മാണിക്യം പണ്ട് സേട്ടിനോട് പറഞ്ഞത്

Web Desk
Posted on August 25, 2019, 11:25 pm

devikaകുറേക്കാലം മുമ്പാണ്. നമ്മോടുവിടചൊല്ലിയ ബി മാണിക്യമായിരുന്നു അന്ന് ‘ജനയുഗ’ത്തിന്റെ തലസ്ഥാനത്തെ പ്രത്യേക ലേഖകന്‍. തമാശകള്‍ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കഴിയുന്ന പ്രകൃതം. നീരസമുള്ളകാര്യമാണെങ്കിലും ചിരിച്ചുകൊണ്ടു തന്നെ മുഖത്തടിച്ചപോലെ തുറന്നു പറയും. അക്കാലത്തു തന്നെ തലസ്ഥാനത്തുണ്ടായിരുന്ന മറ്റൊരു സര്‍ക്കാര്‍ അംഗീകൃത ലേഖകനായിരുന്നു എ കെ സേട്ട്. അദ്ദേഹം ‘കേരളനാദം’ പത്രത്തിന്റെ ലേഖകന്‍. എങ്കിലും ആള്‍ മുസ്‌ലീംലീഗ്കാരനായതിനാല്‍ ഏതുപത്രമാണ് സേട്ടിന്റെതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഗുരുവായൂര്‍-കുറ്റിപ്പുറം റയില്‍വേ എന്നു പറയുന്നതുപോലെ ‘ചന്ദ്രിക‑കേരളനാദം’ എന്നേ സേട്ട് പറയൂ. അന്ന് ധനമന്ത്രിയായിരുന്ന എസ് വരദരാജന്‍നായര്‍ക്കായിരുന്നു പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ചുമതല. അദ്ദേഹം തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ ചാലയില്‍ നിന്നുള്ള നഗരസഭ കൗണ്‍സിലറായിരുന്നു എ കെ സേട്ടിന്റെ ചേട്ടന്‍ സേട്ട് . പിന്നീട് ചാലയില്‍ ചെറിയ കച്ചോടമായി കഴിഞ്ഞു വന്ന മൂത്ത സേട്ടിന് മന്ത്രിവരദരാജന്‍നായര്‍ പത്രക്കാരനായി ഔദ്യോഗികാംഗീകാരമായ അക്രഡിറ്റേഷന്‍ നല്‍കി. എഴുപതുവയസുകഴിയുമായിരുന്ന മൂത്ത സേട്ടിന് അക്രഡിറ്റേഷന്‍ കിട്ടിയ പിറ്റേന്ന് എ കെ സേട്ട് ചേട്ടന്‍ സേട്ടിനേയും കൂട്ടി പ്രസ് റൂമിലെത്തി എല്ലാപേര്‍ക്കും അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുത്തു. ചേട്ടനാണ്. സുലൈമാന്‍ സേട്ടെന്നാണ് പേര്. അക്രഡിറ്റേഷന്‍ കിട്ടിയിട്ടുണ്ട് എന്ന മൂന്നു വാചകത്തിലുള്ള പരിചയപ്പെടുത്തല്‍. എല്ലാപേരും ചേട്ടന്‍ സേട്ടിനെ ഹസ്തദാനം ചെയ്തു വരവേറ്റു. ബി മാണിക്യത്തിന്റെ പരിചയപ്പെടുത്തല്‍ ഊഴമായി. പരിചയപ്പെടുത്തല്‍ വാചകങ്ങള്‍ അവസാനിക്കും മുമ്പ് മാണിക്യം ഇരുവരോടും ചിരിച്ചുകൊണ്ട് ഒരു ചോദ്യം, ‘വീട്ടില്‍ ബാപ്പയില്ലേ ബാപ്പയ്ക്കുകൂടി അക്രഡിറ്റേഷന്‍ വാങ്ങി കൂട്ടിക്കൊണ്ടുവരാമായിരുന്നില്ലേ’ അനിയന്‍ സേട്ടും ചേട്ടന്‍ സേട്ടും ജാള്യതയോടെ വിവര്‍ണ്ണരായി. പക്ഷെ തുടര്‍ന്ന് അങ്ങോട്ട് മാണിക്യവും മൂത്തസേട്ടും ബോബനും മോളിയും പോലെയായത് ചരിത്രം.

ആ മൂന്നുപേരും ഇപ്പോഴില്ലെങ്കിലും മാണിക്യം പറഞ്ഞ ആ വാചകം പുതുതലമുറയിലേയ്ക്ക് കൈമാറി വന്നത് ഇന്നലെ ഓര്‍ത്തുപോയി. ഇന്നലെ പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേരളാകോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥിയായി അന്തരിച്ച കെ എം മാണിസാറിന്റെ മരുമകളും ജോസ് കെ മാണിയുടെ പത്‌നിയുമായ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കുന്നുവെന്നു കേട്ടപ്പോള്‍ മാണിക്യം ചോദിച്ചപോലെ ചോദിക്കുന്നു; കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ മറ്റ് അപ്പനപ്പാപ്പന്മാര്‍ ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊണ്ടു വന്ന് സ്ഥാനാര്‍ഥിയാക്കിക്കൂടെ എന്ന്. നിഷയുടേയും കണവന്റേയും കുടുംബസ്വത്താണ് കേരളാകോണ്‍ഗ്രസ് എന്ന് ഈ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തോടെ വ്യക്തമായപ്പോള്‍ തൊടുപുഴയില്‍ നിശ്ചേഷ്ടനായി നില്‍ക്കുന്ന ഒരാളുടെ ചുറ്റുംകൂടി നിന്ന് കുറേപ്പേര്‍ പ്രാര്‍ഥിക്കുന്നു; ‘ഭയാപരനായ കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായി നില്‍ക്കണമേ’ എന്ന്! പാവം പി ജെ ജോസഫാണത്. നാടെങ്ങും തന്റേത് പക്ഷെ പകല്‍ നാട്ടിലിറങ്ങാനാവാത്ത കുറുക്കന്റെ സൃഗാലദുഃഖമാണ് ജോസഫിന്. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ഭരണ ഘടനാപ്രകാരം ജോസഫ്, പക്ഷേ തീരുമാനങ്ങള്‍ ഡ്യൂപ്ലിക്കേറ്റ് ചെയര്‍മാന്‍ ജോസ് കെ മാണി. നിഷ ഇത്തവണ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിക്കുമെന്നു ഉറപ്പാണ്, ആറു പതിറ്റാണ്ടായി അജാത ശത്രുവായി പാലവാണ കെ എം മാണിയുടെ മണ്ഡലം ചരിത്രം സൃഷ്ടിച്ച തോല്‍വിയിലൂടെ പ്രതിപക്ഷത്തിനു കൈമാറുമെന്ന്!
ആത്മാവിനെ കാവിയുടുപ്പിച്ചും പൂണൂലിടിയിച്ചും കൊണ്ടു നടക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷമാണെന്ന് പലരും പറയുമ്പോള്‍ കോണ്‍ഗ്രസിലെ ആന്റണി എന്ന പെരിങ്കാലട്ടയ്ക്കു മുതല്‍ മണ്ണിര വരെയുള്ളവര്‍ ചാടിക്കടിച്ച് രാജവെമ്പാലകള്‍ ചമയുന്ന കാലം. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനെ തിരുവനന്തപുരത്ത് വീണ്ടും ഇറക്കിയപ്പോള്‍ ദേവിക പറഞ്ഞിരുന്നു ബിജെപിക്ക് ഒരു എംപിയെ കൂടി സമ്മാനിക്കരുതേ എന്ന്. ദേ, കാളവാലുപൊക്കുന്നതു പോലെ ശശിതരൂര്‍ ചിലവര്‍ത്തമാനങ്ങള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു! ‘കണ്ണനല്ലാതൊരു ദൈവമുണ്ടോ, കാര്‍വര്‍ണ്ണനല്ലാതൊരു ദൈവമുണ്ടോ’, എന്ന മട്ടില്‍ മോഡിയല്ലാതൊരു പ്രധാനമന്ത്രി വേറെ ബ്രഹ്മാണ്ഡത്തില്‍ എവിടെയുണ്ടെന്നാണ് ശശിതരൂരിന്റെ ചോദ്യം. ഈ മോഡി വര്‍ണ്ണനയ്ക്ക് സംഘഗാനം പാടാന്‍ അണി നിരന്നിരിക്കുന്നതോ കോണ്‍ഗ്രസിലെ വന്‍തോക്കുകളായ ജയ്‌റാം രമേശും മനു അഭിഷേക് സിംഘ്‌വിമടക്കമുള്ളവര്‍. തരുരിനാണെങ്കില്‍ സുനന്ദ പുഷ്‌കര്‍ കേസിലെ മുഖ്യ പ്രതിസ്ഥാനത്തു നിന്നു രക്ഷപ്പെട്ട് തൂക്കുകയര്‍ ഒഴിവാക്കി കിട്ടണം, ജയ്‌റാംരമേശിന് കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനത്തിലാണു നോട്ടം. മനു അഭിഷേക്‌സിംഘ്‌വിക്ക് പഴയൊരു പെണ്ണുകേസ് മോഡിസര്‍ക്കാര്‍ കുത്തിക്കൊണ്ടുവരുമോ എന്ന ഭയം. അഭിഭാഷകനെന്ന നിലയില്‍ കുന്നുകൂടിയ ശതകോടികളുടെ കള്ളപ്പണത്തില്‍ പിടിവീഴുമോ എന്ന പേടിവേറെ. ഇവരുടെ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നില്‍ക്കുന്ന നയത്തെയാണ് പണ്ടാരാണ്ട് ‘ആവശ്യാധിഷ്ടിത രാഷ്ട്രീയം’ എന്ന പേരുവിളിച്ചത്. തരൂരിനെ വിമര്‍ശിച്ച രമേശ് ചെന്നിത്തലയ്ക്ക് ചുണ്ടയ്ക്കായ്ക്ക് വഴുതനങ്ങ എന്ന വിധത്തില്‍ തരൂര്‍ ഇന്നലെ മറുപടി നല്‍കി, തന്നെയാരും പഠിപ്പിക്കാന്‍ വരേണ്ടെന്ന്, കാര്യമെന്തായാലും ഉലകംചുറ്റി നടന്ന് നാലുകെട്ടു നടത്തുന്ന തരൂര്‍ എന്ന കല്യാണരാമനെ പഠിപ്പിക്കാന്‍ രമേശ് അത്ര വളര്‍ന്നിട്ടില്ലെന്നു കട്ടായം. വേലിയിലിരുന്ന തരൂരിനെയെടുത്ത് കോണ്‍ഗ്രസാക്കിയിട്ട് തരൂര്‍ വേണ്ടാത്തിടത്തു കടിച്ചേ എന്ന് ഒപ്പാരുവെച്ച് ജനത്തിനെ ബോറടിപ്പിക്കരുത്.
കേന്ദ്ര‑സംസ്ഥാന ഭരണങ്ങള്‍ കാര്യക്ഷമമാക്കാന്‍ പുതിയൊരു പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തണമെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമനോട് ഒരഭ്യര്‍ഥനയുണ്ട്. സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും പറയുന്നത് ഹിന്ദിയിലല്ലെങ്കില്‍ ചക്കിനുവെച്ചത് കൊക്കിനാകും എന്ന അവസ്ഥ. ഇക്കാര്യം ഈയിടെ നന്നേ ബോധ്യപ്പെട്ടത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രളയത്തെക്കുറിച്ചു സംസാരിക്കാന്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ വിളിച്ചു. ഇങ്ങോട്ടു ശ്രവണപുടം പൊട്ടുന്ന മട്ടില്‍ പൂരം വെടിക്കെട്ടുപോലെ ഹിന്ദി. അതു ഭോജ്പുരി ഹിന്ദിയോ മൈഥിലിയോ എന്നറിയാതെ പകച്ചുപോയ പിണറായി. മലയാളവും ഇംഗ്ലീഷുമല്ലാതെ ഒരു ഭാഷയും അറിയാത്ത പിണറായിക്കും പിഴച്ചു. തനിക്ക് ഹിന്ദി അറിയില്ലെന്ന് അദ്ദേഹം പറഞ്ഞത് ഇംഗ്ലീഷില്‍! അതുകേട്ടപാടെ മുഖ്യമന്ത്രി തന്നെ തെറിവിളിക്കുകയാണോ എന്ന് കേന്ദ്രമന്ത്രി പുംഗവന് സംശയം. സംശയം മൂത്ത് കേന്ദ്രന്‍ മുഖ്യമന്ത്രിയോട് എന്തൊക്കെ പറഞ്ഞുവെന്ന് ഹിന്ദി അറിയാത്ത പിണറായിക്കുമറിയില്ല. സംഗതി ആകെ അല്‍ഗുത്തായി! പക്ഷേ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറയുന്നത് കേന്ദ്രമന്ത്രി പിണറായിയെ തെറിവിളിച്ചിട്ടില്ലെന്ന്.
പണ്ട് സിപിഐ നേതാവ് ജെ ചിത്തരഞ്ജന്‍ പികെവി മന്ത്രി സഭയില്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന അംബികാപ്രസാദ് സിങ് കേരളത്തില്‍ വന്നു. ചര്‍ച്ച തുടങ്ങിയപ്പോള്‍ മന്ത്രിക്ക് ഏതോ നാടന്‍ ഹിന്ദിയല്ലാതെ ഒരൊറ്റഭാഷ അറിയില്ല. കൂടെയുണ്ടായിരുന്ന ഇംഗ്ലീഷും ഹിന്ദിയുമറിയാവുന്ന തന്റെ സ്റ്റാഫിലെ ഉന്നതരോട് കേന്ദ്രമന്ത്രി പുംഗവന്‍ ചോദിച്ചത്രേ, ‘യേ കേരള്‍ കാ മന്ത്രി ക്യാ ഛഡുഗുഡു ബോല്‍ത്തേ ഹൈ’! അതാണ് ശുദ്ധമായ ഇംഗ്ലീഷ് സംസാരിച്ച ചിത്തരഞ്ജന്റെ വാക്കുകള്‍ക്ക് കേന്ദ്രമന്ത്രി ധരിച്ച അര്‍ഥകല്‍പന. കാതുപൊട്ടന്റെ മുന്നില്‍ പുല്ലാങ്കുഴല്‍ വായിക്കുന്ന പോലെ ഇംഗ്ലീഷ് നിരക്ഷരന്‍ മന്ത്രിമാരുടെ മുന്നില്‍ ഇംഗ്ലീഷ് സ്പീച്ചടിച്ചാലോ. പിറ്റേന്ന് കേന്ദ്രന്‍ ഒരു പത്രസമ്മേളനവും തലസ്ഥാനത്തു നടത്തിക്കളഞ്ഞു. ടി ബി, ലപ്രസി എന്നീ രണ്ട് ഇംഗ്ലീഷുവാക്കുകള്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം ഹിന്ദിക്കാര്‍ക്കുപോലും മനസിലാകാത്ത പ്രാകൃത ഗ്രോത്ര വര്‍ഗഹിന്ദി.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രമന്ത്രിമാരുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ആശയവിനിമയം അനിവാര്യമല്ലേ, പ്രത്യേകിച്ചും ആഭ്യന്തര മന്ത്രി അമിത്ഷായോട്. അദ്ദേഹമാണെങ്കില്‍ ഇംഗ്ലീഷുകേട്ടാല്‍ വെടിക്കെട്ടുകാണുന്ന മരപ്പട്ടിയെപ്പോലെ പകച്ചിരിപ്പാണ്. ഗുജറാത്തിയും ഹിന്ദിയും കൂടിക്കുഴഞ്ഞ ‘ഗുന്ദി’ ഭാഷമാത്രം അറിയാവുന്ന അമിത്ഷാ എങ്ങനെ ഭാഷാബഹുസ്വരതനിറഞ്ഞ ഈ നാടുഭരിക്കും! ഈ കേന്ദ്ര ഭരണഭാഷാ പ്രതിസന്ധിപരിഹരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കും ഹിന്ദിമാത്രമറിയാവുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമായി കൂറേ ഇംഗ്ലീഷ് പരിഭാഷകരെ നിയമിക്കണമെന്ന് നിര്‍മ്മാലാസീതാരാമനോട് ഒരപേക്ഷയുണ്ട്. അതുവഴി നൂറുകണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കാം. ഈ നിയമനങ്ങളെല്ലാം പിന്‍വാതില്‍ നിയമനങ്ങളാണെന്ന് ഞങ്ങളാരും ആരോപണം ഉന്നയിക്കില്ലെന്നു വാക്കു തരുന്നു. ഭരണം ഹിന്ദിയിലും ഇംഗ്ലീഷിലും തട്ടിതകരരുതല്ലോ!.