‘ദേ പുട്ടില്‍’ ചെമ്മീന്‍പുട്ട് മുതല്‍ സ്പാനിഷ് പുട്ടുവരെ റെഡി

Web Desk
Posted on November 24, 2017, 10:24 pm

കെ രംഗനാഥ്

ദുബായ്: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള പുട്ടുകട 29ന് ഉദ്ഘാടനത്തിന് സര്‍വസജ്ജം. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തലേന്നുതന്നെ ദിലീപ് ഇവിടെയെത്തും. രണ്ട് ദിവസത്തിനുശേഷം കേരളത്തിലേയ്ക്ക് മടങ്ങുമെന്ന് പുട്ടുകടയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദുബായുടെ ഹൃദയഭാഗമായ കരാമയിലെ ‘ദേ പുട്ട്’ എന്ന ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍ എത്തില്ല. എന്നാല്‍ സംവിധായകനും പുട്ടുകടയുടെ പങ്കാളിയുമായ നാദിര്‍ഷാ ഉദ്ഘാടനത്തിനുണ്ടാവും. കാവ്യയും ദിലീപും വിവാഹം കഴിഞ്ഞ് മധുവിധുവിന് ദുബായിലെത്തിയപ്പോള്‍ ആരാധകരില്‍ നിന്ന് വന്‍ സ്വീകരണമാണ് ലഭിച്ചതെങ്കിലും നടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെന്ന നിലയിലുള്ള ഇത്തവണത്തെ വരവില്‍ ആരാധകരുടെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല.
ദുബായിലെ ദിലീപിന്റെ വിലാസം കോടതിക്കും പൊലീസിനും നല്‍കിയിട്ടുണ്ട്. ദിലീപും നാദിര്‍ഷായും ദുബായിലെ മൂന്ന് സുഹൃത്തുക്കളും പാര്‍ട്ണര്‍മാരായ ‘ദേ പുട്ടി‘ന്റെ ഉദ്ഘാടനം നേരത്തേ തീരുമാനിച്ചതാണെങ്കിലും ദിലീപ് അകത്തായതിനെത്തുടര്‍ന്ന് എല്ലാം തകിടംമറിയുകയായിരുന്നു.
മലയാളിയുടെ ഇഷ്ടവിഭവമായ പുട്ട്, പയര്‍, പര്‍പ്പടം ചേരുവയ്‌ക്കൊപ്പം തന്നെ കേരളീയര്‍ കേട്ടിട്ടില്ലാത്ത സ്പാനിഷ് പുട്ടുവരെ ‘ദേ പുട്ടി‘ല്‍ ഉണ്ടാവും. ചെമ്മീന്‍പുട്ടും നെയ്മീന്‍ പുട്ടും മട്ടന്‍പുട്ടും മുട്ടപുട്ടും കാടപുട്ടും ബീഫ്പുട്ടും മുതല്‍ വെജിറ്റബിള്‍ പുട്ടും പഴം തിരുകിയ പുട്ടും വരെ. പുട്ട് വൈവിധ്യത്തിന്റെ രുചിപ്പെരുമയാണ് പാര്‍ക് റജിസ് ഹോട്ടലിന് സമീപത്തെ ദിലീപ് വിലാസം പുട്ടുകടയില്‍ വില്‍പനയ്‌ക്കെത്തുക.