Web Desk

October 21, 2021, 4:52 am

ബംഗ്ലാദേശിലെ സംഭവവികാസങ്ങളും വര്‍ഗീയ രാഷ്ട്രീയ വിപത്തും

Janayugom Online

ഴിഞ്ഞ ഒരാഴ്ചയായി ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ അരങ്ങേറിയ അക്രമങ്ങളും അവരുടെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ഉണ്ടായ നശീകരണ പ്രവര്‍ത്തനങ്ങളും ഇന്ത്യയും ആ രാജ്യവുമായുള്ള സൗഹൃദപൂര്‍ണമായ അയല്‍ബന്ധങ്ങള്‍ക്കും മേഖലയിലെ സമാധാന അന്തരീക്ഷത്തിനും അഭൂതപൂര്‍വമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ ചുരുങ്ങിയത് ആറു പേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായും നിരവധി ഹിന്ദു ഭവനങ്ങള്‍ അഗ്നിക്ക് ഇരയായതായും ഒരു ഇസ്കോണ്‍ ക്ഷേത്രം നശിപ്പിച്ചതായും വാര്‍ത്തയുണ്ട്. സംഭവങ്ങളെ തുടര്‍ന്ന് മുസ്‌ലിം തീവ്രവാദി വിഭാഗങ്ങളും ഹിന്ദുത്വ ശക്തികളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രകോപനപരമായ പ്രകടനങ്ങള്‍ക്ക് മുതിര്‍ന്നു. വര്‍ഗീയ തീവ്രവാദത്തെയും അക്രമങ്ങളെയും അപലപിച്ചും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ ആവശ്യപ്പെട്ടും ബംഗ്ലാദേശിലെ മതനിരപേക്ഷ ശക്തികള്‍ രാഷ്ട്രതലസ്ഥാനമടക്കം പലയിടത്തും ശക്തമായി രംഗത്തുവന്നു. ബംഗ്ലാദേശിലെ എഴുത്തുകാരും കലാകാരന്മാരും അടക്കം ബുദ്ധിജീവി വിഭാഗം വര്‍ഗീയ അതിക്രമങ്ങളെ ശക്തമായി അപലപിക്കാനും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഷേഖ് ഹസീനയോട് ആവശ്യപ്പെട്ടും രംഗത്തുവരികയുണ്ടായി.

 


 ഇതുകൂടി വായിക്കൂ:  മോഡിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര: എയർ ഇന്ത്യക്ക് കിട്ടാനുള്ളത് കോടികൾ


 

സ്ഥിതിഗതികള്‍ കെെവിട്ടുപോകാന്‍ ഇടയായതില്‍ ഭരണകൂടത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും അവര്‍ തയാറായി. അക്രമസംഭവങ്ങള്‍ ഏറെയും അരങ്ങേറിയ പടിഞ്ഞാറന്‍ ജില്ലയില്‍ ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തിയ പ്രധാനമന്ത്രി, കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്ന് ഉറപ്പുനല്കാനും ഹിന്ദു ന്യൂനപക്ഷത്തിന് സുരക്ഷിതത്വം വാഗ്ദാനം ചെയ്യാനും തയാറായി. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നിന്നും പ്രകോപനം അരുതെന്നും ബംഗ്ലാദേശിലെ സംഭവങ്ങളില്‍ ഇന്ത്യയിലെ ആഭ്യന്തര വര്‍ഗീയ അന്തരീക്ഷം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അക്രമസംഭവങ്ങളെ നേരിടുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കെെക്കൊണ്ട നടപടികളെ നരേന്ദ്രമോഡി സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ‑സഹകരണ ബന്ധത്തിന് അടിവരയിടുകയും ചെയ്തു. എന്നാല്‍ ഗവണ്മെന്റിന്റെ നയതന്ത്ര നിലപാടിന് വിരുദ്ധമായി പശ്ചിമ ബംഗാളിലെ ബിജെപി-സംഘപരിവാര്‍ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രകോപനപരമായ നിലപാടും നടപടികളും മോഡി സര്‍ക്കാരിന്റെ വിദേശനയവും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുളള അന്തരം തുറന്നുകാട്ടുന്നു.

 


ഇതുകൂടി വായിക്കൂ: നരേന്ദ്രമോഡി നുണകളുടെ കലവറക്കാരന്‍: മന്ത്രി പി പ്രസാദ്


 

സംഭവങ്ങളോടുള്ള ഇന്ത്യയുടെ ബംഗ്ലാദേശിലെ സ്ഥാനപതി കാര്യാലയ നിലപാട് രാജ്യത്തിന്റെ വിദേശനയത്തിനും നയതന്ത്ര മര്യാദകള്‍ക്കും നിരക്കുന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ എണ്ണപകരാനും തീ ആളിക്കത്തിക്കാനും ഉതകുന്ന നിലപാടാണ് ബംഗ്ലാദേശിലെ വിശ്വഹിന്ദുപരിഷത്തും ഇസ്കോണ്‍ നേതൃത്വവും സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശിലെ അനഭിലഷണീയ സംഭവങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായാണ് പശ്ചിമബംഗാളിലെയും അസമിലെയും ബിജെപി, സംഘപരിവാര്‍ വൃത്തങ്ങള്‍ കാണുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി സമൂഹത്തെ വിഭജിക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ പ്രയോഗിക്കുന്നത്. രാഷ്ട്രീയമായി പരാജയപ്പെട്ട പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ പൊടിതട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അവര്‍. അസംബ്ലി തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തില്‍ നിന്നും കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കില്‍ നിന്നും പശ്ചിമബംഗാളിലെ ബിജെപിയെ കരകയറ്റാനുള്ള അവസരമായാണ് അവര്‍ ഇതിനെ കാണുന്നത്. ബിജെപി പാളയത്തില്‍ അഭയം പ്രാപിച്ച മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയാണ് അതിന് ചുക്കാന്‍ പിടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബംഗാളി ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റെയും അസ്വസ്ഥതയുടെയും വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത് കോളനിവാഴ്ചയുടെ രാഷ്ട്രീയത്തിലാണ്. ആ രാഷ്ട്രീയമാണ് ഇന്നും ബിജെപിയെയും തീവ്രഹിന്ദുത്വത്തെയും നയിക്കുന്നത്. നരേന്ദ്രമോഡിയുടെ അധികാരാരോഹണം ആ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പുതുജീവന്‍ നല്കി. താന്‍ തുറന്നുവിട്ട ഭൂതത്തെ തിരിച്ചു കുടത്തിലടയ്ക്കാന്‍ മോഡിക്ക് കഴിഞ്ഞേക്കില്ല. അത് രാജ്യത്തെ ഭിന്നിപ്പിക്കുക മാത്രമല്ല ദക്ഷിണേഷ്യയെ ആകെ വര്‍ഗീയ വിഷലിപ്തപൂരിതമാക്കുമെന്നാണ് ബംഗ്ലാദേശ് സംഭവവികാസങ്ങള്‍ കാട്ടിത്തരുന്നത്. സംഘര്‍ഷങ്ങളില്‍ നിന്ന് മോചനത്തിനും, സമാധാനവും സൗഹൃദവും പുലരാനും പ്രതിബന്ധം വര്‍ഗീയതയുടെ രാഷ്ട്രീയമാണ്.

You may also like this video;