Thursday
21 Feb 2019

മുല്ലപ്പള്ളിയുടെ പട്ടാളക്കഥയും കഞ്ഞിപ്പിരിവിനുള്ള വകയും

By: Web Desk | Sunday 2 December 2018 11:07 PM IST

devika

ണ്ട് പട്ടാളത്തില്‍ നിന്നു പിരിഞ്ഞുവരുന്നവരാണ് ആ നാട്ടിലെ ആരാധ്യകഥാകൃത്തുക്കള്‍. എല്ലാം വീരസാഹസിക കഥകള്‍. തനിക്കെതിരെ പാഞ്ഞുവന്ന പീരങ്കിയുണ്ട പിടിച്ചെടുത്ത് ശത്രുവിനു നേരെ തിരിച്ചെറിഞ്ഞ് എതിര്‍ സൈന്യത്തെയാകെ നിഗ്രഹിച്ച കഥ. കശ്മീരിലായിരുന്നപ്പോള്‍ താന്‍ നാലാം നിലയില്‍ നിന്നും താഴേയ്ക്ക് മൂത്രമൊഴിച്ചപ്പോള്‍ കൊടുംമഞ്ഞില്‍ കമ്പിപോലെയായ മൂത്രത്തില്‍ പിടിച്ചുകയറി തന്നെ കൊല്ലാന്‍ വന്ന ഹിമക്കരടിയെ വകവരുത്താന്‍ പ്രയോഗിച്ച വിദ്യയെക്കുറിച്ചുള്ള കഥ. കരടി മുകളിലേയ്ക്ക് മൂത്രക്കമ്പിയിലൂടെ പിടിച്ചുതൂങ്ങി അടുത്തെത്താറായപ്പോള്‍ താന്‍ തീപ്പെട്ടിക്കോലുരച്ച് മൂത്രക്കമ്പി ഉരുക്കിയതോടെ കരടി ‘പൊത്തോന്ന്’ താഴെവീണു ചത്ത കഥ. അങ്ങനെ കഥകള്‍ നീളുമ്പോള്‍ കേള്‍ക്കുന്ന ഗ്രാമീണരായ പാവത്താന്‍മാര്‍ കണ്ണുംതള്ളി ‘ബ്ലിങ്കസ്യ’ എന്ന ഒരൊറ്റയിരിപ്പാണ്. പാവം അവരറിയുന്നോ പട്ടാളത്തിലെ കുശിനിയില്‍ പാത്രം കഴുകലായിരുന്നു ഈ വീരേതിഹാസത്തിന്റെ പണിയെന്ന്. അതായത് ലംഗര്‍ (അടുക്കള) കമാന്‍ഡര്‍.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞ അപസര്‍പ്പകകഥകള്‍ കേട്ടപ്പോള്‍ ജഗതലപ്രതാപിയായ വീരസൈനികനെ ഓര്‍ത്തുപോയെന്നു മാത്രം. ഗുജറാത്ത് ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് എന്‍ഐഎ അന്വേഷണ സംഘത്തിലായിരുന്ന ഇപ്പോഴത്തെ നമ്മുടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് പ്രതികളായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത്ഷായേയും കുറ്റവിമുക്തരാക്കി വെള്ളപൂശി റിപ്പോര്‍ട്ട് ചമച്ചതെന്നാണ് മുല്ലപ്പള്ളിയുടെ അപസര്‍പ്പകകഥ. മുല്ലപ്പള്ളി വലിയ വായില്‍ ഇതു വിളിച്ചുപറയുന്നതൊന്നുമല്ല. താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ മോഡിയേയും അമിത്ഷായേയും ലോക്‌നാഥ് ബഹ്‌റ വെള്ളപൂശിയ റിപ്പോര്‍ട്ടു കണ്ട് അന്തം മറിഞ്ഞുപോയെന്നാണ് മുല്ലപ്പള്ളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പണ്ട് കെ എം മാണിയെ വെള്ളപൂശിയതുപോലെ ബഹ്‌റ മോഡിയേയും അയാളുടെ കൂലിത്തല്ലുകാരന്‍ അമിത്ഷായേയും വെള്ളപൂശിയിട്ടുണ്ടാകാം. എന്നാല്‍ ഈ ഫയല്‍ കണ്ടിട്ടും ഒരു നടപടിയുമെടുക്കാതിരുന്ന മുല്ലപ്പള്ളിയാണ് മോഡിയെ അധികാരത്തിലേറ്റിയ കേസിലെ ഒന്നാം പ്രതി. ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടരനേ്വഷണം നടത്തി അന്നുതന്നെ രണ്ടിനേയും തട്ടി അകത്താക്കിയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ ഈ ദുരന്തം അനുഭവിക്കേണ്ടി വരുമായിരുന്നോ? അപ്പോള്‍ മുല്ലപ്പള്ളിയും ബഹ്‌റയും ഒരേ തൂവല്‍പ്പക്ഷികളാവുന്നില്ലേ.
മുല്ലപ്പള്ളി ആഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ ഔദേ്യാഗികരഹസ്യം പരസ്യമായി പ്രസംഗിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തുക കൂടിയല്ലേ ചെയ്തത് എന്ന് ദേവിക ഒരു കോണ്‍ഗ്രസ് നേതാവിനോട് ചോദിച്ചു. നേതാവ് നൈസായി മറുപടി അടക്കത്തില്‍ പറഞ്ഞു; ‘അതിന് ഇത്തരം ഫയലുകള്‍ മുല്ലപ്പള്ളിയെ ആരു കാണിക്കും, പുള്ളിക്കാരന്‍ അവിടെ കോണ്‍ഗ്രസ് ആസ്ഥാനത്തും സോണിയാജിയുടെ വസതിയിലും കുശിനിക്കാരന്റെ ‘സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി’യായിരുന്നില്ലേ.’

‘കേറിക്കേറി മുറത്തില്‍ കയറിക്കൊത്തുന്ന’ കോഴിയെപോലെയായി നമ്മുടെ രമേശ് ചെന്നിത്തല. എസ് പി യതീഷ് ചന്ദ്രയോടു പോലും നാലുവാക്ക് ഇംഗ്ലീഷില്‍ പറയാനറിയാത്ത അദ്ദേഹം നിയമസഭയിലും ഇംഗ്ലീഷ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. പണ്ടൊക്കെ പട്ടം താണുപിള്ളയെപോലുള്ളവര്‍ നിയമസഭയില്‍ മിക്കവാറും ഇംഗ്ലീഷിലേ വര്‍ത്തമാനം പറയാറുണ്ടായിരുന്നുള്ളു. കാലം മാറിയതോടെ ഇംഗ്ലീഷിനു മറ്റേ പണിയായി. അപൂര്‍വം ചില വാക്കുകള്‍ മാത്രമേ ഇംഗ്ലീഷില്‍ നിയമസഭയില്‍ ഇപ്പോള്‍ കേള്‍ക്കാറുള്ളു. അതിന് ഒരു മാറ്റം വേണമല്ലോ എന്നു കരുതി ചെന്നിത്തല ഒരു കുട്ടിപ്പട്ടമായി ആംഗലവാണി മൊഴിഞ്ഞു തുടങ്ങിയപ്പോള്‍ ആകെ അളിപിളിയായി. പണ്ട് പാളയത്തെ ഡ്രൈവര്‍ കോഴിക്കള്ളന്‍ അപ്പുവിനെപോലെയായി ചെന്നിത്തലയുടെ ഇംഗ്ലീഷ്. ‘ഡോണ്ട് സേ ഡുണാസ്റ്റ്’ എന്ന കോഴിക്കള്ളന്‍ സ്റ്റൈല്‍ ഇംഗ്ലീഷ്.

ബിജെപിയേയും സംഘപരിവാറിനേയും ഇനി കഞ്ഞിപ്പാര്‍ട്ടികള്‍ എന്ന് ആരെങ്കിലും വിളിച്ചാല്‍ കുറ്റം പറയാനാകുമോ. ശബരിഗിരീശന്റെ പൂങ്കാവനവും പൊന്നു പതിനെട്ടാം പടിയും ഗറില്ലായുദ്ധഭൂമിയാക്കിയ ബിജെപി സമരത്തില്‍ നിന്ന് തലയൂരി മലയിറങ്ങിയപ്പോള്‍ പണ്ടത്തെ ഒരു ചൊല്ലാണ് ഓര്‍ത്തുപോയത്; ‘കുനിഞ്ഞു വീണാലും അവന്‍ കാല്‍പ്പണവും കൊണ്ടേ പൊങ്ങൂ’ എന്ന ചൊല്ല്. ശബരിമലയില്‍ മൂക്കുകുത്തി വീണ ബിജെപി പിടഞ്ഞെണീറ്റത് കോടികളുടെ കഞ്ഞിപ്പിരിവിനുള്ള വകയുമായി. ശബരിമലയില്‍ അന്നദാനത്തിനുള്ള വഹകള്‍ നല്‍കാന്‍ കരാറൊപ്പിച്ചെടുത്താണ് സംഘപരിവാറിന്റെ അയ്യപ്പസേവാസമാജം മലയിറങ്ങുന്നത്. ഇനി നാടാകെ നടന്ന് അന്നദാനത്തിനെന്ന പേരില്‍ പറന്നു പിരിക്കാം. കോടികളുടെ കഞ്ഞിപ്പിരിവ് നടത്തി രണ്ടോ മൂന്നോ ചാക്ക് അരിയും നാലഞ്ച് കിലോ പലവ്യഞ്ജനവും പച്ചക്കറികളും അന്നദാനത്തിന് നല്‍കി ബാക്കി കോടികള്‍ ഇനി ബിജെപിക്കാര്‍ക്ക് മട്ടനും പുട്ടുമടിക്കാം. ‘മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം’ എന്നു പണ്ടാരോ പറഞ്ഞ പോലെ സ്വയമ്പന്‍ കച്ചവടകുലത്തില്‍ പിറന്ന് ജന്‍മംകൊണ്ടും കര്‍മംകൊണ്ടും പിരിവുകാരനായ അമിത്ഷായുടെ അനുയായികള്‍ അയ്യപ്പനേയും വിറ്റുകാശാക്കാന്‍ വേണ്ടിയായിരുന്നോ ഈ അഭ്യാസങ്ങളൊക്കെ കാണിച്ചതെന്ന് ജയിലില്‍ കിടക്കുന്ന കെ സുരേന്ദ്രന്‍ പോലും ചോദിച്ചുപോകും.