കഷ്ടകാലം വന്ന രാഹുലിനെ കൗപീനവും പാമ്പായ് വന്നു കടിച്ചിടാം!

Web Desk
Posted on March 31, 2019, 11:03 pm
devika

ദശാസന്ധികള്‍ ചാടിക്കടക്കാനാവില്ലെന്നാണ് പ്രമാണം. ഇക്കാലത്ത് അനുഭവിക്കാനുള്ള ദുരിതപ്പെരുമഴ മുഴുവന്‍ നനയുകയേ നിര്‍വാഹമുള്ളു. പ്രധാനമന്ത്രി കുപ്പായം തയ്പിച്ചു വച്ചിരിക്കുന്ന രാഹുല്‍ഗാന്ധിക്ക് ലഗ്നാലും ചന്ദ്രാലും ഇതു ശനിദശയാണ്. അതല്ലെങ്കില്‍ ഈ കിങ്ങിണിക്കുട്ടന്‍ വയനാട് മത്സരിക്കാന്‍ വണ്ടികയറുമായിരുന്നോ! ‘കഷ്ടകാലം വന്നാല്‍ കൗപീനവും പാമ്പായ് വന്ന് കടിച്ചിടാം’ എന്ന ചൊല്ല് ലക്ഷണത്തോടെ ഒത്തുവരുന്നത് രാഹുല്‍മോനാണെന്ന് ജ്യോതിഷികള്‍ പ്രവചിക്കുന്നു. സ്വന്തം മണ്ഡലം പോലും തീരുമാനിക്കാനറിയാതെ ഇരുളില്‍ തപ്പി നടന്ന ഒരു അപ്പാവിക്ക് എങ്ങനെ ഇന്ത്യയെ നയിക്കാനാവുമെന്ന ചോദ്യം തരംഗമാലകള്‍ പോലെ അലയടിക്കുന്നതിനിടെ ഇനി പ്രവചനങ്ങളുടെ തലയറഞ്ഞു പെയ്യുന്ന പെരുമഴ തന്നെയുണ്ടാകും.
ഒരു കാര്യം ഉറപ്പ്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരാജയവും ഇടതുമുന്നണി സ്ഥാനാര്‍ഥി പി പി സുനീറിന്റെ വിജയവും ചുവരെഴുത്താവുമ്പോള്‍ ചരിത്രം തന്നെയാണ് മാറ്റിയെഴുതാന്‍ പോകുന്നത്. മലയാളിയുടെ മനസ് ഒരിക്കലും വ്യക്തിപൂജാധിഷ്ഠിതമായിരുന്നില്ലെന്നോര്‍ക്കുക. കൊലകൊമ്പന്‍മാരെ പിടിച്ചുകെട്ടി കൂട്ടില്‍ തളയ്ക്കുന്ന കുങ്കിയാനകളെപോലെയാണ് മലയാളി മനസ്. അത് രാഹുലല്ല ദേവേന്ദ്രനോ അദ്ദേഹത്തിന്റെ തന്തപ്പടി മുത്തുപ്പട്ടര്‍ വന്നാലും ജേതാവാകാന്‍ പോകുന്നത് സുനീറായിരിക്കും. വയനാട്ടിലെ ജനങ്ങള്‍ക്ക് ഒരു ജയന്റ് കില്ലര്‍ പരിവേഷം ഇന്നലെ മുതല്‍ തന്നെ ലഭിച്ചുകഴിഞ്ഞിരിക്കുന്നു. രാഹുലിനെ ജയിപ്പിച്ചാല്‍ അങ്ങേര്‍ ഈ മണ്ഡലം ഉപേക്ഷിച്ച് ജയിച്ചേക്കാവുന്ന അമേഠി നിലനിര്‍ത്തുമെന്ന് വയനാട്ടുകാര്‍ക്കറിയാം. രാഹുലിന്റെ കളി വിമാനത്താവളമല്ല വയനാടെന്ന് പഴശിരാജയുടെ പടവീര്യം നിറഞ്ഞ ഈ ഭൂമിക വിളംബരം ചെയ്തുകഴിഞ്ഞു.
രാഹുലിന്റെ വയനാടന്‍ തോല്‍വിയോടെ കോണ്‍ഗ്രസിലെ നെഹ്രു കുടുംബവാഴ്ചയുടെ അന്ത്യം കുറിക്കാനുള്ള ചരിത്ര നിയോഗമാണ് വയനാടിനു വീണ്ടുകിട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിലെ അങ്കഗണിതമനുസരിച്ച് വയനാട് കോണ്‍ഗ്രസിന് തികച്ചും ഒരു അരക്ഷിത മണ്ഡലമായിരിക്കേ ഇവിടെ രാഹുലിനെ വീഴ്ത്തിയിട്ട് കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ‘ഗ്രാന്‍ഡ് ഗെയിമി‘നാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ വെളിയട ഉയരുന്നത്. രാഹുല്‍ തോറ്റാല്‍ സോണിയയ്ക്കും മക്കള്‍ക്കും കുടുംബത്തില്‍ സ്വസ്ഥം ഗൃഹഭരണമാവുകയും ചെയ്യാം.
രാഹുലിനെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ രഹസ്യ കരുനീക്കങ്ങളുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ആ കളിയുടെ ഒന്നാംഘട്ടമായിരുന്നു തന്റെ കൂലിത്തല്ലുകാരനായ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വം. അതോടെ എ ഗ്രൂപ്പുകാര്‍ സിദ്ദിഖിനെതിരെ കലാപക്കൊടി ഉയര്‍ത്തുമെന്ന് പുതുപ്പള്ളി കുഞ്ഞിനറിയാമായിരുന്നു. അതു സംഭവിക്കുകയും ചെയ്തു. ഈ ഗ്രൂപ്പു പോരൊതുക്കാന്‍ രാഹുലിന്റെ വയനാടന്‍ വരവൊരുക്കിയതും ഉമ്മന്‍ചാണ്ടി. എന്നാല്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ വയനാട്ടില്‍ മുസ്‌ലിമായ സിദ്ദിഖിനെ പിന്‍വലിച്ചാല്‍ യുഡിഎഫ് അനുകൂലികളായ മുസ്‌ലിം ജനസാമാന്യം സുനീറിന്റെ ചിഹ്നത്തില്‍ വോട്ടു കുത്തുമെന്ന തെറ്റാത്ത കണക്കുകൂട്ടലും ഉമ്മന്‍ ചാണ്ടിക്കുണ്ട്. സിദ്ദിഖിനെ മാറ്റിയാല്‍ മുസ്‌ലിം പ്രാതിനിധ്യം തോല്‍ക്കുന്ന മറ്റൊരു സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസുകാരി ഷാനിമോള്‍ ഉസ്മാനിലൊടുങ്ങുമെന്ന് മുസ്‌ലിം ലീഗിനും അവരുടെ ജീവാത്മാവും പരമാത്മാവുമായ സമസ്തയ്ക്കും നന്നായറിയാം. ഇക്കാര്യം സമസ്ത തുറന്നുപറയുകയും ചെയ്തു. യുഡിഎഫ് ചേരിയിലെ മുസ്‌ലിം വോട്ടുകള്‍ കണക്കില്ലാതെ ഇടതുപക്ഷത്തേക്ക് ഒഴുക്കി രാഹുലിനെ വയനാടന്‍ മണ്ണു കപ്പിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ കണക്കും ഒത്തുവരാന്‍ പോകുന്നു. അതോടെ നെഹ്രു കുടുംബയുഗത്തിനും അതിനു മൂടുതാങ്ങുന്ന ആന്റണിയുഗത്തിനും അന്ത്യവിരാമമാകുമെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടലാണ് ജയിക്കാന്‍ പോകുന്നത്. പിന്നാലെ ഒരു ചാണ്ടിയുഗപ്പിറവിക്ക് പുതുപ്പള്ളി കുഞ്ഞ് അടിത്തറയിട്ടുകഴിഞ്ഞു. ഇതൊന്നും മനസിലാക്കാന്‍ രാഹുല്‍ പപ്പുവിനുമായില്ല. വിധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്താനാവില്ലല്ലോ.
ചിലപ്പോള്‍ ചില കാര്യങ്ങള്‍ അങ്ങനെയങ്ങ് ഒത്തുവരും. ഈ സന്ദര്‍ഭസൃഷ്ടികളില്‍ നിസംഗമായി പ്രതികരിക്കാനാണല്ലോ നമ്മുടെ പൂര്‍വസൂരികള്‍ ‘സംഭവാമി യുഗേ യുഗേ’ എന്ന ആപ്തവാക്യം നമുക്ക് എറിഞ്ഞുതന്നത്. ഒരു കളി വിമാനത്തിന്റെയോ ഒരു കളി മിസൈലിന്റെയോ ചാരുതയോടെ! തെരഞ്ഞെടുപ്പു ചൂടും കാലാവസ്ഥാ ചൂടും ചേര്‍ന്ന് കേരളത്തെ ഒരു തീക്കുണ്ഠമാക്കിയ ഇക്കാലത്ത് അവയെല്ലാം കടത്തിവെട്ടി ശ്രീകാര്യത്തെ ഒരു പയ്യന്‍ നമുക്ക് ഒരു വന്‍ വാര്‍ത്താതാരമായിരിക്കുന്നു. തലസ്ഥാനത്ത് തലങ്ങും വിലങ്ങും ആളില്ലാ കളിവിമാനങ്ങള്‍ പറത്തി മലയാളക്കരയെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പയ്യനെ കണ്ടെത്താന്‍ പോലും നമ്മുടെ ജഗജില്ലികളായ സുരക്ഷ കിട്ടിമത്തന്‍മാര്‍ക്ക് എത്ര ദിവസം വേണ്ടിവന്നുവെന്നതിനു കണക്കില്ല. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പൊലീസ് ആസ്ഥാനത്തെ മുറിക്കു മുകളില്‍ ഡ്രോണ്‍ എന്നറിയപ്പെടുന്ന കളിവിമാനം മൂത്രമൊഴിച്ചു, അഡാനി മുതലാളി സ്വന്തമാക്കിയ തിരുവനന്തപുരം വിമാനത്താവളത്തിനുമേല്‍ കളിവിമാനം കാര്‍ക്കിച്ചുതുപ്പി എന്നിങ്ങനെയുള്ള വാര്‍ത്താ പ്രപഞ്ചമാണ് വെന്തുരുകുന്ന കേരളത്തില്‍ ആലിപ്പഴ മഴ പെയ്യിച്ചു കുളിരണിയിച്ചത്. എന്തായാലും ഈ കളിവിമാനങ്ങള്‍ പറത്തി നാടിനെ അമ്പരപ്പിച്ചത് തലസ്ഥാനത്ത് ശ്രീകാര്യത്തെ ഒന്‍പതാം ക്ലാസുകാരനായ ചെറുബാലനാണെന്ന് പൊലീസിലെ അപസര്‍പ്പക വീരന്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. പയ്യന്റെ വാപ്പ നൗഷാദ് അകത്തായി. മകന്‍ ഇപ്പോള്‍ പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍ നിരീക്ഷണത്തിലും. പയ്യനാണെങ്കില്‍ പുതിയ കളിവിമാനം കൂട്ടിയോജിപ്പിക്കുന്ന തിരക്കിലും.
ചെറുബാലന്റെ കളിതമാശകള്‍ അരങ്ങുവാഴുന്നതിനിടെയാണ് മോഡി എന്ന ഗുജറാത്തി പയ്യന്റെ മറ്റു ചില ബാലചാപല്യങ്ങള്‍. ബഹിരാകാശത്ത് ഊളിയിട്ടു പായുന്നത്. ആയിരക്കണക്കിന് മനുഷ്യനിര്‍മിത ഉപഗ്രഹങ്ങളാണ്. മാസങ്ങള്‍ക്കു മുമ്പുതന്നെ ശത്രു ഉപഗ്രഹങ്ങളെ നിഗ്രഹിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ വിജയകരമായി പരീക്ഷിച്ചിരുന്നു. പാകിസ്ഥാനിലെ ബലാകോട്ടില്‍ മോഡി നടത്തിയെന്നവകാശപ്പെട്ട മിന്നലാക്രമണ കഥ ചീറ്റിപ്പോയതിനു പിന്നാലെ തെരഞ്ഞെടുപ്പിനു വിഷയങ്ങള്‍ പരതുന്നതിനിടെയാണ് പഴഞ്ചനായ ഉപഗ്രഹവേധ മിസൈല്‍ കഥ പുറത്തെടുത്തു വീശിയത്. രാജ്യസുരക്ഷയ്ക്കുവേണ്ടി നിര്‍മിച്ച ഒരു ആയുധത്തിന്റെ കഥ പുരപ്പുറത്തുനിന്ന് വിളിച്ചുകൂവിയ മോഡി സുരക്ഷാരഹസ്യം പരസ്യമാക്കിയ കടുത്ത രാജ്യദ്രോഹക്കുറ്റമാണ് കാട്ടിയിരിക്കുന്നത്. ശ്രീകാര്യത്തെ പയ്യന്‍ പോലും തന്റെ കളിവിമാന രഹസ്യം ഗോപ്യമാക്കി വച്ചു. അതിനുള്ള ത്രാണി പോലുമില്ലാത്ത മോഡി എന്ന മുതുക്കന്‍ പയ്യനെയോര്‍ത്തു നമുക്ക് എഡ്ഗാര്‍ അലന്‍പോയെപോലെ വിലപിക്കാം; കേഴുക പ്രിയ നാടേ.
പാമ്പായി മാറുന്ന കൗപീനകഥ ശശിതരൂരിനും അന്വര്‍ഥമായിരിക്കുന്ന കലികാലം. ‘വൈ ഐ ആം എ ഹിന്ദു’ എന്ന ഒരു നാലാംകിട കൃതി അടുത്തകാലത്തു പുറത്തിറക്കിയ ഈ കല്യാണരാമന്റെ ഉള്ളിലിരിപ്പ് കഴിഞ്ഞ ദിവസം പുറത്തുചാടി. സവര്‍ണമനസിന്റെ സുവര്‍ണ അലുക്കുകളിട്ട ട്വിറ്റര്‍ വചനങ്ങള്‍ തരൂരിനെ പാമ്പായി വന്നു കൊത്തിച്ചീന്തുന്നു. മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മീനിന്റെ നാറ്റം കേട്ടാല്‍ തനിക്ക് ഓര്‍ക്കാനം വരുമെന്നാണത്രെ ട്വിറ്റ്.
നാറ്റമീന്‍ ചുമക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യഗന്ധമുണ്ടാവുക സ്വാഭാവികം. പക്ഷെ മീന്‍ നാറ്റമുള്ള മത്സ്യത്തൊഴിലാളികളുടെ വോട്ടിങ്ങു പോരട്ടെ എന്ന തരൂരിയന്‍ മനോഗതി. പരാശരമുനിക്ക് മത്സ്യഗന്ധിയെന്ന മുക്കുവപ്പെണ്ണില്‍ പിറന്ന വേദവ്യാസനാണ് മഹാഭാരതമെഴുതിയതെന്നറിയാത്ത തരൂര്‍ ഏതു കോത്താഴത്തെ ‘ഐ ആം എ ഹിന്ദു’ വാണ്! കടലിന്റെ മക്കളാണ് പ്രളയകാലത്ത് മലയാളക്കരയുടെ രക്ഷാസൈന്യമായെത്തിയതെന്ന് തരൂര്‍ എങ്ങനെയറിയും. ഈ മേനിക്കണ്ടപ്പന് ഇന്റര്‍നാഷണല്‍ വിഷയങ്ങളല്ലേ വഴങ്ങൂ!
ആദിവാസികളായ മലഅരയന്‍മാരാണ് തങ്ങളുടെ മലദൈവമായി കലിയുഗവരദനായ അയ്യപ്പനെ ശബരിമലയില്‍ പ്രതിഷ്ഠിച്ചതെന്നാണ് ചരിത്രം. ആ ചരിത്രം പിന്നീട് പലകുറി തിരുത്തിയെഴുതി പന്തളം കൊട്ടാരം മുതല്‍ തിരുവിതാംകൂര്‍ കൊട്ടാരം വരെ വിഗ്രഹപ്രതിഷ്ഠ നടത്തിയവരായി. ഇപ്പോഴിതാ പ്രതിഷ്ഠ നടത്തിയത് താനാണെന്ന മട്ടില്‍ പി സി ജോര്‍ജ് എന്ന കണ്ഠരര് ജോര്‍ജീവരും. ഓട്ടോറിക്ഷയും ജോര്‍ജും എപ്പോള്‍ എങ്ങോട്ടു തിരിയുമെന്ന് സാക്ഷാല്‍ പൊന്നുതമ്പുരാനു പോലും തിട്ടമില്ല. ഇടതുമുന്നണിയില്‍ നിന്ന് നേരെ ആര്യനാടു വഴി ജോര്‍ജീവരുടെ ഓട്ടോറിക്ഷ പിന്നെ കണ്ടത് സ്വന്തം ജനപക്ഷം ഓട്ടോസ്റ്റാന്‍ഡില്‍. അതുകഴിഞ്ഞ് കറുത്ത വസ്ത്രമണിഞ്ഞ ഓട്ടോ നിയമസഭയിലെത്തിയത് ബിജെപി സ്റ്റാന്‍ഡില്‍. അതു കഴിഞ്ഞപ്പോള്‍ തന്റെ ഓട്ടോ യുഡിഎഫിന്റെ ഏരിയയില്‍ പാര്‍ക്കു ചെയ്യുമെന്ന് പ്രഖ്യാപനം. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ക്യാമ്പിലാണ് തന്റെ ഓട്ടോയെന്ന്. പലപ്രാവശ്യം മലക്കം മറിഞ്ഞ ഓട്ടോ ഇപ്പോള്‍ത്തന്നെ ഒരു പരുവത്തിലായി. പി സി ജോര്‍ജിന്റെ പേര് പി സി ഓന്ത് എന്ന് മാറ്റുന്നതിനെക്കാള്‍ ഭേദം കണ്ഠരര് ലോഹിതര് ജോര്‍ജീവര് എന്നാക്കിയാലോ. ലോഹിതത്തിന് അര്‍ഥം പാമ്പെന്നാണ്. പലതവണ പടംപൊഴിക്കുന്ന പാമ്പിനൊത്ത പേരല്ലേ കൂടുതല്‍ ഉചിതം.