Saturday
16 Feb 2019

ധവളരക്തസാക്ഷിത്വം

By: Web Desk | Sunday 10 February 2019 5:26 PM IST

സുനിത ബഷീര്‍

പ്രണയത്തിന്റെ സ്‌നിഗ്ദ്ധമായ തൂവലുകള്‍ക്കു പിന്നില്‍
ഒളിപ്പിച്ചുവച്ചൊരു ഖഡ്ഗമുണ്ടെന്ന്
നിന്നോടാരാണു പറഞ്ഞത്?

നീരാളിയേപ്പോലെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞും
നിശാഗന്ധിയെപ്പോലെ ആര്‍ദ്രതകള്‍ പകര്‍ന്നും
സൂര്യനെപ്പോലെ പൊള്ളിക്കുന്ന
ജീവിതത്തിന്റെ അകക്കാമ്പിനെപ്പറ്റി,
നിന്നോടാരാണു വെളിപ്പെടുത്തിയ
യത്?

നദി, വേരിനെ നനയ്ക്കുമ്പോള്‍
വേരതിനെ ഊറ്റിയെടുക്കുന്നതുപോലെ
അവനവനെയില്ലാതെയാക്കുന്ന ഈ കളിയെപ്പറ്റി
നിനക്കറിവു തന്നതാര്?

ധവളരക്തമൊഴുകുന്ന വാള്‍മുന
ഹൃദയത്തിലൊളിപ്പിച്ച ഏതൊരാളാണ്
നിന്നോടൊപ്പമതു പങ്കിടുന്നത്?

ഇല വേരിനെ തിരയുന്നതുപോലെ,
കാറ്റതിന്റെ ഉറവിടമന്വേഷിക്കുന്നതുപോലെ
ആരാണ് നിന്നെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നത്?

മറുവശത്തുനിന്നുള്ള പ്രകാശത്തിന്റെ
ഒരു ചീളിനായി വര്‍ഷങ്ങള്‍ പൊള്ളിത്തീര്‍ത്ത
ഒരു ‘നിസ്സഹായന്‍’ചക്രവര്‍ത്തിക്കുംമീതേയെന്ന്
നിന്നോടു പറയാതെപറഞ്ഞത് ഞാനല്ലേ?

(ദശരഥ് മാഞ്ചി ഉളിയും ചുറ്റികയുമായി മല തുരന്ന് വഴിയുണ്ടാക്കി, യഥാസമയം ചികിത്സകിട്ടാതെമരിച്ച ഭാര്യയ്ക്ക് നിത്യസ്മാരകം തീര്‍ത്തു)