കേന്ദ്ര സര്‍ക്കാരിന്റെ വികലനയങ്ങള്‍; ജയ്പൂരിലെ രത്‌നവ്യാപാരമേഖലയും തകര്‍ച്ചയില്‍

Web Desk
Posted on April 28, 2019, 10:39 pm

സ്വന്തം ലേഖകന്‍

ജയ്പൂര്‍: വിശ്വപ്രസിദ്ധിനേടിയ ജയ്പൂരിലെ രത്‌നവ്യാപാരത്തിനും കല്ലറതീര്‍ത്ത് മോഡി സര്‍ക്കാര്‍.
മോഡി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി സംവിധാനം തുടങ്ങിയ നയങ്ങളാണ് 4.5 ലക്ഷത്തിലധികം തൊഴിലാളികള്‍ പണിയെടുത്തിരുന്നു രത്‌നവ്യാപാര മേഖലയെ താറുമാറാക്കിയത്. ഈ മേഖലയില്‍ പണിയെടുത്തിരുന്നവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ മറ്റ് തൊഴിലുകള്‍ തേടി പോയി. മറ്റ് തൊഴിലുകള്‍ അറിയാത്തവര്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുന്നതായി ജയ്പൂരിലെ ജോഹ്‌രി ബസാറിലെ ചെറുകിട രത്‌നവ്യാപാരിയായ അക്ഷക് അഗര്‍വാള്‍ പറയുന്നു.
ഒരു വിഭാഗം തൊഴിലാളികള്‍ രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ ഓട്ടോ റിക്ഷ ഓടിച്ച് ജീവിക്കുന്നു. വ്യാപാരം കുറഞ്ഞുവെന്ന് മാത്രമല്ല ഇതില്‍ നിന്നുള്ള ലാഭവും ഗണ്യമായി കുറഞ്ഞു. വ്യാപാരത്തില്‍ 60 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായതെന്നും അക്ഷക് അഗര്‍വാള്‍ സാക്ഷ്യപ്പെടുത്തുന്നു. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയ 2016 നംവബര്‍ എട്ടുമുതല്‍ തങ്ങളുഠെ വ്യാപാരം തകരാന്‍ തുടങ്ങിയതായി ജോഹ്‌രി ബസാറിലെ തന്നെ ജെംകോ എക്‌സ്‌പോര്‍ട്‌സ് ഡയറക്ടര്‍ അനില്‍ കാബ്ര വ്യക്തമാക്കി.
നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് ജിഎസ്ടി നടപ്പാക്കിയത്. ഈ തീരുമാനം തങ്ങളുടെ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചതായും വ്യാപാരികള്‍ പറയുന്നു. ജിഎസ്ടി ഏറെ വെട്ടിലാക്കിയത് ചെറുകിട വ്യാപാരരസ്ഥാപനങ്ങളെയാണ്. 0.25 ശതമാനം ജിഎസ്ടി നടപ്പാക്കിയത് വളരെ കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചു. രത്‌നങ്ങള്‍ക്ക് ഇറക്കുമതി ജിഎസ്ടി നടപ്പാക്കിയതും ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വിദേശരാജ്യങ്ങളിലെ എക്‌സിബിഷനുകള്‍ക്ക് കൊണ്ടുപോകുന്ന രത്‌നങ്ങള്‍ രാജ്യത്ത് തിരികെ എത്തിക്കുമ്പോഴും ജിഎസ്ടി നല്‍കേണ്ടതായി വരുന്നു. കയറ്റുമതി ജിഎസ്ടി നല്‍കിയാണ് എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതായത് ഒരേ സാധനത്തിന് രണ്ട് തവണ ജിഎസ്ടി നല്‍കേണ്ടതായി വരുന്നു. ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് ജെം ആന്റ് ജുവലറി എക്‌പോര്‍ട്ട് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരികളായ നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവര്‍ തങ്ങളുടെ വ്യവസായത്തിന്റെ സല്‍പ്പേര് കളഞ്ഞുകുളിച്ചു. കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നുമില്ല. ഇതും തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് മാത്രമല്ല ലക്ഷക്കണക്കിന് തൊഴിലാളികളെ നിരംലംബരാക്കി മാറ്റുകയും ചെയ്തു.