February 5, 2023 Sunday

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
June 29, 2021 1:58 pm

ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും.

രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്റയാണ് പോലീസ് മേധാവി. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.

കേരള പോലീസില്‍ സാങ്കേതികവിദ്യയും ആധുനികവല്‍ക്കരണവും നടപ്പാക്കുന്നതില്‍ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉള്‍പ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയത് ബെഹ്റയുടെ നേതൃത്വത്തിലാണ്.

1961 ജൂണ്‍ 17 ന് ഒഡീഷയിലെ ബെറംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഉത്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1984 ല്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. 1985 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യില്‍ അഞ്ച് വര്‍ഷവും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ) 11 വര്‍ഷവും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2005 വരെ എസ്.പി, ഡിഐജി റാങ്കുകളിലാണ് സിബിഐയില്‍ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സിബിഐയില്‍ നിന്ന് വിടുതല്‍ നല്‍കിയത്.

രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. ((Puru­lia Arms Drop Case, IC-814 Hijack­ing Case, Mum­bai Ser­i­al Blast Case, Mad­hu­mi­ta Shuk­la Mur­der Case, Satyen­dra Dubey Mur­der Case, San­jay Ghosh Abduc­tion Case, Ujjain ser­i­al mur­der Case, Haren Pandya mur­der case, Cas­es against Senior IAS offi­cers). ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതില്‍ വിദഗ്ദ്ധനാണ്. 27 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009 ല്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നിലവില്‍ വന്ന വര്‍ഷം തന്നെ എന്‍ഐഎ യില്‍ ചേര്‍ന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനരീതിയും അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച നിമയമാവലിയുടെ കരട് രൂപം തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

ആലപ്പുഴയില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി, കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്‍റ്, കൊച്ചി പോലീസ് കമ്മീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിബിഐയുടെ കൊല്‍ക്കത്ത ഓഫീസില്‍ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് എസ്.പി, ഡല്‍ഹി ഓഫീസില്‍ ക്രൈം റീജിയണ്‍ ഡിഐജി, കമ്പ്യൂട്ടറൈസേഷന്‍ വിഭാഗത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഐജി, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഐജി എന്നീ നിലകളില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചശേഷം കേരളത്തില്‍ മടങ്ങിയെത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ഐ.ജി, എ.ഡി.ജി.പി, ആധുനികവല്‍ക്കരണവിഭാഗം എ.ഡി.ജി.പി, ജയില്‍ ഡി.ജി.പി, ഫയര്‍ഫോഴ്സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.

സ്തുത്യര്‍ഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്. സൈബര്‍ ക്രൈം അന്വേഷണ മേഖലയിലെ കഴിവ് മാനിച്ച് ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാസ്കോം എന്നിവ ചേര്‍ന്ന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നിരവധി അവാര്‍ഡ് ലഭിച്ചു.

പരേതരായ അര്‍ജുന്‍ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കള്‍. മധുമിത ബെഹ്റ ഭാര്യയും അനിതെജ് നയന്‍ ഗോപാല്‍ മകനുമാണ്. 

നാളെ രാവിലെ എട്ട് മണിക്ക് പേരൂര്‍ക്കട എസ്എപി മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങല്‍ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : dgp lok­nath behra to retire form ser­vice tomorrow

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.