ചായ, ചായേതി ജപിക്കയും നാക്കിലിരിപ്പിന്റെ നിഘണ്ടു രചിക്കയും

Web Desk
Posted on November 27, 2017, 10:41 pm

ണ്ട് ചായ ഒരു അപൂര്‍വവും ആഡംബരവുമായ പാനീയമായിരിക്കുകയും ചായപ്രിയന്മാര്‍ ഏറുകയും ചെയ്തിരുന്ന കാലത്തെ പഴയൊരു പാഠപുസ്തകം പുരാരേഖകളില്‍ നിന്ന് ഈയടുത്തു കണ്ടെത്താനിടയായി. ‘ചായ, ചായേതി ജപിക്കയും ചായയെത്തന്നെ മനസിചിന്തിക്കയും ചുക്കുവെള്ളത്തിനുപോലും പകരമായി ചായയെത്തന്നെ മനസിനിരൂപിക്കയും’ എന്ന പദ്യശകലം. കരിപ്പെട്ടിചേര്‍ത്ത ചുക്കുകാപ്പിയെ തള്ളിപ്പറഞ്ഞ് ഫാഷന്‍ ചിഹ്നമായി ചായയ്ക്കു പിന്നാലെ പരക്കം പായുന്നവരെ പരിഹസിച്ച പഴയവരികള്‍.
ചായ പിന്നീട് ജനകീയമായി. പക്ഷെ ദേശീയ പക്ഷിയേയും ദേശീയമൃഗത്തേയും പോലെ ചായയെ ഒരു ദേശീയപാനീയമായി മോഡിസര്‍ക്കാര്‍ പ്രഖ്യാപിച്ചുകളയുമോ എന്ന ആശങ്കയാണിപ്പോള്‍ പടരുന്നത്. റയില്‍വേ പ്ലാറ്റ്‌ഫോമില്‍ പണ്ട് ചായവിറ്റ് ചായകുടിയന്മാരെ ഊറ്റിയ ദാമോദര്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായതോടെ ചായയുടെ പേറ്റന്റ് മേല്‍പടിയാന്‍ സ്വന്തമാക്കിയ പോലെയാണ് സംഗതികള്‍ നീളുന്നത്. തന്റെ ഉള്ളിലിരിപ്പ് തുറന്നു പറയാതെ ജനത്തെ വടിയാക്കുന്ന ഉഡായിപ്പ് ബഡായി പരിപാടിയായ ‘മന്‍ കി ബാത്തി‘ല്‍ മോഡി രാഷ്ട്രത്തോട് ഗീര്‍വാണമടിച്ചപ്പോള്‍ അണികള്‍ കൂട്ടിനുപിടിച്ചത് ചായയെ മോഡിജിയുടെ ഗിരിപ്രഭാഷണം കേട്ട് ഉറക്കം തൂങ്ങാതിരിക്കാന്‍ ഇന്നലെ ‘ചായ് കേ സാഥ്, മന്‍കി ബാത്ത്’ എന്ന പരിപാടി ബിജെപിക്കാര്‍ സംഘടിപ്പിച്ചപ്പോള്‍ കഥയില്ലാകഥകള്‍ കേള്‍ക്കാനും ചായയെത്തന്നെ കൂട്ടുപിടിക്കണമെന്ന് അനുയായികള്‍ കാണിച്ചുതന്നു.
കയ്യില്‍ കടലാസുചായക്കപ്പുമായി ‘മന്‍ കി ബാത്ത്’ ശ്രവിക്കുന്ന അമിത് ഷായുടെ ചിത്രം ചാനലുകളില്‍ മിന്നിമറയുന്നതും കണ്ടു. ‘ആനവാലില്‍ അമ്പഴങ്ങ’ എന്ന ചൊല്ലുപോലെ ആനപ്രകൃതനായ അമിട്ട് ഷായ്ക്ക് കുടലൊന്നു നനഞ്ഞു കിട്ടണമെങ്കില്‍ ഒരായിരം ചായയെങ്കിലും വേണം. നേതാവ് അഖണ്ഡചായപാന യജ്ഞം നടത്തുമ്പോള്‍ അണികള്‍ എത്ര ചായ കുടിച്ചു വറ്റിച്ചിട്ടുണ്ടാവണം. ബിജെപിയുടെ ഈ തരികിടപരിപാടിക്ക് ഇണങ്ങുന്നതായി മോഡിയുടെ തരികിട മന്‍ കി ബാത്തും. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായിരുന്നു ഇന്നലെ. പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ മനുഷ്യശതങ്ങളുടെ സ്മരണയ്ക്ക് മുന്നില്‍ മോഡി ഇന്നലെ മുതലക്കണ്ണീര്‍ ചൊരിഞ്ഞപ്പോള്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇതിഹാസമായിരുന്ന മഹാരാഷ്ട്രയിലെ പൊലീസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കറെയെ ഓര്‍ത്തുപോയി. മുംബൈ ഭീകരവിരുദ്ധ സേനയുടെ തലവനായ ഹേമന്തിനെ ഭീകരാക്രമണത്തിനിടയില്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
എന്നാല്‍ പിന്നീടാണ് സത്യം പുറത്തുവന്നത്. ഹേമന്തിന്റെ മാറിടം പിളര്‍ന്ന് ജീവനെടുത്ത മൂന്നു വെടിയുണ്ടകള്‍ പാഞ്ഞത് ഭീകരരില്‍ നിന്നായിരുന്നില്ല എന്ന്. ഈ കൊലയ്ക്കു പിന്നില്‍ ബിജെപിയായിരുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്ന പുസ്തകം പുറത്തിറങ്ങിയപ്പോള്‍ അതിന്റെ പ്രസിദ്ധീകരണം തടയാന്‍ എന്തെല്ലാം ഹാലിളക്കമാണ് ബിജെപി കാട്ടിയത്. ബിജെപിയുടെ അഴിമതിയുടെയും ഭീകരബന്ധത്തേയും സംബന്ധിച്ച ഒരക്ഷയഖനിയായിരുന്നു ഹേമന്ത് കര്‍ക്കറെ. ഒരുനാള്‍ ഇതെല്ലാം പുറത്തുവന്നാല്‍ ഇന്ത്യ ഞെട്ടിത്തരിക്കുമെന്നറിയാമായിരുന്ന ബിജെപിയുടെ ഉന്നം തെറ്റാത്ത വാടകക്കൊലയാളികള്‍ ഭീകരാക്രമണത്തിനിടയില്‍ ഹേമന്തിനെ അരുംകൊലചെയ്തതെന്നായിരുന്നു പുസ്തകത്തിലെ രക്തം ഘനീഭൂതമാവുന്ന വെളിപ്പെടുത്തല്‍.
പക്ഷേ എല്ലാ എതിര്‍പ്പുകളും അതിജീവിച്ചു പുറത്തിറങ്ങിയ പുസ്തകം ജനപ്രിയമായതോടെ ‘കര്‍ക്കറെയെ കൊന്നതാര്’ എന്ന പുസ്തകം നിരോധിക്കാനായി ബിജെപി പതിനെട്ടടവും പയറ്റിത്തോറ്റു. ഇതോടെ പുസ്തകം വാങ്ങുന്നവരേയും വായിക്കുന്നവരേയും തെരഞ്ഞുപിടിച്ച് ആക്രമണമായി. ഈ ഘട്ടത്തിലാണ് മഹാരാഷ്ട്രയിലെ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ മുന്‍കയ്യെടുത്ത് സംസ്ഥാനത്തുടനീളം വായനാക്കൂട്ടങ്ങള്‍ സംഘടിപ്പിച്ചത്. ഹേമന്തിന്റെ അരുംകൊലയുടെ ഉള്ളുകള്ളികള്‍ അനാവൃതമായതോടെ പന്‍സാരെയെ 2014 ഫെബ്രുവരിയില്‍ ബിജെപി ഭീകരര്‍ നിറതോക്കിനിരയാക്കുകയായിരുന്നു. എതിര്‍ ശബ്ദം നിശബ്ദമാക്കാനുള്ള ബിജെപിയുടെ ഈ മൃഗീയ തന്ത്രത്തെക്കുറിച്ച് പന്‍സാരെ വധം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് ടീമിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പന്‍സാരെയുടെയും ഹേമന്ത് കര്‍ക്കറെയുടെയും കൊലയാളികള്‍ ഇപ്പോഴും ബിജെപിയുടെ ചിറകിന്‍കീഴില്‍ സുരക്ഷിതര്‍. സത്യം അക്ഷരങ്ങളായി തുറിച്ചുനോക്കുമ്പോഴാണ് മുംബൈ ഭീകരാക്രമണ വാര്‍ഷികത്തില്‍ ‘മന്‍ കി ബാത്തി‘ലൂടെ മോഡിയുടെ മുതലക്കണ്ണീര്‍. മുതലക്കണ്ണീര്‍ പ്രയോഗത്തിന് മുതലകള്‍ മാപ്പുതരട്ടെ!
പണ്ടത്തെ ഒരു സിനിമാപ്പാട്ടുണ്ട്. ‘കണ്ണുപൊത്തിക്കളിക്കണ പെണ്ണേ നിന്റെ കണ്ണിലിരിപ്പവനാരാ’ എന്ന പാട്ട്. അന്നാണ് മലയാള ഭാഷയ്ക്ക് കണ്ണിലിരിപ്പ് എന്ന പുതിയൊരു വാക്കുകിട്ടിയത്. അതുവരെ ഉള്ളിലിരിപ്പ്, മനസിലിരിപ്പ് എന്നിവയ്ക്ക് പുറമേ തല്ലുകൊള്ളിത്തരത്തിനുള്ള കയ്യിലിരിപ്പും നമ്മുടെയിടയില്‍ പ്രചുരപ്രചാരം ആര്‍ജിച്ച വാക്കുകളായിരുന്നു. കൈരളി എന്നും അനുഗൃഹീതയായിരുന്നു. ശബ്ദതാരാവലിയുടെ പിതാവ് ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപിള്ള 72 വര്‍ഷം മുമ്പ് കഥാവശേഷനാവുകയും ഈ ബ്രഹ്മാണ്ഡഗ്രന്ഥത്തിന് 94 വയസാവുകയും ചെയ്യുന്നതുവരെ നമുക്ക് കാത്തിരിക്കേണ്ടിവന്നു. മന്ത്രി എം എം മണിയിലൂടെ രണ്ടാം ശബ്ദതാരാവലിയുടെ പിതാവ് ജനിക്കാന്‍.
മണിയാശാന്‍അഭിനവശബ്ദതാരാവലിയുടെ നാന്ദികുറിച്ചുകൊണ്ട് മലയാളഭാഷാസ്‌നേഹികള്‍ക്ക് ഒരു പുതിയ വാക്ക് എറിഞ്ഞുതന്നിരിക്കുന്നു. നാക്കിലിരിപ്പ്! ആ വാക്കിന്റെ ഉല്‍പത്തിസഹിതമാണ് ഭാഷയ്ക്കുള്ള മണിനാദം. തോമസ് ചാണ്ടിക്ക് നാണംകെട്ട് മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവന്നത് നാക്കിലിരിപ്പുകൊണ്ടാണെന്ന് കുഞ്ചിത്തണ്ണിയാശാന്‍ സോദാഹരണം നമുക്കു പറഞ്ഞുതരുന്നു. അതാണ് പറയുന്നത്. ‘സംഭവാമിയുഗേയുഗേ’ എന്ന പോലെ മലയാള ഭാഷയ്ക്കും കാലാകാലങ്ങളില്‍ ഒരു നവോത്ഥാന നായകന്‍ ഉണ്ടാകുമെന്ന്. മണിയാശാന്റെ പുതിയ ശബ്ദതാരാവലിക്ക് ഒരു മണിപ്രവാള ഗന്ധമുണ്ടാകുമെന്ന് തീര്‍ച്ച. വട്ടന്‍, കോന്തന്‍, മറ്റേപണി, കോപ്പിയടി എന്നിങ്ങനെയുളള പദങ്ങളും ഉല്‍പത്തിയും ശബ്ദക്രമീകരണവും ഉച്ചരിക്കുമ്പോള്‍ ഇടതുകൈക്കുമ്പിളില്‍ വലതുകൈമുട്ട് താഴ്ത്തി മുന്നിലോട്ടൊന്നു ചാമ്പിത്തെറിപ്പിച്ചുള്ള അംഗവിക്ഷേപത്തോടുകൂടിയ അര്‍ഥ കല്‍പനയുമെല്ലാം ചിത്രസഹിതമായിരിക്കും മണിപ്രവാള ശബ്ദതാരാവലിയെന്ന് കൈരളിയെ പൂജിക്കുന്നവര്‍ക്ക് പ്രത്യാശയുണ്ട്. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി ആദ്യം അച്ചടിച്ചത് അഞ്ഞൂറു കോപ്പിയെങ്കില്‍ മണിശബ്ദതാരാവലി അരക്കോടി അച്ചടിച്ചാലും ഭാഷാസ്‌നേഹികള്‍ ക്യൂ നിന്നു വാങ്ങിക്കൊള്ളും.
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനോട് ദേവികയ്ക്ക് ഒരപേക്ഷയുണ്ട്; സബ്കളക്ടര്‍, ഡപ്യൂട്ടികളക്ടര്‍, കളക്ടര്‍ എന്നീ തസ്തികകള്‍ എടുത്തുകളയണമെന്ന് സര്‍ക്കാരിനോട് ഒരടിയന്തര ഇടക്കാല റിപ്പോര്‍ട്ടിലൂടെ ശുപാര്‍ശ ചെയ്യണമെന്ന്. സെപ്റ്റിക് ടാങ്കുകളും മാന്‍ഹോളുകളിലൂടെയിറങ്ങി ഡ്രെയിനേജ് ലൈനുകളും വൃത്തിയാക്കുന്ന തൊഴിലാളികളെക്കാള്‍ ദുര്‍ഗന്ധം സഹിച്ച് പണി ചെയ്യുന്ന ഹതഭാഗ്യരെക്കാള്‍ കഷ്ടാല്‍ കഷ്ടതരമാണ് ഇവരുടെ കാര്യം. ഇതിനൊരു മോചനം നല്‍കാന്‍ വി എസിനേ കഴിയു. കളക്ടറുടെയും ഡപ്യൂട്ടി സബ്കളക്ടറുടെയും തസ്തികകള്‍ പുനര്‍നിര്‍ണയിച്ച് മാഫിയാ അസൈന്‍മെന്റ് ഓഫീസര്‍മാര്‍ എന്നാക്കി മാറ്റിയാല്‍ ഈ പാവങ്ങള്‍ തെറിമാലിന്യമുക്തരാവും. അവരെ വിളിക്കുന്ന തെറി മാലോകരുടെ കാതില്‍ വന്നലയ്ക്കുകയുമില്ല.
മോഡിയുടെ സ്വച്ഛ്ഭാരത് എന്ന വെളിമ്പ്രദേശങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതിനുള്ള അപ്പിയിടല്‍, മൂത്രമൊഴിക്കല്‍ നിരോധന പദ്ധതി മുന്നേറുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ സുശീല്‍കുമാര്‍ മോഡിയെന്ന മറ്റൊരു മോഡി മുഖ്യമന്ത്രി നിതീഷ്‌കുമാറിനൊപ്പം ഭരിക്കുന്ന ബിഹാറില്‍ വെളിയിട വിസര്‍ജനത്തിന് ഏതാനും പട്ടിണിപ്പാവങ്ങളെ പിടികൂടി 500 രൂപ വീതം പിഴ ചുമത്തിയെന്ന വാര്‍ത്തയ്ക്ക് നല്ല ശേലുണ്ട്. അന്തിയുറങ്ങാന്‍ ഒരു കൂരപോലുമില്ലാത്തവരോടാണ് അച്ഛേഭാരത്, സ്വച്ഛ്ഭാരത് മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നതുവരെ മലമൂത്രവിസര്‍ജനം നിര്‍ത്തിവയ്ക്കാന്‍ മോഡി മഹാരാജാവിന്റെ കല്‍പന.
ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ ലോകടോയ്‌ലറ്റ് ദിനത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി രാംഷിന്‍ഡേ പൊതുനിരത്തില്‍ നാലാള്‍ കാണ്‍കെ പൈജാമയൂരി മൂത്രവിസര്‍ജനം നടത്തുന്ന മനോഹരദൃശ്യം നവമാധ്യമങ്ങളില്‍ തരംഗമാവുന്നു. വരള്‍ച്ചാപരിഹാര വകുപ്പ് മന്ത്രിയാണ് ഷിന്‍ഡേ എന്നു വരുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ മൂത്രജലസേചനത്തിന് പ്രതീകഭംഗിയെഴുന്നത്. മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത പ്രദേശങ്ങളിലെ ഈ നൂതന ജലസേചന പദ്ധതിയില്‍ പ്രധാനമന്ത്രിക്കും പങ്കുചേരാം. ഔപചാരികമായി ഒറ്റനില്‍പില്‍ നിന്നുകൊണ്ട് മൂത്രമൊഴിച്ച് പദ്ധതിയുടെ ഉദ്ഘാടകന്‍ കൂടിയായാല്‍ മറാത്തികള്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം.