നാടിന്റെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്ന സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വതല സ്പര്‍ശിയുമായ വികസനയമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സൃഷ്ടിക്കായുള്ള പൊതുജനാഭിപ്രായവും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി മുഖ്യമന്ത്രി നടത്തുന്ന കേരളപര്യടനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ തുടർ പ്രവർത്തനങ്ങൾക്കുള്ള
വിവിധ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അടുത്ത തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നിട്ട നാലര വര്‍ഷക്കാലം ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത വിവിധ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും കേരളത്തിന്റെ വികസനം മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രകടനപത്രികയില്‍ അക്കമിട്ട് നിരത്തിയ 600 വാഗ്ദാനങ്ങളില്‍ 570 ഉം നടപ്പിലാക്കി. പ്രകടനപത്രികയ്ക്ക് പുറത്തുള്ള നൂറുകണക്കിന് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓഖി മുതല്‍ കോവിഡ് വരെ, നൂറ്റാണ്ടിലെ പ്രളയം ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ കുറഞ്ഞ ഇടവേളകളില്‍ സംഭവിച്ചപ്പോള്‍ നാട് ഒറ്റക്കെട്ടായി അതിനെ നേരിട്ടതും അതിജീവിച്ചതും ലോകം ശ്രദ്ധിച്ചു. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴാണ് സര്‍ക്കാര്‍ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചത്. വിസ്മയകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ഉണ്ടായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏഴ് ലക്ഷം ടണ്ണായിരുന്നു സംസ്ഥാനത്തെ കാര്‍ഷിക ഉല്പാദനമെങ്കില് നിലവില്‍ അത് 15 ലക്ഷം ടണ്ണായി ഉയര്‍ന്നു. സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. അഴിമതിരഹിത, നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന ഖ്യാതി ആഗോളതലത്തില്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു.
നാടിന്റെ ഭാവിവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വ്യത്യസ്തമായ നാല് മിഷനുകള്‍ക്ക് രൂപം നല്‍കിയത്. അവയിലൂടെ മികച്ച പുരോഗതി കൈവരിക്കാനായി. പൊതുവിദ്യാഭ്യാസമേഖല തകരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. നാലര വര്‍ഷത്തിനുള്ളില്‍ ഏഴ് ലക്ഷത്തോളം പുതിയകുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എത്തിയത് പദ്ധതിയുടെ വിജയമാണ്. ആര്‍ദ്രം മിഷനിലൂടെ പൊതു ആരോഗ്യരംഗത്ത് വന്ന മാറ്റങ്ങള്‍ക്ക് എല്ലാവരും അനുഭവ സാക്ഷികളാണ്. വികസിത രാഷ്ട്രങ്ങള്‍പോലും കോവിഡ് മഹാമാരിക്ക് മുന്നില്‍ വീണുപോയപ്പോള്‍ കേരളത്തിന് വീഴ്ചയുണ്ടായില്ല. 2.50 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കാന്‍ ലൈഫ് മിഷനിലൂടെ സര്‍ക്കാരിന് സാധിച്ചു. ഇടുക്കി ജില്ലയില്‍ നിശ്ചയിച്ചിരുന്ന മുഖാമുഖം പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം കെ സാനു, കൊച്ചി മേയർ എം അനില്‍കുമാര്‍, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്, സിപിഐ (എം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മുരളി തുമ്മാരുകുടി, കെ എല്‍ മോഹനവര്‍മ്മ, സ്വാമി ശിവസ്വരൂപാനന്ദ, ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ്പ് മാര്‍ തിയോഡോസിയസ്, എംഎല്‍എമാരായ എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ ജെ മാക്സി തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Development will be extended to all sectors
You may like this video also