വഴി മനസ്സിലായില്ല, പന്തിന്‍റെ പാതയില്‍ രാഹുലും; വീണ്ടും മുഴങ്ങി ധോണി ആരവം

Web Desk

മുംബൈ

Posted on January 16, 2020, 12:27 pm

ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുവരെയും വിക്കറ്റിന് പിന്നില്‍ തുല്ല്യനായ ഒരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. അതിലുപരി പകരമെത്തിയവരെ അംഗീകരിക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ലായെന്നതാണ് വാസ്തവം. അതിന് ഉദാഹരണമാണ് പലപ്പോഴും ഗ്യാലറിയില്‍ നിന്ന് ഉയരുന്ന ധോണി.. ധോണി.. വിളികള്‍.


ധോണിക്ക് പകരമെത്തിയ റൃഷഭ് പന്തിന്റെ കാര്യമെടുത്താല്‍ മോശം പ്രകടനവും ഡിആര്‍എസില്‍ വരുത്തുന്ന പിഴവുകളുമാണ് തലവേദന. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പന്തിന് പകരക്കാരനായെത്തിയ കെ എല്‍ രാഹുലിന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല.


പിഴവുകള്‍ വരുത്തുമ്പോള്‍ ഗ്യാലറിയില്‍ നിന്നുള്ള ധോണി.. ധോണി.. വിളി റൃഷഭ് പന്തിന് ശീലമായിക്കഴിഞ്ഞു. എന്നാല്‍ രാഹുലിനിത് പുതുമയായിരിക്കും. ഇന്ത്യ‑ഓസീസ് ആദ്യ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 24ാം ഓവര്‍. ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് അനിവാര്യമായ സമയം.  രവീന്ദ്ര ജഡേജയ്‌ക്കെതിരെ ക്രീസിനു വെളിയിലിറങ്ങി ഷോട്ടിനു ശ്രമിച്ച വാര്‍ണറുടെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ബൗണ്ടറിയില്‍ കലാശിച്ചു. ക്യാച്ചിനൊപ്പം സ്റ്റമ്പിങ് അവസരം കൂടി രാഹുല്‍ നഷ്ടപ്പെടുത്തി. പന്തിന്റെ ദിശ മനസിലാക്കാന്‍ കഴിയാതിരുന്നതാണ് രാഹുലിന് വിനയായത്. ഇതോടെയാണ് ഗ്യാലറിയില്‍ നിന്ന് ധോണി.. ധോണി വിളിയുയര്‍ന്നത്.

YOU MAY ALSO LIKE THIS VIDEO…