ഈ നോബൽ സമ്മാനം അഭിജിത്തിന് കിട്ടിയ സ്തീധനമോ?

Web Desk
Posted on November 03, 2019, 8:40 am

അന്ന 

ടോൾസ്റ്റോയിക്കും മഹാത്മാഗാന്ധിക്കും കൊടുക്കാതിരുന്ന സമ്മാനം തന്നെയാണിത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് 2019ലെ നോബൽസമ്മാനം ഇന്ത്യൻവംശജനായ അഭിജിത് ബാനർജിക്ക് കിട്ടിയപ്പോൾ നാം സന്തോഷിച്ചത്. ഒരു ഭാഷ, ഒരു നിയമം, ഒരു നികുതി, ഒരു നേതാവ്… തുടങ്ങി എല്ലാറ്റിനും ഒന്നാകാൻ നിർബന്ധിച്ചും ഒന്നാമനാകാൻ മെനക്കെട്ടും നടക്കുന്ന 56 ഇഞ്ച് നെഞ്ചളവ് രാഷ്ടീയത്തിൽ പക്ഷെ ‘ഒരു രാജ്യം, ഒരുമിച്ചുള്ള സന്തോഷം’ എന്ന മുദ്രാവാക്യത്തിന് പണ്ടത്തെപ്പോലെതന്നെ ഇന്നും അത്ര മതിപ്പില്ല. അനുചരവൃന്ദമാണെങ്കിൽ അങ്ങനൊരു സന്തോഷം വേണ്ടേ വേണ്ട എന്ന നിർബന്ധത്തിലുമാണ്. അതിന്റെ ഭാഗമായാണ് മോഡിയുടെ സിൽബന്ധികൾ അഭിജിത്തിനെതിരെ ആദ്യം മുതൽ തന്നെ ആഞ്ഞടിച്ചുതുടങ്ങിയത്. പിയൂഷ്ഗോയൽ എന്ന കേന്ദ്രമന്ത്രിവീരനാണ് ആദ്യവെടി പൊട്ടിച്ചത്. “അഭിജിത്തിൻറെ പദ്ധതി ഇടതുപക്ഷത്തിന്റേതാണെന്നും അത് ജനത തള്ളിയതാണെന്നു”മായിരുന്നു ഗോയലിന്റെ കണ്ടെത്തൽ. അഭിജിത്ത് കോൺഗ്രസ്സിനുവേണ്ടി തയ്യാറാക്കിയ ന്യായപദ്ധതിയെ പൊക്കിപ്പിടിച്ചുകൊണ്ടായിരുന്നു ഗോയലിന്റെ ന്യായംവിടൽ. അഞ്ചുവർഷം ഭരിക്കാനനുവദിക്കുന്ന വോട്ടുകുത്തൽ സമ്പദായത്തിൻറെ “ഭൂരിപക്ഷം” എന്നത് ഒരു സാമ്പത്തികവിദഗ്ദ്ധന്റെ പൊഫഷണലിസത്തെ അളക്കാനുള്ള അളവുകോലല്ല എന്ന പാഥമികധാരണയുടെ രാഹിത്യത്തേക്കാൾ കേന്ദ്രമന്ത്രിയുടെ അസഹിഷ്ണുതയാണ് ചൂടുപിടിച്ച ചർച്ചക്ക് വഴിവെച്ചത്. അതിന്റെ ചൂടാറുംമുമ്പേ വന്നു പശ്ചിമബംഗാളിലെ അഥവാ അഭിജിത്തിന്റെ സ്വന്തം നാട്ടിലെ ബിജെപിയുടെ അമരക്കാരൻ രാഹുൽസിൻഹയുടെ കടുംകമന്റ്. “അഭിജിത്തിന്റെ രണ്ടാംഭാര്യ വിദേശിയാണ്.

വിദേശവനിത രണ്ടാംഭാര്യയാകുന്നത് നോബൽസമ്മാനം കിട്ടാനുള്ള ഡിഗ്രിയാണോ? ” ഇതായിരുന്നു സിൻഹയുടെ കൂറ്റൻചോദ്യം. കഴിഞ്ഞദിവസം അഭിജിത്ത് ഡൽഹിയിൽ ചെന്ന് നരേന്ദമോഡിയെ കാണുകയും ചിരിച്ചും പറഞ്ഞും സന്ദർശനം ആഹ്ലാദഭരിതമാവുകയും ചെയ്തു. ആ സ്ഥിതിക്ക് ഇത്തരമൊരു വിഷയത്തിന് കാര്യവിചാരത്തിൽ കാര്യമുണ്ടോ? എന്ന് തോന്നിയേക്കും. പക്ഷെ കാര്യമുണ്ട്. മോഡി ചിരിച്ചാലും പറഞ്ഞാലും തോളത്ത് കൈയിട്ടാലും തീരാൻമാത്രം യദൃച്ഛയാ സംഭവിച്ചതോ നാം കരുതുന്നത നിഷ്കളങ്കമോ അല്ല ആ ചോദ്യങ്ങൾ. പരസ്യമായി മാപ്പു പറഞ്ഞാലും റദ്ദ് ചെയ്യപ്പെടാത്ത കുറെ അടയാളങ്ങൾ അവ അവശേഷിപ്പിച്ചിട്ടുമുണ്ട്. അതാണ് ഫാസിസത്തിന്റെ രീതി. അത് ചെയ്യാനുള്ളത് ചെയ്യുക തന്നെ ചെയ്യും. സുബോധത്തോടെ തന്നെ! സിൻഹയുടെ ചോദ്യം വെറുപ്പിന്റെ തത്വശാസ്തം തഴച്ചുവളരാനുള്ള പോഷകാംശങ്ങൾ വഹിക്കുന്നുണ്ട്. ആ ചോദ്യം ആണിയടിച്ചു വെയ്ക്കുന്ന ആരോപണങ്ങൾ ഫാസിസത്തിന്റെ എക്കാലത്തേക്കുമുള്ള കരുതലാണ്. മോഡിരാജ്യം പറഞ്ഞുറപ്പിക്കുന്ന അജണ്ടകൾ നോക്കൂ. 1.ഒരു വിദേശവനിതയെ ഇന്ത്യക്കാരൻ വിവാഹം ചെയ്തു. 2.അത് രണ്ടാംഭാര്യയാണ്. 3.വിദേശപെണ്ണിന്റെ സ്വാധീനത്തിൽ ലഭിക്കാനിടയുള്ളതാണ് നോബല്‍പ്രൈസ്. 4.സ്വാഭാവികരീതിയിൽ നോബൽസമ്മാനം ലഭിക്കാൻ അർഹതയുള്ളയാളല്ല അഭിജിത്ത്. അഭിജിത്തിന്റെ ഭാര്യ എസ്തർ ഡഫ്ളോ്കിന് നോബൽ കിട്ടിയതിൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് ടിയാന് ഇല്ല എന്നതും ശദ്ധിക്കുക. ചുരുക്കത്തിൽ സ്വദേശി, ദേശീയത, സദാചാരം തുടങ്ങിയ കാവിചേരുവകൾ മുഴുവൻ ഇരുചെവിയറിയാതെ സമൂഹത്തിലേക്ക് ഒഴുക്കിവിടുന്നു എന്നതാണ് ഈ ചോദ്യത്തിലെ മാന്ത്രികത. എന്ത് പണിയെടുത്തും ‘ദേശീയത’യെ ഒന്ന് മുഴുപ്പിച്ചുകിട്ടാനായി കാവി മുറുക്കിയുടുത്തിറങ്ങിയിട്ടുള്ള സംഘപരിവാരം മുഴുവൻ ഈ ചോദ്യവും അതിന്റെ ‘ഉത്തര’ങ്ങളും സമ്പൂർണമായും ഉപയോഗപ്പെടുത്തിയതിന് ശേഷമാണ് മോഡി-അഭിജിത്ത് കൂടിക്കാഴ്ച നടന്നത്. അതുകൊണ്ടാണ് ഇത് ചർച്ച ചെയ്യേണ്ടി വരുന്നത്. നിർമലാസീതാരാമൻ ചുവന്ന തുണിയിട്ട് മൂടി ബജറ്റ് നെഞ്ചോടു ചേർത്തുപിടിച്ച് രാജ്യസഭയിൽ വന്ന രംഗം മാധ്യമങ്ങൾ ചാകര പോലെ ‘പെറുക്കി’യെടുത്തത് നാം കണ്ടതാണ്. സ്വദേശി സ്നേഹം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയ സംഭവം. കൊളോണിയൽ, വിദേശി സ്വാധീനത്തിൽ നിന്ന് ചാടിക്കടക്കാനാണത്രെ നിർമലമായ ഈ വിപ്ളവപക്രിയ. സംഘപരിവാരം നിർമലയുടെ ‘സ്വദേശി’ഉൽപ്പന്നം കണ്ട് ദേശസ്നേഹംകൊണ്ട് വിജ്രംഭിച്ചു. അത് സൂപ്പർ വൈറലാക്കിയ ഒരു സംഘി പോലും ആലോചിച്ചില്ല, അവർ നൂറുവട്ടം ഉപയോഗിച്ച ബജറ്റ് എന്ന വാക്ക് ബുഗ്ഗറ്റ് എന്ന (Bud­get) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ഉണ്ടായത് എന്ന്. അത്രയേ ഉള്ളൂ ദേശസ്നേഹവും ദേശസ്നേഹികളുടെ വിവരവും. റിച്ചാർഡ് ഹോഫ്സ്റ്റാറ്റർ എന്ന അമേരിക്കക്കാരൻ 1963 മുതൽ ഇമ്മാതിരി വിവരക്കേടുകളെല്ലാം ചേർത്താണ് ആന്റി-ഇന്റലക്ച്വലിസം അഥവാ അബൗദ്ധികത അഥവാ വിവരമില്ലായ്മ എന്ന് വിളിച്ചുതുടങ്ങിയത്. ഭരണകൂടത്തിനും, സിൽബന്ധികൾക്കും ശാസ്ത്രം, ശാസ്ത്രജ്ഞർ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവരോടുള്ള കടുത്ത വെറുപ്പും അറപ്പുമാണ് ആന്റി-ഇന്റലക്ച്വലിസം. ലോകം മുഴുവൻ ആരാധിക്കുമ്പോഴും നോബൽ സമ്മാനാർഹർക്കെതിരെ അവർ പുലയാട്ട് നടത്തിക്കൊണ്ടിരിക്കും. ഫാസിസത്തിന്റെ നടത്തിപ്പുകാരുടെ ജൻമസ്വഭാവമാണത്.

നോബൽ സമ്മാനത്തിന്റെ തുടക്കംമുതൽ ഇന്ത്യൻ സംഘപരിവാർ ആന്റി ഇന്റലക്ച്വൽ സ്വഭാവം പുലർത്തിവന്നിട്ടുണ്ട് എന്നതാണ് ചരിത്രം. 1913ലാണ് ഇന്ത്യയിലേക്ക് ആദ്യമായി നോബൽസമ്മാനം എത്തുന്നത്. സാഹിത്യത്തിലൂടെ രവീന്ദനാഥടാഗോറാണ് നമുക്കത് നേടിത്തന്നത്. “ഞാൻ എന്റെ രാജ്യത്തെ സേവിക്കാൻ തയ്യാറാണ്, പക്ഷെ എന്റെ രാജ്യത്തേക്കാൾ എത്രയോ മുകളിലുള്ള ശരിയെയാണ് ഞാൻ കൂടുതൽ ആരാധിക്കുന്നത്” എന്ന് പറഞ്ഞ ടാഗോറിന് ഏതെങ്കിലും കാലത്ത് ഏതെങ്കിലും രീതിയിൽ സംഘപരിവാറിനൊപ്പം നിൽക്കാനാവുമോ? ഞാൻ ജീവിച്ചിരിക്കുവോളം സ്നേഹത്തിനു മേൽ ദേശസ്നേഹത്തെ കുടിയിരുത്താനനുവദിക്കുകയില്ല എന്നു പറഞ്ഞ ടാഗേറിനോട് 2017 ൽ സംഘപരിവാർ പകരംവീട്ടിയത് ഇംഗ്ളീഷ്, അറബിക്, ഉറുദു എന്ന വാക്കുകൾക്കൊപ്പം ആദ്യമായി ‘നോബലിസ്റ്റാ’യ ഇന്ത്യൻ മഹാകവിയേയും പാഠപുസ്തകത്തിൽനിന്ന് വെട്ടിക്കളയണം എന്ന നിർദേശം എൻസിആർടിക്ക് മുൻപിൽ വെച്ചുകൊണ്ടായിരുന്നു. 1930 ൽ നോബൽസമ്മാനം നേടിയ സി വി രാമനെ കാണാൻ കൽക്കത്തയിലെ ശീചൈതന്യഗൗഢമഠത്തിലെ ഒരു സന്യാസി ചെന്നു. സി വി രാമനെന്ന ഊർജതന്ത്രജ്ഞന് ആധ്യാത്മികപാഠം പറഞ്ഞുപഠിപ്പിച്ച സന്യാസിക്ക് രാമൻ നൽകിയ മറുപടി ‘അനുഭവങ്ങളിലും മനുഷ്യനിലുമാണ് എന്റെ വിശ്വാസ’മെന്നായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യ ആവശ്യപ്പെട്ടിട്ടുപോലും ദൈവത്തിനെ വിളിക്കാതിരുന്ന സി വി രാമനും ഈ ആന്റി ഇന്റലക്ച്വലുകളുടെ വെറുപ്പിന് പാത്രമായ ആളായിരുന്നു. 1968ൽ ജനിതകരംഗത്തെ സംഭാവനയ്ക്ക് നോബല്‍പ്രൈസ് കിട്ടിയ ഹർ ഗോവിന്ദ് ഖുരാന ഒരു മതവിശ്വാസിയായിരുന്നില്ല. വിവാഹം ചെയ്തത് സ്വിസ് വനിതയായ എസ്തർ സിബ്ലറെ. ജനിച്ച സ്ഥലമാകട്ടെ ഇന്നത്തെ പാകിസ്ഥാനിലും. ചുരുക്കത്തിൽ ആ നോബലിസ്റ്റും സംഘപരിവാറിന്റെ കണ്ണിൽ അപരനായി. 1983ൽ പപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ഗോളാന്തരീയ കണ്ടുപിടുത്തങ്ങൾക്ക് നോബൽസമ്മാനം നേടിയ എസ് ചന്ദ്രശേഖർ സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഉദ്ധരിച്ചത് ടാഗോറിനെയായിരുന്നു. ‘ചന്ദ്ര’യാവട്ടെ സാക്ഷാൽ സി വി രാമന്റെ അനന്തിരവനും. അന്നും സംഘപരിവാറിന്റെ വെറുപ്പ് രാഷ്ടീയത്തിന് സ്വന്തം പണി തന്നെ ചെയ്യേണ്ടിവന്നു. 1988ൽ സാമ്പത്തികശാസ്തത്തിന്പ്രൈസ് കിട്ടിയ അമർത്യാസെന്നിന്റെ ആർ എസ് എസ്/മോഡി/ബി ജെ പി ബന്ധം പറയേണ്ടല്ലോ. “സംസാരിക്കാൻ പോലും ഭയപ്പെടുന്ന രാജ്യത്ത് ജനാധിപത്യം അസാധ്യ”മെന്ന് അമർത്യാസെൻ പറഞ്ഞത് മോഡി ഭാരതത്തെക്കുറിച്ചാണ്. മോഡി സംഘത്തിന്റെ വിവരക്കേടുകളെ അടിക്കാൻ കിട്ടുന്ന സന്ദർഭങ്ങളൊന്നും, സെൻ പാഴാക്കാറുമില്ല. 2009ൽ കെമിസ്ട്രിയിൽ നോബൽ കിട്ടിയ ആളാണ് വെങ്കി എന്നറിയപ്പെടുന്ന വെങ്കിട്ടരാമകൃഷ്ണൻ. ഹൈദ്രരാബാദിൽവെച്ച് കപടശാസ്തജ്ഞർക്കെതിരെ ആഞ്ഞടിച്ച വെങ്കി ശാസ്ത്രവും മതവും ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ലെന്ന് അടിവരയിട്ടുപറഞ്ഞതോടെ ആന്റി ഇന്റലക്ച്വലുകളാരും അടുക്കാതെയായി എന്ന് പറയേണ്ടല്ലോ. 2014ൽ നോബൽസമ്മാനം കിട്ടിയ കൈലാഷ് സത്യാർത്ഥി ഈ പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് പറഞ്ഞത് ഒരിന്ത്യാക്കാരനും മറന്നിട്ടില്ല, മറക്കുകയുമില്ല. “ഗോഡ്സെ മഹാത്മാവിനെ കൊന്നു. മലേഗാവ് സ്ഫോടനക്കേസിലെ പതി പജ്ഞാഠാക്കൂർ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നു”. എന്നായിരുന്നു സത്യാർത്ഥിയുടെ ട്വീറ്റ്. ചുരുക്കത്തിൽ ഇന്ത്യയിൽ നോബൽ സമ്മാനം നേടിയ പൊതു-ബൗദ്ധികജീവിതം നയിക്കുന്ന മുഴുവൻപേരും എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ വെറുപ്പുരാഷ്ടീയത്തിൻറെ മറുവശത്താണ്. അഥവാ അറപ്പുരാഷ്ടീയത്തിന്റെ അപ്പോസ്തലൻമാർക്ക് എതിരായ പ്രബുദ്ധതയാണ് ഇന്ത്യൻ നോബലിസ്റ്റുകൾ നമുക്ക് നൽകുന്ന ചരിത്രം. അതിന്റെ അവസാനത്തെ കണ്ണിയും സ്വരവുമാണ് അഭിജിത്ത്. അഭിജിത്തിൻറെ സാമ്പത്തികകമങ്ങൾക്കുള്ള അടിക്കുറിപ്പല്ല ഈ കുറിപ്പ്, മറിച്ച് അതിനോട് എതിർപ്പുണ്ടായാലും ഇല്ലെങ്കിലും ബുദ്ധി അഥവാ ചിന്ത എന്ന ഒന്നുണ്ടായതിന്റെ പേരിൽ ഒരു രാജ്യത്തിന്റെ പൊതുമണ്ഡലം വില്‍ക്കപ്പെടുംവിധം അധിക്ഷേപിക്കപ്പെടുന്ന ഒരു വർഗത്തിന് നൽകുന്ന രാഷ്ടീയപിൻതുണയാണിത്. നോബൽസമ്മാനം സ്തീധനമായി കിട്ടുമോയെന്ന ചോദ്യങ്ങളുണ്ടാക്കുന്ന ഫാസിസ്റ്റ് വിവരക്കേടിനെ (Anti Intellectualism)ക്കുറിച്ചുള്ള ഒരു മുഖവുര മാത്രം.