Saturday
14 Dec 2019

പ്രകൃതി മൂലധനത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന വികസമാണ് യഥാര്‍ത്ഥ വികസനം: വി എസ് സുനില്‍കുമാര്‍

By: Web Desk | Friday 22 February 2019 9:00 PM IST


V S Sunil Kumar

പേരാമ്പ്ര: പ്രകൃതി മൂലധനത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന വികസനമാണ് യഥാര്‍ഥ വികസനമെന്നും ഇതിനു ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. ഏതൊരു വികസനത്തിന്റെയും അടിത്തറ പ്രകൃതി സംരക്ഷണമാണ്. അതിന്റെ ഭാഗമായി കിണറുകളും പുഴകളും കുളങ്ങളും പാടങ്ങളും മണ്ണും സംരക്ഷിക്കേണ്ടതുണ്ട്. നാം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം ഭൂഗര്‍ഭ ജലത്തിന്റെ ശോഷണമാണ്. ഇത്തരം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അതിന് കൂടി പരിഹാരമാണ്. പെരുവണ്ണാമൂഴി റിസര്‍വോയറിലേക്ക് വര്‍ഷം തോറും ഒഴുകിയെത്തുന്ന മണ്ണൊലിപ്പ് തടയാന്‍ തടയണകളുടെയും കയ്യാലകളുടെയും നിര്‍മ്മാണവും വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കലും ശാസ്ത്രീയമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി ഡാം റിസര്‍വോയര്‍ വൃഷ്ടിപ്രദേശ സംരക്ഷണ പദ്ധതി ചക്കിട്ടപ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലയുടെ ജലസേചനത്തിനും കുടിവെള്ളവിതരണത്തിനും വൈദ്യുതി ഉത്പാദനത്തിനും പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലസംഭരണശേഷിയില്‍ ഗണ്യമായ തോതില്‍ കുറവ് വരാതെ നിര്‍ദിഷ്ട കാലയളവില്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് പെരുവണ്ണാമൂഴി വൃഷ്ടിപ്രദേശസംരക്ഷണ പദ്ധതി. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ അഞ്ചുമുതല്‍ 12 വരെ വാര്‍ഡുകളും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ രണ്ടുമുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളും ഉള്‍പ്പെടുന്ന 10989 ഹെക്ടര്‍ സ്ഥലത്ത് വനം ഭൂമി ഒഴികെയുള്ള 3094 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മഴക്കാലത്ത് റിസര്‍വോയറിലേക്കുള്ള മണ്ണൊഴുക്ക് തടയുകയാണ് ലക്ഷ്യം.
ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം എ കെ ബാലന്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍ ടി.പി. ആയിഷ, ഗാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ്, മുതുകാട്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ദേവി വാഴയില്‍, പ്രേമന്‍ നടുക്കണ്ടി, ഷീന പുരുഷു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീന നാരായണന്‍, പി.പി. രഘുനാഥ്, ഇ.എസ്. ജയിംസ്, ജോസഫ് പള്ളുരുത്തി, പ്രകാശ് മുള്ളന്‍കുഴി, ആവള ഹമീദ്, വി വി കുഞ്ഞിക്കണ്ണന്‍, ബേബി കാപ്പുകാട്ടില്‍, ജോസഫ് അമ്പാട്ട്’ , പത്മനാഭന്‍.പി കടിയങ്ങാട്, ബിജു ചെറുവത്തൂര്‍, രാജന്‍ വര്‍ക്കി, മാത്യു കുമ്പളാനി, ബെന്നി ബെല്‍വ തുടങ്ങിയവര്‍ സംസാരിച്ചു. പ്രളയാനന്തര കേരളവും ജലസംരക്ഷണവും എന്ന വിഷയത്തില്‍ വയനാട് കബനി മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ പി.യു.ദാസ് ക്ലാസെടുത്തു.

Related News