കാള പെറ്റെന്നുകേട്ട് കയറെടുക്കുന്നവര്‍

Web Desk
Posted on August 18, 2019, 10:43 pm

അപ്രമാദിത്വം എന്ന വാക്ക് സ്വയം എടുത്തണിയുന്ന വര്‍ഗമാണ് മാധ്യമങ്ങള്‍. ജനാധിപത്യത്തിലെ നാലാംതൂണാണ് തങ്ങള്‍ എന്ന് സ്വയം വാഴ്ത്താന്‍ എന്തൊരു ഉത്സാഹമാണ് മാധ്യമങ്ങള്‍ക്ക്! കാളകെട്ടിയില്‍ ഒരു കാള പെറ്റുവെന്ന് ഏതെങ്കിലും ഒരു വട്ടന്‍ തെരുവിലൂടെ വിളിച്ചുപറഞ്ഞു പായുമ്പോള്‍ കാള പ്രസവിച്ചതും വാര്‍ത്തയാക്കുന്ന വിരുതന്‍മാര്‍. വാര്‍ത്തയുടെ ഉറവിടം മാത്രം പറയില്ല. പറ്റുമെങ്കില്‍ ഒരു കാളയുടെയടുത്ത് രണ്ടു കന്നുകുട്ടികള്‍ ഓടിക്കളിക്കുന്ന ചിത്രവുമുണ്ടാകും; കാളപെറ്റ കുട്ടികള്‍ എന്ന അടിക്കുറിപ്പോടെ. സമീപത്ത് പേറു കഴിഞ്ഞ കാള എന്ന കുറിപ്പും ഉണ്ടാവും. മാധ്യമ ശ്രോതാക്കളും വായനക്കാരും മാധ്യമങ്ങളെ വിശ്വസിച്ച് ‘കലിയുഗത്തില്‍ കാളയും പെറും’ എന്ന് ആത്മഗതം കൂറുകയും ചെയ്യും.

മഹാ പ്രളയത്തിന്റെ ദുരിതസാഗരത്തില്‍ അതിജീവനത്തിനായി മുങ്ങിത്തുടിക്കുകയാണ് മലയാളികള്‍. ഉടുതുണിക്കു മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് രണ്ട് ലക്ഷത്തിലേറെപ്പേര്‍. ഈ ക്യാമ്പുകളില്‍ ദുരിതാശ്വാസമെത്തിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മനുഷ്യമംഗല മഹാശക്തികളാവുന്ന ആവേശദായക ദൃശ്യങ്ങളാണ് എങ്ങും. പ്രളയം തെല്ലും ബാധിക്കാത്ത തിരുവനന്തപുരം നഗരസഭയും ജില്ലാ പഞ്ചായത്തും ഇതിനോടകം ഇരുന്നൂറു ലോഡോളം ദുരിതാശ്വാസ സാമഗ്രികളാണ് പ്രളയദുരിതര്‍ക്കായി എത്തിച്ചത്. ചലച്ചിത്രരംഗത്തെ പ്രമുഖരടക്കം ദുരിതക്കയത്തില്‍ മുങ്ങിയവര്‍ക്കു കൈത്താങ്ങാവുന്നു. മാധ്യമങ്ങള്‍ ഇതെല്ലാം വാര്‍ത്തകളാക്കുന്നുണ്ട്. കണ്ണീര്‍ കഥകളും മെനയുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് നെഗറ്റീവ് റിപ്പോര്‍ട്ടിംഗിന് അവസരമൊരുങ്ങിക്കിട്ടുന്നില്ല. ഈ ‘സെന്‍സേഷണല്‍ ദ്രുതവാട്ട’ത്തിനിടെ മാധ്യമങ്ങള്‍ക്ക് ചേര്‍ത്തലയില്‍ നിന്ന് ഒരു ഓമനയായ ഓമനക്കുട്ടനെ വീണുകിട്ടുന്നു.
ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയാണ് ഓമനക്കുട്ടന്‍. ദളിതനായ ഒരു ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനുമാണ്. ക്യാമ്പിലുള്ളവരില്‍ ഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ കൂട്ടുകാരായ സാധാരണ ദളിതുകള്‍. ക്യാമ്പിലെ കിടാങ്ങള്‍ വിശന്നുകരഞ്ഞപ്പോള്‍ ക്യാമ്പിന്റെ ഭരണകര്‍ത്താക്കള്‍ സര്‍ക്കാര്‍ നല്‍കുന്ന അരിയും മറ്റു ഭക്ഷണസാമഗ്രികളും എത്തിക്കുന്നതില്‍ വീഴ്ച വരുത്തി. കുഞ്ഞുങ്ങളുടെ കണ്ണീര്‍ കണ്ട ഓമനക്കുട്ടന്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലെത്തി ഒരു ഓട്ടോയില്‍ അരി ശേഖരിച്ചു ക്യാമ്പിലെത്തിച്ചു. ഓട്ടോകൂലി നല്‍കാനുള്ള തുക പോയിട്ട് അയാളുടെ കയ്യില്‍ കാലണയില്ല. ക്യാമ്പിലുള്ളവരില്‍ നിന്നും ചില്ലറ കാശു പിരിച്ച് എഴുപതു രൂപ ഓട്ടോകൂലി നല്‍കുകയും ചെയ്തു. ചെകുത്താന്‍ ഉറങ്ങുന്നില്ലെന്നാണല്ലോ ചൊല്ല്. സംഗതിവശാല്‍ ഓമനക്കുട്ടന്‍ ഇടതുപക്ഷക്കാരനായിപോയി. ഓമനക്കുട്ടന്‍ നയാപൈസ പിരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സംഘിക്കുട്ടന്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതു കണ്ടതോടെ സെന്‍സേഷണല്‍ വരള്‍ച്ചയില്‍ ഇത്തിരി ദാഹജലംപോലെ ചാനലുകള്‍ അത് ആഘോഷിച്ചു. ദൃശ്യത്തിന്റെ നിജസ്ഥിതി പരിശോധിക്കാതെയുള്ള എടുത്തുചാട്ടം. കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കുന്നതുപോലെ. ഓമനക്കുട്ടന്‍ മാത്രമായിരുന്നു അന്നു നമ്മുടെ ചാനലുകളിലെ ന്യൂസ്‌മേക്കര്‍. പിന്നെ എല്ലാ ചാനലുകളിലും അന്തിചര്‍ച്ചകള്‍. അപ്പോഴും ഈ മൊബൈല്‍ ചിത്രത്തിന്റെ നിജസ്ഥിതി അറിയാതെ വിശാലഹൃദയനും മനുഷ്യസ്‌നേഹിയുമായ ഓമനക്കുട്ടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പൊരിക്കുകയായിരുന്നു ചാനലുകള്‍.
ഇതിനിടെ ഒപ്പം കൂടിയ ഓമനക്കുട്ടന്റെ പാര്‍ട്ടിപോലും ആ പാവത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങളെത്തിക്കാനുള്ള കാശു പോക്കറ്റിലിട്ട തഹസീല്‍ദാരാകട്ടെ പൊലീസില്‍ പരാതി നല്‍കി. പോലീസാകട്ടെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടത്തു. ഒറ്റദിവസംകൊണ്ട് ചാനലുകളില്‍ തൃശൂര്‍പൂരത്തിനും വെടിക്കെട്ടിനും സമാനമായ ഉത്സവമേളം. പിറ്റേന്ന് ക്യാമ്പ് അന്തേവാസികള്‍ തന്നെ ഓമനക്കുട്ടന്‍ കുറ്റവാളിയല്ലെന്ന വിധിയെഴുതി. അയാള്‍ ഏഴുകോടി പിരിച്ചില്ല, വെറും 70 രൂപ തങ്ങള്‍ വണ്ടി വാടക നല്‍കാന്‍ കൊടുത്തതാണെന്നു പറഞ്ഞപ്പോള്‍ ഫേസ്ബുക്ക് കില്ലാടിയായ റവന്യൂ സെക്രട്ടറിയുടെ മാപ്പപേക്ഷയും. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അവമതിക്കാന്‍ ചെലവുകാശ് പോക്കറ്റിലിട്ട ഉദേ്യാഗസ്ഥരെ ശാസിച്ചതുകൊണ്ട് തീരുമോ ഓമനക്കുട്ടനുണ്ടായ മാനനഷ്ടപ്രളയ ദുരിതം. ഒരു വ്യാജചിത്രം ഒറിജിനല്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ ഈ പണി നിര്‍ത്തിവച്ചിട്ട് മറ്റു പണികള്‍ക്കു പോകുന്നതല്ലേ നന്ന്.
നമ്മെ പ്രളയാബ്ധിയിലാഴ്ത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ‘ജനയുഗം’ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടും മണ്ണൊലിപ്പു ഭയാനകമെന്ന യുഎന്‍ റിപ്പോര്‍ട്ടായിരുന്നു അത്. ഇതിനു പിന്നാലെ മറ്റു ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. നമ്മുടെ അയലത്തെ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത പ്രതിവര്‍ഷം 25 സെന്റീമീറ്റര്‍ വിതം കടലിലേക്ക് താണുകൊണ്ടിരിക്കുന്നു. സമുദ്രം വിഴുങ്ങുന്നതിനാല്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ രണ്ടുകോടിയോളം പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്നും പഠനത്തില്‍ പറയുന്നു. ഇറ്റലിയിലെ വെനീസും തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കും മരണം കാത്തുകഴിയുന്നു. കേരളത്തിലെ പ്രളയജലത്തിന് അറുതിവരുത്താനും കുട്ടനാട്ടിനെ രക്ഷിക്കാനും ഹോളണ്ടിന്റെ (നെതര്‍ലന്‍ഡ്‌സ്) മാര്‍ഗം നാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി ഈയടുത്ത് അറിയിച്ചിരുന്നു. പക്ഷേ ‘പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ചൂട്ടും കെട്ടി പട’ എന്ന പരുവത്തിലാണ് ഹോളണ്ട്. ഈ രാജ്യത്തിന്റെ ഭൂമിയില്‍ 90 ശതമാനവും സമുദ്രനിരപ്പില്‍ നിന്നു താഴെയാണ്. സമുദ്രത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഹോളണ്ടുതന്നെ സമുദ്രത്തിനടിയിലാവുന്നതിന് ഏറെക്കാലം വേണ്ടിവരില്ലെന്നാണ് പഠനം. കേരളത്തിലെ സമീപകാല പ്രളയങ്ങളെല്ലാം മലയാളി ബ്രാന്‍ഡ് നിര്‍മിതങ്ങളാണെന്ന് ഈ പംക്തിയില്‍ ‘ഭൂമിക്ക് ഒരു ചരമഗീത’ത്തിലൂടെ വിവരിച്ചിരുന്നു. കടല്‍ വിഴുങ്ങാനിരിക്കുന്ന ജക്കാര്‍ത്തയുടേതും കേരളത്തിനു സമാനം. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ വനങ്ങള്‍ വെട്ടിവെളുപ്പിച്ച് എണ്ണപ്പന കൃഷി നടത്തി, ഭൂഗര്‍ഭജലം ഊറ്റി കൃഷിക്കു ജലസേചനം നടത്തി, എണ്ണപ്പനത്തോട്ടങ്ങളില്‍ നിന്നുള്ള ഭയാനകമായ മണ്ണൊലിപ്പില്‍ ജക്കാര്‍ത്താ നഗരം മൂടുന്നു. ഭൂഗര്‍ഭജല ശോഷണത്തില്‍ ജക്കാര്‍ത്തയിലെ ഭൂമി പ്രതിവര്‍ഷം 25 സെന്റിമീറ്റര്‍ താഴുന്നു. ഇവിടെയാണെങ്കില്‍ ഏലം-റബര്‍ മാഫിയകളും ക്വാറി ലോബിയും നമ്മുടെ മലയോരങ്ങളെ തകര്‍ത്തെറിയുന്നു. ഫലം യുഎന്‍ പ്രവചനത്തെക്കാള്‍ ഭീതിദമായ പരിസ്ഥിതിനാശവും മണ്ണൊലിപ്പും വനനശീകരണവും മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവുമായ ഡോ. ദത്തന്‍ ഇതൊന്നും അറിയാറില്ലേ, വായിക്കാറില്ലേ. ഇങ്ങനെ പോയാല്‍ ‘ഇനി വരുന്നൊരു തലമുറയ്ക്ക്, ഇവിടെ വാസം യോഗ്യമോ’ എന്ന കുട്ടിപ്പാട്ട് കേരളത്തിന്റെ ദേശീയഗാനമാക്കേണ്ടിവരും.
‘നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം’ എന്ന് മോഹന്‍ലാല്‍ ഒരു പരസ്യചിത്രത്തില്‍ പറഞ്ഞപോലെ ബിജെപി ഇല്ലായിരുന്നെങ്കില്‍ നമുക്കെന്തു തമാശ എന്ന മട്ടില്‍ സംഗതികളെത്തിയിരിക്കുന്നു. ഡല്‍ഹിയിലെ ലോകപ്രശസ്തമായ ജെഎന്‍യു എന്ന ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയുടെ പേര് മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റിയാക്കണമെന്ന് ബിജെപിയുടെ എം പി ഹന്‍സ്‌രാജ് ആവശ്യപ്പെട്ടിരിക്കുന്നുവത്രെ. തന്റെ എംഎ ബിരുദത്തെക്കുറിച്ചുപോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ‘മരണത്തിന്റെ വ്യാപാരി‘യായ മോഡിയെ നെഹ്രുവിനും മുകളില്‍ ഉയര്‍ത്തിക്കെട്ടണമെന്നു പറയുന്നത് തമാശയല്ല പ്രത്യുത പിതൃശൂന്യതയാണെന്നു പറയേണ്ടിവരും. മോഡി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ ബിജെപി ഒരു മഹതിയെ കണ്ടു വച്ചിട്ടുണ്ട്. വ്യാജ ഡിഗ്രിക്കാരിയായ പ്രിഡിഗ്രിക്കാരി സ്മൃതി ഇറാനിയെ. ഇതിനിടെയാണ് ബിജെപിയുടെ രാമായാണ തമാശ. രാമായണ മാസത്തില്‍, രാമജന്‍മ ഭൂമിയെക്കുറിച്ച് സുപ്രിംകോടതിയില്‍ കേസു നടക്കുന്നതിനിടെ ശ്രീരാമന്റെ പിന്മുറക്കാരിയായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപിയുടെ എംപി ദിയാ കുമാരി അവതരിച്ചിരിക്കുന്നു. ശ്രീരാമപുത്രന്‍ കുചന്റെ പിന്തുടര്‍ച്ചക്കാരാണ് തന്റെ കുശ്‌വാഹ സമുദായമെന്നു ദിയ. ശ്രീരാമന്റെ മുന്നൂറ്റിഒന്‍പതാം തലമുറയത്രേ ദിയയുടെ തന്തപ്പടി. ഇതിന്റെ രേഖകളും കൈവശമുണ്ടത്രേ. ശ്രീരാമന്റെ വില്‍പ്പത്രമടക്കമുള്ള രേഖകളും ഈ മിടുക്കിയുടെ പെട്ടിയില്‍ ഉണ്ടെന്നും അവകാശവാദം. അതേസമയം ശ്രീരാമന്റെ മറ്റൊരു പുത്രനായ ലവന്റെ പിന്മുറക്കാരാണ് റാത്തോഡ് സമുദായക്കാരെന്ന് മറ്റൊരു ബിജെപി നേതാവ്. ബിജെപിക്കാരുടെ അവകാശവാദം കേട്ടപ്പോള്‍ ഒരു ലവകുശ ലോകമഹായുദ്ധം അടുത്തുവരുന്നപോലെ. എന്തായാലും വട്ടുകളുടെ ബേക്കുഫ്) ജനതാപാര്‍ട്ടിയാണോ ബിജെപി!