September 28, 2022 Wednesday

കോന്നി

Janayugom Webdesk
September 23, 2020 12:10 pm

കിഫ്ബിയുടെ കീഴിൽ വിവിധങ്ങളായ വികസന പ്രവർത്തനങ്ങളാണ് കോന്നിയിൽ നടന്ന് വരുന്നത്. കോന്നി മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും കിഫ്ബി ഫണ്ട് അനുവദിക്കുമെന്നാണ് കരുതുന്നത്. മണ്ഡലത്തിലെ വിവിധ റോഡുകൾ, സ്കൂളുകൾ തുടങ്ങിയവയ്ക്കൊക്കെ കിഫ്ബി ഫണ്ടുകൾ പ്രയോജനപ്പെടുത്തി കഴിഞ്ഞു. കോന്നിയുടെ വികസന ചരിത്രത്തിലെ പ്രധാന നാഴികകല്ലായ കോന്നി മെഡിക്കൽ കോളേജിന് 343 കോടി രൂപയുടെ പദ്ധതിക്കായാണ് ഇപ്പോൾ അനുമതി കാത്തിരിക്കുന്നത്. മണ്ഡലത്തിലെ ആറ് റോഡുകൾക്കും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്. അച്ഛൻകോവിൽ — പ്ലാപ്പള്ളി — ആങ്ങമൂഴി റോഡിന് 88 കോടി, പുതുവൽ — മങ്ങാട് റോഡിലെ 10. 5 കിലോമീറ്റർ ദൂരത്തിന് 44 കോടി, ഏഴംകുളം — കൈപ്പട്ടൂർ റോഡിലെ 2.5 കിലോമീറ്റർ നിർമ്മാണത്തിന് 41.5 കോടി, ആനയടി കൂടൽ റോഡിന് 109 കോടി, കലഞ്ഞൂർ പാടം റോഡിലെ 12 കിലോമീറ്ററിന് 22 കോടി, അട്ടച്ചാക്കൽ — കുമ്പളാംപൊയ്ക റോഡിലെ 13 കിലോമീറ്റർ ദൂരത്തിന് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കോന്നി നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 250 കോടിയുടെ പദ്ധതികൾ നടന്നുവരുന്നതായി അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ. എ അറിയിച്ചു. നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് ഉതകുന്ന നിലയിലുള്ള പദ്ധതികളാണ് നടന്നു വരുന്നത്. ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിദ്യാഭ്യാസ മേഖല, റോഡ് വികസനം, കുടിവെള്ള പദ്ധതികളുടെ നവീകരണം തുടങ്ങിയവയ്ക്കാണ് ഏറ്റവുമധികം തുക കിഫ്ബിയിൽ നിന്നും ചിലവഴിക്കുന്നത്. റോഡ് വികസനത്തിനായി 200 കോടി രൂപയോളമാണ് ചിലവഴിക്കുന്നത്. 22 കോടി രൂപ ചിലവഴിച്ച് പുനർനിർമ്മിക്കുന്ന ഇളമണ്ണൂർ ‑കലഞ്ഞൂർ‑പാടം റോഡ് നിർമ്മാണം നവംബറോടെ പൂർത്തിയാകും. ഇളമണ്ണൂർ ‑കലഞ്ഞൂർ ഭാഗം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

അട്ടച്ചാക്കൽ — കുമ്പളാംപൊയ്ക റോഡ് 18 കോടി മുടക്കിയാണ് വികസിപ്പിക്കുന്നത്. പുതുവൽ — മങ്ങാട് റോഡ് 10. 5 കിലോമീറ്റർ വികസനത്തിനായി 44 കോടിയാണ് ചിലവഴിക്കുന്നത്. നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിന് 15.5 കോടിയുടെ പദ്ധതിയാണ് നടന്നു വരുന്നത്. പുതിയ മോട്ടോർ സ്ഥാപിക്കൽ, പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ, പമ്പിംഗ് മെയിൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഹൈസ്കൂളുകളുടെ വികസനത്തിന് മാത്രം 15 കോടിയുടെ പദ്ധതികളാണ് കിഫ്ബിയിൽ നിന്നും തുക അനുവദിച്ച് നടക്കുന്നത്. കോന്നി ഹൈസ്കൂളിന് 5 കോടിയുടെയും, കലഞ്ഞൂർ, ചിറ്റാർ, മാരൂർ ഹൈസ്കൂളുകൾ ഓരോന്നിനും 3 കോടി രൂപയുടെയും, മാങ്കോട് സ്കൂളിന് ഒരു കോടിയുടെയും പദ്ധതികളാണ് നടക്കുന്നത്. ആരോഗ്യമേഖലയിലടക്കം കോടികളുടെ പദ്ധതികൾ കിഫ്ബി പരിഗണനയിലാണെന്നും ജനീഷ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.