Friday
18 Oct 2019

മരിച്ചുപോയ അച്ഛനെ ജീവനോടെ തിരിച്ചു കിട്ടാൻ പ്രത്യേക ചികിത്സയുമായി എഡിജിപി; ശരീരം പ്രതികരിച്ചു തുടങ്ങിയെന്ന് വാദം

By: Web Desk | Thursday 14 February 2019 11:51 AM IST


DGP FATHER DEATH-JANAYUGOM

ഭോപ്പാൽ: പിതാവ് മരിച്ച് ഒരു മാസം പിന്നിട്ടു, മൃതദേഹം സംസ്ക്കരിക്കാതെ മകൻ.  മധ്യപ്രദേശ് എഡിജിപി രാജേന്ദ്ര കുമാര്‍ മിശ്രയാണ് പിതാവിന്റെ  മൃതദേഹം വീട്ടിൽ സൂക്ഷിച്ചു വച്ചിരിക്കുന്നത്. തന്റെ അച്ഛന്‍ ആയുര്‍വേദ ചികിത്സയോട് പ്രതികരിക്കുന്നുവെന്ന വിചിത്ര വാദമാണ് എഡിജിപി ഉന്നയിക്കുന്നത്. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കഴിഞ്ഞ മാസം പതിനാലിനാണ്  മിശ്രയുടെ പിതാവ് മരിച്ചത്.

തുടർന്ന് വീട്ടിൽ സൂക്ഷിച്ച മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതോടെ എഡിജിപിയുടെ വീട്ടിലെ ജോലിക്കാർ പൊലീസിനെ അറിയിച്ചതോടെയാണ്  സംഭവം പുറം ലോകം അറിയുന്നത്.  എന്നാല്‍ പരാതികള്‍ ഒന്നും ഇല്ലാത്തതിനാല്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയിരിക്കയാണ് പൊലീസ്. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് മിശ്രയുടെ നിലപാട്. പിതാവ് ഇപ്പോള്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ ചികിത്സയിലാണെന്നും മിശ്ര വ്യക്തമാക്കി. എന്നാല്‍ പിതാവിനെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തോട് പറ്റില്ല എന്നാണ് മിശ്ര പ്രതികരിച്ചത്.

അദ്ദേഹം സമാധിയിലാണെന്നാണ് വീട്ടുകാര്‍ പറയുന്നതെന്ന് സംസ്ഥാനത്തെ മുന്‍ ഫോറന്‍സിക്ക് മേധാവി ഡോ ഡി കെ സത്പതി പ്രതികരിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മിശ്രയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പലരും ജോലിയില്‍ നിന്ന് അവധി എടുത്തിരുന്നു. മൃതദേഹം പുനരുജ്ജീവിപ്പിക്കാനായി വീട്ടുകാര്‍ മന്ത്രവാദിയെ വരുത്തിയതായും ഇവര്‍ വെളിപ്പെടുത്തി.

 

Related News