ചെറുകിട സംരംഭങ്ങളിലൂടെ വികസനവും തൊഴിലും വളര്‍ത്തണം: പ്രോഗ്രസീവ് ഫോറം

Web Desk
Posted on November 26, 2018, 10:26 pm
ആള്‍ ഇന്ത്യ പ്രോഗ്രസീവ് ഫോറം ദേശീയ ശില്‍പശാല  ഗഡ് വാസു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍   ഡോ. എച്ച് കെ വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു

ലുധിയാന: ഇന്ത്യയുടെ വികസനത്തിന് ചെറുകിട സംരംഭങ്ങള്‍ വ്യാപകമാക്കണമെന്ന് ആള്‍ ഇന്ത്യ പ്രോഗ്രസീവ് ഫോറം ദേശീയ ശില്‍പശാല നിര്‍ദ്ദേശിച്ചു. ‘വികസനം, തൊഴില്‍, സംരംഭകത്വം ഉയര്‍ന്നു വരുന്ന യാഥാര്‍ഥ്യങ്ങള്‍’ എന്ന വിഷയത്തില്‍ 3 ദിവസങ്ങളിലായി നടന്ന ശില്‍പശാല ഗഡ് വാസു യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എച്ച് കെ വര്‍മ്മ ഉദ്ഘാടനം ചെയ്തു.
ഗഡ് വാസു സര്‍വ്വകലാശാലയിലെ പ്രായോഗിക അനുഭവങ്ങളുടെ വിശദമായ അവതരണങ്ങള്‍ ശില്‍പശാലയില്‍ ഉണ്ടായി.
സമൂഹത്തിന് പരമാവധി ഗുണം ചെയ്യുന്ന തരത്തിലായിരിക്കണം എല്ലാ വികസനങ്ങളും. എല്ലാ വികസന പദ്ധതികള്‍ക്കും ഗുണവും ദോഷവും ഉണ്ടാവും. എന്നാല്‍ സമൂഹത്തിന് പരമാവധി ഗുണം കിട്ടുന്ന തരത്തില്‍ അതിനെ ബാലന്‍സ് ചെയ്യുകയാണ് ആധുനികവികസനതന്ത്രമെന്ന് പ്രോഗ്രസീവ് ഫോറം ജനറല്‍ സെക്രട്ടറി അനില്‍ രജിം വാലെ അവതരിപ്പിച്ച വികസന അടിസ്ഥാന രേഖയില്‍ വ്യക്തമാക്കി. ഉല്‍പാദനരംഗം മൊത്തത്തിലും ചെറുകിട ഇടത്തര ഉല്‍പാദനം പ്രത്യേകിച്ചും ഇന്ന് നേരിടുന്ന പ്രശ്‌നം പുത്തന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. ഏതെങ്കിലും ഒരു ഘടകത്തെ വിമര്‍ശിക്കുന്നതിന് പകരം പുത്തന്‍ രീതികള്‍ നിര്‍ദ്ദേശിക്കാന്‍ നമുക്ക് കഴിയണം. വികസന തന്ത്രം ചര്‍ച്ച ചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ചെറുകിട ഉല്‍പാദകരുടെയും ഗാര്‍ഹിക ഉല്‍പാദകരുടെയും സാധാരണ തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ അതില്‍ അന്തര്‍ഭവിക്കും. സമുഹത്തിനും പ്രകൃതിക്കും ആഘാതമുണ്ടാക്കാത്ത തരത്തില്‍ പരമാവധി ജനങ്ങളിലേക്ക് ഫലം എത്തിക്കുക എന്നതായിരിക്കണം വികസനത്തെ കുറിച്ചുള്ള അടിസ്ഥാന നിലപാട് എന്ന അഭിപ്രായം സെമിനാറില്‍ ഉയര്‍ന്നു.
ജോഗീന്ദര്‍ സിങ് കുലര്‍, ഡോ. യുഗല്‍ റായിലു, വിജയകുമാര്‍ മാര്‍ല, രമേഷ് രത്തന്‍, ഡോ. പര്‍വീന്ദര്‍ സിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. 16 സംസ്ഥാനങ്ങളില്‍ നിന്ന് 80 ഓളം വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി കെ രാമകൃഷ്ണന്റെ നേതൃത്വത്തിന്‍ 12 അംഗ സംഘം ശില്‍പശാലയില്‍ പങ്കെടുത്തു.