ങൾ, 961 കോടിയുടെ 13 മേൽപാലങ്ങൾ, 1,645 കോടിയുടെ 49 റയിൽ മേൽപ്പാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ, ഇങ്ങനെ നീളുകയാണ് കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടിക. ഇതിൽ 3,500 കോടി രൂപ ചെലവഴിച്ച് 20 സ്ട്രെച്ചുകളിലായി 1,200 കിലോമീറ്റർ നീളത്തിലാണ് മലയോര ഹൈവേയുടെ നിർമാണം. 6,500 കോടി രൂപ ചെലവഴിച്ച് രണ്ടു സ്ട്രെച്ചുകളിലായി 650 കിലോമീറ്റർ നീളത്തിലാണ് തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവൃത്തികൾ മുന്നോട്ട് നീങ്ങുന്നത്. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ മേൽപ്പാല പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാകും.

കോവിഡ് 19 മഹാമാരിയെ സംസ്ഥാനത്തിന് ശക്തമായി ചെറുത്തു നിൽക്കാൻ സാധിച്ചത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി പദ്ധതികൾ വഴിയുണ്ടായ മുന്നേറ്റം കൊണ്ടും കൂടിയാണ്. 2,150 കോടി രൂപ മുടക്കി നടത്തുന്ന 26 സർക്കാർ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുകയാണ്. 10 ആശുപത്രികളിൽ കാത്ത് ലാബ്, 44 ഇടങ്ങളിൽ ഡയാലിസിസ് യൂണിറ്റ് എന്നിവ സജ്ജീകരിക്കുന്നുണ്ട്. 149 കോടി രൂപ മുതൽ മുടക്കുന്ന ഈ പദ്ധതിയും പൂർത്തിയായി വരുന്നു. പുനലൂർ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി ഒന്നാം ഘട്ടം, കൊച്ചി കാൻസർ സെന്റർ ഒന്നാം ഘട്ടം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ 2020–21 ൽ പൂർത്തീകരിക്കും.

വിദ്യാഭ്യാസമേഖലയെ സ്മാർട്ടാക്കി കിഫ്ബി

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതിന് വൻ പദ്ധതികൾ ആണ് കിഫ്ബി വഴി നടപ്പാക്കുന്നത്. 141 പൊതു വിദ്യാലയങ്ങളിൽ 5 കോടി രൂപ വീതം ചെലവഴിച്ച് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതി 2020–21 സാമ്പത്തിക വർഷം പൂർത്തിയാകും. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. 45,000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്ക്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. 11,287 എൽ പി യുപി സ്കൂളുകളിൽ 56,445 ലാപ് ടോപ്പ് കംപ്യൂട്ടറുകൾ, 24,529 പ്രൊജക്ടറുകൾ, 5,644 പ്രിന്ററുകൾ, 3,248 എൽ ഇ ഡി ടീവികൾ, 56,445 യു എസ് ബി സ്പീക്കറുകൾ, രണ്ടു വർഷത്തേക്കുള്ള ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ എന്നിവയ്ക്കുള്ള ധനസഹായം കിഫ്ബി നൽകി. ഇതിനു പുറമേയാണ് ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനുള്ള ധനസഹായം മൂന്ന് ഘട്ടങ്ങളായി നൽകിയത്. 45,000 ലാപ് ടോപ്പുകൾ, 15,000 ഡെസ്ക്ടോപ്പുകൾ, 45,000 പ്രൊജക്ടറുകൾ,നെറ്റ് വർക്കിങ് എന്നിവയ്ക്ക് വേണ്ടി ഈ ഫണ്ട് ഉപയോഗിച്ചു. ഈ ക്ലാസ് റൂമുകളിലേക്കുള്ള പ്രിന്ററുകൾ, യു പി എസ്, സ്റ്റിൽ ക്യാമറകൾ, വെബ് ക്യാമറകൾ എന്നിവയ്ക്കുള്ള പണവും ഇതിലുൾപ്പെടുന്നു. 4,752 സ്കൂളുകൾ ഇത്തരത്തിൽ ഹൈടെക് ആക്കി. ഇതു വഴി നമ്മുടെ പൊതു വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബിയുടെ ധനസഹായത്തിന് കഴിഞ്ഞു.

785 കോടി രൂപയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഈ പദ്ധതിയുടെ ചിലവിനായി കിഫ്ബി നൽകിയത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി.

Eng­lish sum­ma­ry: Devel­op­ment projects in Ker­ala done by KIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.