ഗ‍ുര‍ു ക‍ു‍‌‌ഞ‍്ച‍ുക‍്ക‍ുറ‍ുപ‍്പ‍ു‍ം പിന്നെ ഗുരുകുഞ്ചുക്കുറുപ്പും!

Web Desk
Posted on October 21, 2019, 6:07 pm
devika

വിചിത്രമായ ഈ ശീർഷകം എന്തേ ഇങ്ങനെയെന്ന് വായനക്കാർക്കു തോന്നിപ്പോവുക സ്വാഭാവികം. കഥകളിയുടെ മഹാആചാര്യനായിരുന്ന ഗുരുകുഞ്ചുക്കുറുപ്പിന്റെ പേര് ഇത്തരമൊരു വിചിത്രമായ ശ്രേഷ്ഠമലയാള ലിപിയിലാണ് നമ്മുടെ കുട്ടികൾ എഴുതിവരുന്നതെന്നകാര്യം നാം അറിയാത്തതല്ല. മര്യാദയ്ക്ക് മലയാള ലിപിയിൽ എഴുതിയാൽ ‘ഗുരുകുഞ്ചുക്കുറുപ്പ്’ എന്നു മതി. എന്നാൽ 48 വർഷം മുമ്പ് ഒരു ചിങ്ങപ്പിറവി ദിനത്തിൽ നിലവിൽ വന്ന മലയാള ലിപി അനുസരിച്ചാണെങ്കിൽ കളിയരങ്ങിലെ ആ മഹാഗുരുവിന്റെ പേര് ‘ഗ‍ുര‍ു ക‍ു‍‌‌ഞ‍്ച‍ുക‍്ക‍ുറ‍ുപ‍്പ‍ു‍’ എന്നു നീട്ടി വലിച്ച് എഴുതേണ്ടി വരുന്ന ഭാഷാദുരന്തം! ഈ പേരൊന്ന് എഴുതിക്കിട്ടാൻ വേണ്ടി ഓരോ അക്ഷരത്തിനും തൊട്ടുപിന്നിൽ ‘ഉ’ കാരത്തിനായി എത്ര ചിഹ്നങ്ങളാണ് ബൾബുകൾ പോലെ കോർത്തു തൂക്കിയിടേണ്ടി വരിക. ശ്രേഷ്ഠമലയാളത്തിന്റെ മുഖ്യശില്പിയായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പോലും ഇത് ഓർത്തിട്ടുണ്ടാവില്ല. ലോക ഭാഷയായ ഇംഗ്ലീഷിനു പോലും 26 അക്ഷരങ്ങൾ മാത്രമുള്ളപ്പോൾ 15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും കൊണ്ട് സമ്പന്നമായ 51 അക്ഷരങ്ങളുള്ള മലയാളത്തിന്റെ എഴുത്തു ലിപി പുതിയലിപിക്കു പകരം പഴയ ലിപിയിലേയ്ക്കു തിരിച്ചു പോകണം എന്നു പറയാനാണ് മഹാനായ ഗുരുകുഞ്ചുക്കുറുപ്പിന്റെ പേര് ഈ വിഷയത്തിലേയ്ക്ക് വ്യസനപൂർവം വലിച്ചിഴയ്ക്കേണ്ടി വന്നത്. ടൈപ്പ്റൈറ്റിംഗ് പ്രചുര പ്രചാരമായിരുന്ന കാലത്ത് നടന്ന ആ ലിപി പരിഷ്കരണം ടൈപ്പു ചെയ്യാൻ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ അച്ചടി മാധ്യമങ്ങളും അച്ചുകൂടങ്ങളും പാഠപുസ്തകങ്ങളും പുതിയ ലിപി എടുത്തുവീശിയതോടെ മലയാളത്തിന്റെ കാര്യം ആകെ അളിപിളിയായി.

എഴുതാൻ പഴയ ലിപി അനുസരിച്ചെടുക്കുന്ന സമയത്തിന്റെ ഇരട്ടിയിലധികം നേരം വേണ്ടി വന്നു ഒരു പേരെഴുതാൻ. ഗുരുകുഞ്ചുക്കുറുപ്പിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയത് ഈ സന്ദർഭത്തിലാണ്, മൂല ലിപിയിൽ ‘‍ഞ്ച’ എന്നെഴുതിയിരുന്നത് ഞ്‍ച യും ‘ഞ്ഞ’ ഞ്‍ഞ‍ യും ‘കാക്ക’ കാക് കയും തല്പം തല‍്പവും അല്പം അൽപവുമായി നീട്ടെഴുത്തുകളുടെ ഒരു ഘോഷ ചുരുക്കത്തിൽ ബ്രഹ്മി ലിപിയിലെ വട്ടെഴുത്തിന്റെ വക്രീകരണം. ‘ഉ’ കാരത്തിനായി ബൾബുകൾ കെട്ടിത്തുക്കുന്നതു പോലെ ‘കൃ’ ക‍ു ആയി, ഇതോടെ അച്ചടിമാധ്യമങ്ങള്‍ തോന്നിയപാടായി, ഓരോരുത്തർക്കും ഓരോവഴികളായി, എളുപ്പവഴികൾ തേടലായി. ഉദാഹരണത്തിന് റഹ്‌മാൻ അച്ചടി ഭാഷയിൽ ബ്രഹ്മാവിനെപ്പോലെ റഹ്മാനുമായി! ഇതോടെ പാഠപുസ്തകങ്ങൾക്കും മാധ്യമങ്ങൾക്കുമിടയിൽക്കിടന്നു വളഞ്ഞുപുളഞ്ഞത് പാവം ന്യുജെൻ കിടാങ്ങളും. ധീരതയോടെ മൂല ലിപിയിലേയ്ക്കു മടങ്ങി ഈ ആശയക്കുഴപ്പത്തിന് അറുതി വരുത്താൻ തയ്യാറാകാതെ വൻകിട മാധ്യമങ്ങളും കൂടിയായപ്പോൾ പ്രശ്ന സങ്കീർണ്ണത കൊടുമുടികയറി. ‘ജനയുഗം’ ഈ സാഹചര്യത്തിൽ കാട്ടിയ വിപ്ലവ പരതയോടുകൂടിയ സാഹസികതയെ ദേവിക വാനോളം പുകഴ്ത്തുന്നു. മലയാളത്തിന്റെ തനതായ മൂല ലിപിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ‘ജനയുഗം’ പത്രം അച്ചടി തുടങ്ങിക്കഴിഞ്ഞു.

ഒമാനിലെ ഫഹദ് അൽസെയ്ദി രൂപകല്പന ചെയ്ത് സ്ക്രൈബസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അച്ചടിക്കുന്ന ലോകത്തെ ആദ്യത്തെ പത്രമെന്ന ബഹുമതി ‘ജനയുഗ’ ത്തിനു സ്വന്തം. ചരിത്രം ചമച്ച ഈ നേട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ചീഫ് എഡിറ്റർ കാനം രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ‘ജനയുഗം’ ആഗോള മാധ്യമ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ ഒരു വിപ്ലവത്തിന്റെ കൊടുങ്കാറ്റാണ് ഊതിയിരിക്കുന്നത്. മൈക്രോസോഫ്റ്റും അഡോബും പോലെയുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ രാക്ഷസന്മാരുടെ തേർവാഴ്ചയ്ക്കാണ് സ്ക്രൈബസ് സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ ‘ജനയുഗം’ ഒരു മാധ്യമവിപ്ലവത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. ലോകമാകെ മാധ്യമലോകത്ത് കാലിഫോർണിയൻ കാട്ടുതീ പോലെ പടരാനിരിക്കുന്ന വിപ്ലവം, മൈക്രോസോഫ്റ്റ് അടക്കമുള്ള ഭീമന്മാർ ചെറുകിട, ഇടത്തരം പത്രങ്ങളിൽ നിന്നു പോലും ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് ഈടാക്കി വരുന്നത്. അത് ഇനി ഒറ്റത്തവണ മാത്രം നിക്ഷേപമുള്ള താരതമ്യേന ചെറിയ തുകയിൽ ഒതുങ്ങുകയും ചെയ്യും. എന്നാൽ ‘ജനയുഗം’ കൊടിയേറ്റം നടത്തിയ ഈ മാധ്യമ വിപ്ലവത്തിനെതിരെ മൈക്രോസോഫ്റ്റും അഡോബുമടക്കമുള്ള സോഫ്റ്റ്‌വെയർ ഭീകരർ അടങ്ങിയിരിക്കുമെന്നു കരുതാനാവില്ല. മാധ്യമങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു തിരിഞ്ഞാൽ അവർക്കെതിരെ ഈ ഭീമന്മാർ ഉപരോധം പ്രഖ്യാപിച്ചു കൂടെന്നുമില്ല. എന്തിനുമേതിനും ഉപരോധം എന്ന യുഎസ് സാമ്രാജ്യത്വതന്ത്രം എടുത്തുപയറ്റുന്നത് കുത്തകസോഫ്റ്റ് വെയറുകളും പുറത്തേയ്ക്ക് എടുക്കുമെന്ന സൂചന കണ്ടു തുടങ്ങി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ മോർണിംഗ് സ്റ്റാറിൽ ബെൻ ചാക്കോയുടെ റിപ്പോർട്ടനുസരിച്ച് കമ്മ്യൂണിസ്റ്റു രാജ്യമായ വെനസ്വേലയ്ക്കെതിരായ യുഎസ് ഉപരോധത്തിൽ ഈ സോഫ്റ്റ്‌വെയർ ഭീകരരും പങ്കെടുക്കാൻ പോകുന്നു. മാധ്യമ രംഗം മാത്രമല്ല ആരോഗ്യ പരിപാലനം, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ രംഗം, വാണിജ്യ‑വ്യവസായ മേഖലകൾ എന്നിവയാകും ഈ ഉപരോധത്തിലൂടെ നിശ്ചലമാകുക.

ഇത്തരം ആശങ്കാജനകമായ ഒരവസ്ഥാ വിശേഷത്തിനു തടയിടാൻ സോഫ്റ്റ്‌വെയർ ഭീമന്മാർക്കെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ വിപ്ലവത്തിലൂടെ കഴിയുമെന്നു തീർച്ച. ഇത്തരമൊരു മഹാവിപ്ലവത്തിനു നാന്ദികുറിച്ച ‘ജനയുഗം’ എഡിറ്റർ രാജാജി മാത്യു തോമസിനും രണ്ടായിരത്തോളം വരുന്ന ‘ജനയുഗം’ പ്രവർത്തകർക്കും ദേവികയുടെ അരുണാഭിവാദ്യങ്ങൾ… അമിത്ഷാ വാലുപൊക്കുന്നതെന്തിനെന്ന് മാലോകർക്കു നന്നായറിയാം. ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമിയന്ന ഭാരതത്തിൽ ഏകസ്വരതാവാദത്തിനു പടയോട്ടം നടത്തുന്ന ബിജെപി അമിത്ഷായിലൂടെ ഇന്ത്യയിലാകെ ഹിന്ദി അടിച്ചേൽപിക്കാൻ ഒരു ശ്രമം നടത്തി നോക്കി. ഹിന്ദു+ഹിന്ദി എന്ന സൂത്രവാക്യത്തിലൂടെ ഇന്ത്യയെന്ന രാഷ്ട്രം പടുത്തുയർത്തിക്കളയാനുള്ള ആ വാലുപൊക്കലിനെതിരെ രാജ്യമാകെ പ്രതിഷേധം കത്തിപ്പടർന്നപ്പോൾ ഷാ വീണിടത്തു കിടന്ന് ഉരുളലായി. അതു ക്ലച്ചു പിടിക്കുന്നില്ലെന്നായപ്പോൾ ഇനി പുതിയൊരു കലാപരിപാടി. ഇന്ത്യയുടെ സർവാദൃതമായ ചരിത്രം തിരുത്തിയെഴുതണമെന്നാണ് ഷാ എന്ന ഈ തീറ്റപ്പണ്ടാരത്തിന്റെ അടുത്ത ആവശ്യം. ഇതിനു തുടക്കം കുറിച്ചത് ഈ വിവരദോഷിയുടെ നാടായ ഗുജറാത്തിൽ നിന്ന്. അവിടെ ഒരു പരീക്ഷയിലെ ചോദ്യം ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ‘യെന്നായിരുന്നു! മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയോ പൊട്ടാസ്യം സയനൈഡ് വിഴുങ്ങിയോ കെട്ടിത്തൂങ്ങിയോ ആയിരുന്നു ആത്മഹത്യയെന്ന് ഏതെങ്കിലും അറിവില്ലാപൈതൽ ഉത്തരമെഴുതിയാൽ അതാണു ചരിത്രസത്യമെന്ന് പത്തായം ഷായ്ക്ക് വ്യാഖ്യാനിക്കാം. ഗാന്ധി ഘാതകനായ ഹിന്ദുവർഗീയ വാദി ഗോഡ്സെയെ കൂടുതൽ ബിംബവൽകരിച്ച് ഗോഡ്സെ ക്ഷേത്രങ്ങൾ പണിയാം, ഗാന്ധിവധത്തിൽ പങ്കാളിയെന്ന് ആരോപിക്കുന്ന വിനായക് ദാമോദർ സവർക്കർക്ക് മരണാനന്തര ഭാരത രത്നം നൽകി ആദരിക്കുകയും ചെയ്യാം.

അങ്ങനെ ഗാന്ധിവധത്തെ തമോഗർത്തത്തിലാക്കി തമസ്കരിച്ച് ചരിത്ര സൃഷ്ടി നടത്തുകയും ചെയ്യാം. ഹോ എന്തൊരു പുത്തി! ഈ എരുമഷായുടെ നഖമടക്കം തലച്ചോറാണോ? ആണെന്നു പറയേണ്ടിവരും. ലോകകായികരംഗത്തെ ഏറ്റവുമധികം സമ്പന്നമായ സംഘടനയാണ് ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റിന്റെ നടത്തുപടിക്കാർ. ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍സ്പോർട്ട്സിനു വിറ്റത് 16,347.5 കോടിക്ക്. ജേഴ്സി, ലോഗോ ബൈജൂസ് ആപ്പിന് വിറ്റത് 60,00 കോടിക്ക്. ഐപിഎൽ മത്സരങ്ങളിൽ നിന്നുള്ള വിഹിതം പിന്നെയും ശതകോടികൾ. സഹസ്രകോടികൾ വിളഞ്ഞുകിടക്കുന്ന ബിസിസിഐയിൽ നിന്ന് കോടികൾ കട്ട് മുൻപ്രസിഡന്റ് ശ്രീനിവാസൻ എന്ന ഇന്ത്യാ സിമന്റ്സ് കുത്തക മുങ്ങി. ഐപിഎല്ലിൽ നിന്നും ആയിരക്കണക്കിനു കോടികളുമായി ലളിത് മോഡി ലണ്ടനിൽ സസുഖം വാഴുന്നു. വെട്ടാനും തട്ടാനും ഈ നല്ല ഒരിടമുള്ളപ്പോൾ ബിസിസിഐയുടെ തലപ്പത്തു വിരാജിക്കാൻ മത്സരം കടുക്കുക സ്വാഭാവികം. ഇതറിഞ്ഞ അമിത്ഷാ സമവായത്തിനു വിളിച്ച് സൗരവ് ഗാംഗുലിയെ പാവപ്രസിഡന്റാക്കി. അഴിമതിയിൽ മുൻകാലപരിചയമുള്ള സ്വന്തം പുത്രശ്രീ ജയ്ഷായെ സർവാധികാരങ്ങളുമുള്ള ജനറൽ സെക്രട്ടറിയുമാക്കി! ഇനി വരാനിരിക്കുന്നത് ലോകക്രിക്കറ്റിലെ ഏറ്റവും വലിയ സാമ്പത്തിക കൊള്ളയുടെ കാലം. അഴിമതിയുടെ ജെയ്ഷാ ഷോയുടെ യുഗത്തിൽ നമുക്കും ആർപ്പു വിളിക്കാം, ഹൗസാറ്റ്!