നോക്കുകുത്തിയായി സ്പൈസസ് ബോർഡ്; വിലയിടിവിൽ നട്ടം തിരിഞ്ഞ് ഏലം കർഷകർ

Web Desk

തൊടുപുഴ

Posted on June 27, 2020, 6:52 pm

ജോമോൻ വി സേവ്യർ

വിളവെടുപ്പിന് സമയമടുത്തപ്പോൾ ഏലത്തിന് വിലയിടിയുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. ജൂലൈ ആദ്യവാരത്തോടെ ഈ വർഷത്തെ വിളവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് റിക്കാർഡ് വിലയിടിവ് ഉണ്ടായിരിക്കുന്നത്. സ്പൈസസ് ബോർഡിന്റെ കർഷകരോടുള്ള അവഗണനയും കുത്തക വ്യാപാരികളുടെ ഇടപെടലുകളുമാണ് വിലയിടിവിന് കാരണമെന്ന് കർഷകർ പറയുന്നു.
സമ്പൂർണ്ണ ലോക്ഡൗണന് ശേഷം ലേല കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിച്ചെങ്കിലും പൂർണതോതിലാരംഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയായി.
ഇ- ലേലം വഴിയുള്ള ലേലം ചെറുകിട കർഷകർക്ക് ഗുണം ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച 1670 രൂപയ്ക്കാണ് ശരാശരി ലേലം നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 5000 രൂപയ്ക്ക് മേൽ വില ലഭിച്ചിരുന്നു. കിലോക്ക് 2000 രൂപയ്ക്ക് മേൽ ശരാശരി വില ലഭിച്ചാൽ മാത്രമേ കർഷകർക്ക് കൃഷി ചെലവിന് ആനുപാതികമായി നഷ്ടമില്ലാതെ കൃഷി നടത്താൻ പറ്റുകയുള്ളു.
കുത്തക വ്യാപാരികൾക്ക് സഹായം ചെയ്യുന്ന തരത്തിലാണ് സ്പൈസസ്ബോർഡിന്റെ പ്രവർത്തനം നടക്കുന്നതെന്നാണ് കർഷകരുടെ പ്രധാന ആരോപണം. കോവിഡ് കാലത്തെ കർഷകരുടെ പ്രതിസന്ധി മറി കടക്കാൻ ബോർഡ് യാതൊരു നടപടികളും സ്വീകരിച്ചില്ല. കൂടാതെ ലേല കേന്ദ്രങ്ങളിലെ പൂർണമായ ഇടപെടലുകൾ നടത്തുന്നതും വൻകിട വ്യാപാരികളാണ്. ലോക്ഡൗണിനെ തുടർന്ന് വിൽക്കാൻ സാധിക്കാതിരുന്ന ഏലമാണ് ചെറുകിട കർഷകർ ഇപ്പോൾ വിൽക്കുന്നത്. ലോക്ഡൗണിന് മുൻപ് 2500 രൂപയ്ക്ക് മേൽ വില ശരാശരി ലഭിച്ചിരുന്നു.
ഉത്തരേന്ത്യയിലെയും ചെന്നൈയിലെയും വ്യാപാരികളാണ് കൂടുതലായും ഇവിടെ നിന്നുള്ള ഏലം ലേലത്തിൽ പങ്കെടുത്തിരുന്നത്. കോവിഡ് മൂലം പല സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടച്ചതും കയറ്റുമതി കുറഞ്ഞതുമാണ് വിലയിടിവിന് കാരണമായി വ്യാപാരികൾ പറയുന്നത്.
സ്പൈസസ് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കർഷകർക്ക് ഗുണകരമായ തീരുമാനങ്ങൾ ഉണ്ടായാലേ ഏലം കർഷകർക്ക് നഷ്ടം ഒഴിവാക്കാൻ പറ്റു. വൻകിട കച്ചവടക്കാർ ഏലത്തിന്റെ വില നിശ്ചയിക്കുന്ന ഇപ്പോഴത്തെ രീതി മാറി സ്പൈസസ് ബോർഡ് വില നിശ്ചയിക്കുന്ന രീതി കർശനമായി നടപ്പിലാക്കുകയും ഏലത്തിന്റെ ഉദ്പാദന ചെലവിന് ആനുപാതികമായി തറവില നിശ്ചയിക്കുകയും ചെയ്താൽ മാത്രമേ കർഷകർക്ക് ഉയർന്ന വില ലഭിക്കു.

you may also like this video