4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024
October 1, 2024
September 27, 2024
September 25, 2024
September 24, 2024

വിസ്ഫോടനാത്മകമായി പ്രമേഹരോഗം

ഡോ. ഗ്യാന്‍ പഥക്
June 11, 2023 4:45 am

ഇന്ത്യയിലെ പ്രമേഹത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ രാജ്യത്ത് രോഗം സ്ഫോടനാത്മകമായ സാഹചര്യത്തിലേക്ക് എത്തുന്നുവെന്ന സൂചനകളാണ് നല്‍കുന്നത്. നിരവധി വര്‍ഷങ്ങളായി പ്രമേഹം എന്നറിയപ്പെടുന്ന ജീവിതശൈലീ രോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിന്റെ തലസ്ഥാനമാണെന്ന തലക്കെട്ട് നേടിയിരുന്നു.
ജനസംഖ്യയുടെ ഏകദേശം 11.4 ശതമാനം ഇതിനകം തന്നെ പ്രമേഹരോഗികളാണെങ്കിൽ 15.3 ശതമാനം പേർ പ്രമേഹ സാധ്യത(പ്രീ ഡയബറ്റിക്)യുള്ളവരാണെന്നാണ് ഏറ്റവും പുതിയ ഐസിഎംആര്‍-ഐഎന്‍ഡിഎബി പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതശൈലി തിരുത്തൽ അടിയന്തരമായിത്തീർന്നിരിക്കുന്നുവെന്നും പ്രമേഹത്തിന്റെ ഫലമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാ ചെലവ് കുറയ്ക്കുന്നതിന് പ്രമേഹ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നുമുള്ള മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്. 2021ല്‍ ഒരു രോഗിക്ക് പ്രതിമാസം 1265 രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കില്‍ അത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള സൂചനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ പഠന റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമുണ്ട്. ആറുമാസം മുമ്പ്, 2022 നവംബര്‍ 14ന് ഇന്ത്യ പ്രമേഹ ദിനം ആചരിക്കുന്ന ഘട്ടത്തിലാണ് രാജ്യത്ത് ഏകദേശം എട്ട് കോടിയോളം ആളുകൾക്ക് പ്രമേഹമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ 2021ൽ പ്രമേഹ രോഗികളുടെ എണ്ണം 10.13 കോടിയും 13.6 കോടി പേർ പ്രമേഹത്തിനു മുമ്പുള്ള ഘട്ടത്തിലാണെന്നും കണക്കാക്കുന്നു. ലോകത്തിലെ പ്രമേഹരോഗികളിൽ 17 ശതമാനവും ഇന്ത്യയിലാണെന്നും വ്യക്തമാക്കുന്നുണ്ട്. 2045 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം 13.5 കോടിയായി ഉയരുമെന്നാണ് നിഗമനം. 2019ൽ പുറത്തുവന്ന ഏഴ് കോടി ആളുകൾ പ്രമേഹബാധിതരാണെന്ന കണക്കുകളെക്കാൾ ഭയാനകമാണ് ഇത്.

ഇതിന്റെ ഫലമായി, സാംക്രമികേതര രോഗങ്ങളുടെ (എൻസിഡി) സാധ്യത നേരത്തെ കണക്കാക്കപ്പെട്ടിരുന്നതിനെക്കാള്‍ വളരെയധികം കൂടുകയും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യുന്നു. രാജ്യത്ത് ഉയർന്നുവരുന്ന അടിയന്തര സാഹചര്യം നേരിടാൻ സാമ്പത്തിക നിക്ഷേപം ഉള്‍പ്പെടെയുള്ള പുതിയ ആസൂത്രണം ആവശ്യമായിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമിത വണ്ണം, രക്താതിമർദം, ചീത്ത കൊളസ്‌ട്രോളിന്റെ സാന്നിധ്യമായ ഹൈപ്പർ കൊളസ്‌ട്രോളീമിയ എന്നിവയുടെ വ്യാപനത്തെ വിശകലനം ചെയ്താണ് സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച ഇപ്പോഴത്തെ മുഴുവന്‍ ആസൂത്രണത്തിന്റെയും രൂപപ്പെടുത്തല്‍ നടക്കുന്നത്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു പുനർവിചിന്തനം ആവശ്യമായി വന്നിരിക്കുന്നു.
യുകെ മെഡിക്കൽ ജേണലായ ‘ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച പുതിയ ഐസിഎംആര്‍-ഐഎന്‍ഡിഎബി റിപ്പോര്‍ട്ട്, 2008നും 2020നുമിടയിൽ രാജ്യത്തുടനീളം 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ പ്രമേഹത്തിന്റെ വ്യാപനം കൂടുതലാണെന്നും ഇതിന്റെ തോത് യഥാക്രമം 16.4, 8.9 ശതമാനം വീതമാണെന്നും പഠനം കണ്ടെത്തി. എന്നിരുന്നാലും ഇത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കുവാന്‍, അതായത് ഗ്രാമപ്രദേശങ്ങളെ അവഗണിച്ച് നഗരപ്രദേശങ്ങള്‍ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് ഇടയാക്കരുത്. പ്രമേഹ ചികിത്സ, മൊത്തത്തിലുള്ള ജനസംഖ്യയുടെയും വ്യാപനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം. പ്രമേഹ സാധ്യതയുള്ളവരുടെ എണ്ണത്തില്‍ നഗര‑ഗ്രാമങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന വസ്തുതയും മറന്നുകൂടാ. അത് യഥാക്രമം 15.4, 15.2 ശതമാനമാണ്. 0.2 ശതമാനത്തിന്റെ വ്യത്യാസം മാത്രം. നഗര‑ഗ്രാമ പ്രദേശങ്ങൾ വിസ്ഫോടനാത്മകമായ സാഹചര്യം നേരിടുന്നുവെന്നാണ് ഇതില്‍ നിന്ന് അർത്ഥമാക്കേണ്ടത്. അതുകൊണ്ടുതന്നെ ജീവിതശൈലി തിരുത്തുന്നില്ലെങ്കില്‍ സമീപഭാവിയില്‍ പുതിയ രോഗികള്‍ ഉണ്ടാകുകയും പ്രമേഹ കേസുകള്‍ ഗണ്യമായി വര്‍ധിച്ച് ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ക്ക് താങ്ങാനാവാത്ത സ്ഥിതി സൃഷ്ടിക്കുകയും ചെയ്യും. ഈ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതായും വരും.


ഇതുകൂടി വായിക്കൂ: ജനകീയമായി ആരോഗ്യ കേന്ദ്രങ്ങൾ


പ്രമേഹ രോഗികളുടെ ശതമാനത്തിന്റെ കാര്യത്തിൽ ഏറ്റവും മോശമായ പത്ത് സംസ്ഥാനങ്ങളില്‍ ഗോവയാണ് മുന്നില്‍, 26.4 ശതമാനം. പുതുച്ചേരി 26.3, കേരളം 25.5, ചണ്ഡീഗഢ് 20.4, ഡൽഹി 17.8, തമിഴ്‌നാട് 14.4, പശ്ചിമ ബംഗാൾ 13.7, സിക്കിം 12.8, പഞ്ചാബ് 12.7, ഹരിയാന 12.2 ശതമാനം എന്നിവയാണ് ആദ്യ പത്ത് സംസ്ഥാനങ്ങള്‍. പ്രമേഹ സാധ്യതാ ഘട്ടത്തിലുള്ളവരുടെ എണ്ണത്തില്‍ ഗോവ 20.3, പുതുച്ചേരി 25.8, കേരളം 18.3, ചണ്ഡീഗഢ് 15.6, ഡൽഹി 18, തമിഴ്‌നാട് 10.2, പശ്ചിമ ബംഗാൾ 23.5, സിക്കിം 31.3, പഞ്ചാബ് 8.7, ഹരിയാന 18.2 ശതമാനം എന്നിങ്ങനെയാണ് നില. പ്രമേഹം ഒരു മഹാമാരിയാകാതിരിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതിന്റെ അനിവാര്യത ഈ കണക്കുകള്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ പ്രമേഹം, പ്രമേഹ സാധ്യതയുള്ളവര്‍ എന്നിവര്‍ തമ്മിലുള്ള വ്യത്യാസവും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. സാധ്യതയുള്ളവരുടെ എണ്ണം പഞ്ചാബിൽ 21.4 ശതമാനത്തിനും പുതുച്ചേരിയിൽ 52.1 ശതമാനത്തിനും ഇടയിലാണ്. ഇരുവിഭാഗവും ഭൂമിശാസ്ത്രപരമായ ഓരോ പ്രദേശങ്ങളിലും ഏതാണ്ട് തുല്യമാണെങ്കിലും പുതുച്ചേരിയിലും ഡൽഹിയിലും വ്യത്യസ്ത രീതിയിലാണെന്നത് നിസാരമായി കാണരുതെന്നാണ് വിദഗ്ധരുടെ നിലപാട്. ജീവിതശൈലിയിലെ ദ്രുതഗതിയിലുള്ള മാറ്റം കൂടുതൽ പേര്‍ പ്രമേഹത്തിന് ഇരയാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

അതിലുപരിയായി, മരുന്നുകളുടെ ഉയര്‍ന്നവില താങ്ങാവുന്നതിനപ്പുറവുമാണ്. കൂടാതെ വലിയ ആരോഗ്യ സൗകര്യങ്ങൾ ആവശ്യമായി വരികയും ചെയ്യുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രമേഹ രോഗികളുടെ എണ്ണം ഭയാനകമായ നിലയിലല്ല, പ്രത്യേകിച്ച് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ് എന്നിവയിൽ. എന്നിരുന്നാലും തയ്യാറെടുപ്പിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളോട് വിവേചനം കാട്ടുവാനോ പരാതിക്കിടയാക്കുവാനോ സാധിക്കില്ല. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ നിലവിൽ പ്രമേഹ രോഗികളുടെ എണ്ണം 4.8 ശതമാനം മാത്രമാണ്. അതേസമയം പ്രമേഹ സാധ്യതയുള്ള ആളുകൾ 18 ശതമാനമാണ്. പ്രമേഹം കുറവുള്ള അത്തരം സംസ്ഥാനങ്ങൾ അതിവേഗം സ്ഫോടനാത്മകതയിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണണം. പ്രമേഹ കേസുകൾ അടുത്ത ഏതാനും വർഷങ്ങളിൽ ഉണ്ടാക്കാനിടയുള്ള മറ്റ് ഗുരുതരമായ ഘടകങ്ങളെ കുറിച്ചും പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, അമിത വണ്ണം എന്നിവ ഇപ്പോള്‍തന്നെ വളരെ കൂടുതലാണ്. ഇത് ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങി പലതിന്റെയും അപകടസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. പഠനത്തിന് വിധേയമായ 35.5 ശതമാനം ആളുകളിൽ ഉയര്‍ന്ന രക്താതിസമ്മര്‍ദവും 81.2 ശതമാനം പേരിൽ കൊളസ്ട്രോളും കണ്ടെത്തി. 28.6 ശതമാനം ആളുകള്‍ അമിത വണ്ണത്തിന്റെ പ്രശ്നം നേരിടുമ്പോള്‍ 39.5 ശതമാനം അസാധാരണമായ അമിത വണ്ണമുള്ളവരാണ്. ഇതോടൊപ്പം 2020ലുണ്ടായ മരണങ്ങളില്‍ ഏഴ് ലക്ഷത്തിലധികം പ്രമേഹവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും കാരണമാണെന്ന വസ്തുതയും മനസിലാക്കേണ്ടതുണ്ട്.
(അവലംബം: ഇന്ത്യ പ്രസ് ഏജന്‍സി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.