September 28, 2022 Wednesday

Related news

September 26, 2022
September 26, 2022
September 26, 2022
September 25, 2022
September 17, 2022
September 14, 2022
September 14, 2022
September 13, 2022
September 7, 2022
September 6, 2022

ജാതി പറഞ്ഞും, പണം തട്ടിച്ചും കോൺഗ്രസ് നേതാക്കൾ തന്നെ തോൽപ്പിച്ചു; ആരോപണങ്ങളുമായി ധർമജൻ

Janayugom Webdesk
കൊച്ചി
May 22, 2021 4:36 pm

കോൺഗ്രസ് നേതാക്കൾ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും തന്റെ പേരിൽ പിരിവ്  നടത്തി പണം തട്ടിയെന്നുമുള്ള   ഗുരുതര ആരോപണങ്ങളുമായി  ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നടൻ ധർമജൻ ബോൾഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്ന് തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നും പണം തെരഞ്ഞെടുപ്പിന് ചെലവാക്കിയിട്ടില്ലെന്നും ധർമജൻ കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയിൽ പറയുന്നു.

ബാലുശ്ശേരിയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ വന്നപ്പോൾ തന്നെ യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി നേതാക്കൾക്ക് പരാതി നൽകുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതേ വ്യക്തി തന്നെ തന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി വന്നതിൽ പരാജയം തുടങ്ങിയെന്നും ധർമജൻ പറഞ്ഞു. ഒരു കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെയാണ് ഇയാൾ തനിക്കെതിരെ കരുക്കൾ നീക്കിയത്. ഇവർക്കു രണ്ടു പേർക്കും മറ്റൊരാളെ സ്ഥാനാർഥിയാക്കാൻ ആഗ്രഹമുണ്ടായിരുന്നു.

നാമനിർദേശ പത്രിക നൽകുന്നതിന് മുൻപു തന്നെ സാമ്പത്തിക കാര്യങ്ങൾ പറഞ്ഞ് മാനസികമായി തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. രൂപീകരിച്ചതിനു ശേഷം ഒരു വട്ടം പോലും തെരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ച് ചേർത്തില്ല. താൻ പുലയ സമുദായത്തിൽപ്പെട്ട ആളായതിനാൽ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നൽകിയത് ഇവർ രണ്ടു പേരുമായിരുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യമെന്നും ധർമജൻ പരാതിയിൽ പറയുന്നു

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുമ്പോഴും രണ്ടു പേരും ചേർന്നു വ്യാപകമായ പണപ്പിരിവ് നടത്തി. ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തെരഞ്ഞെടുപ്പിൽ ചെലവാക്കിയിട്ടില്ല. ഇതിന് വ്യക്തമായ തെളിവുണ്ട്. ബൂത്തുതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എഐസിസി നിയോഗിച്ച പ്രതിനിധികളെ താമസ, വാഹന സൗകര്യം പോലും നൽകാതെ തിരിച്ചയച്ചതിലും ഗൂഢാലോചനയുണ്ട്. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടിയിൽനിന്നു ബാലുശ്ശേരിയെ ഒഴിവാക്കിയത് ഒറ്റപ്പെടുത്തുന്ന പ്രതീതിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

ബാലുശ്ശേരി പേയ്മെന്റ് സീറ്റാണെന്ന് ഒരു എംപി പറഞ്ഞതും അദ്ദേഹം പ്രചാരണത്തിൽ സജീവമാകാതിരുന്നതും പ്രയാസമുണ്ടാക്കി. മണ്ഡലത്തിൽ 25 % ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി പേരിനു മാത്രമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റി എല്ലാ ദിവസവും അവലോകന യോഗം ചേരാറുണ്ടെങ്കിലും ബാലുശ്ശേരിയിൽ ചേർന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പല ദിവസങ്ങളിലും പ്രധാന ഭാരവാഹികൾ പോലും എത്തിയില്ല.

എഐസിസി ഫണ്ട് വീതിച്ചു നൽകുക മാത്രമാണ്  മണ്ഡലം കമ്മിറ്റി നിർവഹിച്ച ഏക ചുമതല. സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്തു പോലും കമ്മിറ്റി തയാറാക്കിയില്ല. ‌സ്ഥാനാർഥി പര്യടനത്തിൽ ആദ്യ മൂന്നു ദിവസം കുറച്ചു സ്ഥലങ്ങളിൽ മാത്രമാണു പോയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പിന്നീട് പരിഹരിക്കാം എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പര്യടനമേ ഉണ്ടായില്ല. പാർട്ടി കുടുംബ സംഗമങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. ഇവിടെയും നേതാക്കളുടെ അസാന്നിധ്യം ഉണ്ടായിരുന്നു.

കോൺഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിട്ടില്ലെന്നും തെര‍ഞ്ഞെടുപ്പിന് ശേഷം അറിഞ്ഞു. യുഡിഎഫിന് എന്നും 3000 വോട്ടോളം ലീഡ് ലഭിക്കുന്ന പ‍ഞ്ചായത്തിൽ ആദ്യമായി എൽഡിഎഫ് ലീഡ് നേടി. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയ അത്തോളിയിൽ 2000 വോട്ടിന് പിന്നിലായി. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രമാണ് ലീഡ് നേടാനായത്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പതിനാറായിരത്തോളം വോട്ടിന് ജയിച്ച ബാലുശ്ശേരിയിൽ ജയിക്കാൻ കഴിയുമെന്ന അമിത വിശ്വാസം ആദ്യമേ ഉണ്ടായിരുന്നില്ല. എന്നാൽ സംവരണ മണ്ഡലത്തിൽ, കലാകാരനായ തനിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അവസാന റൗണ്ടിൽ ഒരു പക്ഷേ ജയിച്ചു കയറാനും പറ്റിയേക്കുമെന്ന ചെറിയ വിശ്വാസമുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് ആകെയുണ്ടായ തരംഗത്തിലാണ് ബാലുശ്ശേരിയിൽ തോറ്റത് എന്നു കരുതുന്നില്ല. സംഘടനാ ദൗർബല്യത്തിന് പുറമേ ഈ രണ്ടു നേതാക്കളുടെ നിലപാടുകളും തോൽവിക്ക് കാരണമായി.

നേതാക്കളുടെ പണപ്പിരിവ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴി‍ഞ്ഞ ഉടൻ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Eng­lish sum­ma­ry: Dhar­ma­jan against con­gress leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.