20 April 2024, Saturday

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം ദേവീപ്രസാദിന്

Janayugom Webdesk
മലപ്പുറം
January 24, 2022 9:13 pm

കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റര്‍ ദേവീപ്രസാദിന്. 

കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യ കലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ദേവീപ്രസാദിന് പുരസ്‌കാരം സമ്മാനിച്ചു. 

കേന്ദ്ര സര്‍ക്കാറിന്റെ പിസിസിആര്‍ടി സ്‌കോളര്‍ഷിപ്പോടു കൂടി മൃദംഗവാദ്യപഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യകലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലാര്‍ക്കുമായ ദീപേഷിന്റെയും പൂപ്പലം അല്‍ഫദക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ പ്രസീതയുടെയും മകനാണ്. ദേവീപ്രസാദ് പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രശസ്ത മൃദംഗ വിദ്വാന്‍ തിരുവനന്തപുരം വി സുരേന്ദ്രനാണ് ഗുരു.ഏഴാമത്തെ വയസ്സില്‍ കുമാരി ഗായത്രി ശിവപ്രസാദിന്റെ സംഗീതകച്ചേരിക്ക് ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മൃദംഗം വായിച്ചായിരുന്നു ദേവീപ്രസാദിന്റെ അരങ്ങേറ്റം. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജസംഗീത സദസ്സ്, തിരുവനന്തപുരം ഉദിയന്നൂര്‍ ആടിച്ചൊവ്വാ സംഗീത സദസ്സ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം, കണ്ണൂര്‍ മൃദംഗശൈലേശ്വരി സംഗീത സദസ്സ് തുടങ്ങി നിരവധി സംഗീതസദസ്സുകളിലും ദേവീപ്രസാദ് പങ്കെടുത്തിട്ടുണ്ട്. 2018ല്‍ ആലുവ ടാസ്സ് സംഗീത സഭ നടത്തിയ ആള്‍ കേരള മൃദംഗവാദന മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടി.
eng­lish sum­ma­ry; Devi Prasad receives PM’s polit­i­cal ball award
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.