22 July 2024, Monday
KSFE Galaxy Chits Banner 2

കുമ്മറ ഭാഷയ്ക്ക് നിഘണ്ടു

സ്വന്തം ലേഖിക
കോഴിക്കോട്
October 9, 2022 10:08 pm

അന്യം നിന്നുകൊണ്ടിരിക്കുന്ന കുമ്മറ ഭാഷയ്ക്ക് നിഘണ്ടുവിന്റെ രൂപത്തില്‍ സംരക്ഷണ വലയം. കക്കോടി മൂട്ടോളി സ്വദേശിയായ ബാബുവാണ് ഗോത്ര ഭാഷയായ കുമ്മറയില്‍ നിഘണ്ടു തയാറാക്കിയിരിക്കുന്നത്.
രണ്ടു വർഷത്തോളം മലബാർ മേഖലയിൽ യാത്ര ചെയ്ത് നിരവധി ആളുകളുമായി ആശയവിനിമയം നടത്തിയാണ് ഇത്തരമൊരു നിഘണ്ടു തയാറാക്കിയത്. ഏകദേശം ആയിരത്തോളം വാക്കുകളാണ് ഇതിലുള്ളത്. കുമ്മറ ഭാഷയ്ക്ക് മലയാള ഉച്ചാരണവുമായി ഏറെ വ്യത്യാസമുണ്ട്. പണ്ടുകാലത്ത് ഈ സമുദായത്തിലുള്ളവർ കുമ്മറ ഭാഷ സംസാരിച്ചിരുന്നെങ്കിലും ഇന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം പൊതുവേ കുറവാണ്. നേരത്തെ ഒരു ലക്ഷത്തോളം ആളുകൾ സംസാരിച്ചിരുന്ന ഭാഷ ഇല്ലാതാവുന്ന സാഹചര്യത്തിൽ വാക്കുകളുടെ തനതായ ശൈലി നഷ്ടപ്പെടാൻ പാടില്ലെന്ന ചിന്തയാണ് ബാബുവിനെ ഇത്തരമൊരു നിഘണ്ടു നിർമ്മാണത്തിലേക്ക് നയിച്ചത്.
തെലുങ്കിനോട് ഏറെ സാമ്യമുള്ള ഭാഷയാണിതെങ്കിലും അഞ്ഞൂറോളം വർഷങ്ങൾക്ക് മുമ്പുള്ള ആദിമ തെലുങ്കു ഭാഷയായ കരിന്തെലുങ്കിന്റെ വകഭേദമാണിതെന്ന് ബാബു പറയുന്നു. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് മധ്യ ആന്ധ്രയിൽ നിന്ന് കുടിയേറി പാർത്തവരാണ് ഗോത്ര ഭാഷ സംസാരിക്കുന്ന കുംബാര സമുദായക്കാർ. ഇന്ന് മധുരയിലുള്ള കുംബാര സമുദായക്കാർ ഈ ഭാഷ സംസാരിക്കുന്നതിനാലാണ് ഈ സമുദായം ഇന്നും തിരിച്ചറിയപ്പെടുന്നതെന്നും ബാബു പറഞ്ഞു.
മുമ്പ് മറ്റു സമുദായങ്ങളിൽ നിന്നും ഒറ്റപ്പെട്ട്, വ്യത്യസ്ത ആചാര സംസ്കാരവുമായി തനതായ ഭാഷയും ജീവിത ശൈലിയുമായാണ് ഇവർ ജീവിച്ചിരുന്നത്. 1980ന് ശേഷമാണ് മറ്റു സമുദായങ്ങളുമായി ചെറിയ രീതിയിൽ ബന്ധം പുലർത്താൻ തുടങ്ങിയത്. കുംബാര സമുദായക്കാരുടെ കുലദൈവമായ മാരിയമ്മൻ പൂജയ്ക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് ഗോത്ര ഭാഷയിലുള്ള പാട്ടുകളാണ്. ഒരക്ഷരം തെറ്റിപ്പോയാൽ വാക്കിന്റെ അർത്ഥം തന്നെ മാറിപ്പോകുമെന്ന് ബാബു പറയുന്നു. നിഘണ്ടു തയാറാക്കുന്നതിനും അച്ചടിക്കുന്നതിനും ഫറോക്ക് ഹയർസെക്കന്‍ഡറി സ്കൂളിലെ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സഹായവും ബാബുവിന് ലഭിച്ചിട്ടുണ്ട്.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ബാബുവിന്റെ കുടുംബത്തിൽ കുമ്മറ ഭാഷയാണ് സംസാരിക്കുന്നത്. കുമ്മറ ഭാഷയിൽ നിരവധി നാടൻ പാട്ടുകളും ബാബു രചിച്ചിട്ടുണ്ട്. കക്കോടിയിൽ കളിമൺ കലാ കൈരളി എന്ന സ്ഥാപനവും നടത്തുന്നുണ്ട്.
ഗോത്രഭാഷകളെക്കുറിച്ച് ഗവേഷണം നടത്തുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിങ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ് (കെഐആർടിഎച്ച്എഡിഎസ്) പോലുള്ള സംഘടനകളുടെ സഹായം ലഭിച്ചാൽ കുമ്മറ ഭാഷയ്ക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നും ബാബു വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Dic­tio­nary of the Kum­mara language

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.